ഓഡിയോ ലോഞ്ച് വരെ ഡബ്ബ് ചെയ്ത് ഇറക്കി ലെജന്‍ഡ് ശരവണന്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
Entertainment news
ഓഡിയോ ലോഞ്ച് വരെ ഡബ്ബ് ചെയ്ത് ഇറക്കി ലെജന്‍ഡ് ശരവണന്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st August 2022, 8:56 pm

വ്യവസായിയായ ശരവണന്‍ അരുള്‍ നായക വേഷത്തില്‍ എത്തുന്ന ലെജന്‍ഡ് ജൂലൈ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. അഞ്ച് ഭാഷകളിലായി വമ്പന്‍ റിലീസായി എത്തിയ ചിത്രത്തില്‍ വലിയ താര നിരയാണ് അണിനിരക്കുന്നത്.

സമ്മിശ്ര പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൂടാതെ സിനിമയുടെ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

സിനിമയുടെ ഓഡിയോ ലോഞ്ച് വമ്പന്‍ രീതിയിലായിരുന്നു നടന്നത്. തമിഴ് നാട്ടില്‍ നടന്ന ചടങ്ങിന്റെ മലയാളം ഡബ്ബ് ചെയ്ത വേര്‍ഷന്‍ പുറത്തുവിട്ടതാണ് ചര്‍ച്ചകളുടെ അടിസ്ഥാനം.

സിനിമകള്‍ ഡബ്ബ് ചെയ്ത് ഇറക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായിട്ടാണ് ഒരു ഓഡിയോ ലോഞ്ച് ഡബ്ബ് ചെയ്ത് കാണുന്നത് എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നത്. തിങ്ക് മ്യുസിക്ക് ഇന്ത്യ എന്ന യൂട്യുബ് ചാനലിലാണ് മലയാളം ഓഡിയോ ലോഞ്ച് റിലീസ് ചെയ്തിരിക്കുന്നത്.

വീഡിയോയുടെ കമന്റ് ബോക്‌സിലും ഈ കാര്യം നിരവധി പേര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും, ഹിന്ദിയിലുമൊക്കെ ഓഡിയോ ലോഞ്ച് ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്.

ജെ.ഡി-ജെറിയാണ് ‘ദി ലെജന്‍ഡ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ശരവണന്‍ ചിത്രത്തില്‍ എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയാണ് ഈ സിനിമ. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.

2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.


ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് പാട്ടുകളെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിര്‍മാണവും ശരവണന്‍ തന്നെയാണ്.  ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

Content Highlight : Legend movie audio launch dubbed in many lanuages social media says that its a rare thing its a discussion