| Sunday, 4th April 2021, 9:42 am

'അമ്മയാകാന്‍ നേരമായോ എന്ന് നീ ആദ്യം തീരുമാനിക്ക് പെണ്ണേ'; ഗര്‍ഭഛിദ്രം നിയമപരമായ അവകാശമാക്കിയ വനിത ശിശുവികസന വകുപ്പിന് അഭിനന്ദനപ്രവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാക്കിയ വനിതാ ശിശുവികസന വകുപ്പിന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു. ആരോഗ്യമേഖലയില്‍ നിന്ന് നിരവധി പേരാണ് സര്‍ക്കാരിന്റെ ഈ ഉത്തരവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്നാണ് വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം.

‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്’, വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കില്‍ എഴുതി.

സര്‍ക്കാരിന്റെ ഉത്തരവിനെ അഭിനന്ദിച്ച് ഡോക്ടര്‍ ഷിംന അസീസും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് മുന്‍പായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം എന്ന് തീരുമാനിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്നാണ് ഷിംന ഫേസ്ബുക്കിലെഴുതിയത്.

‘അഭിമാനകരം തന്നെ. ഒരു പക്ഷേ, സ്വന്തം ശരീരത്തിലെ ഗര്‍ഭപാത്രത്തിന് പോലും പവര്‍ ഓഫ് അറ്റോണി ഭര്‍തൃവീട്ടുകാര്‍ക്ക് എഴുതിക്കൊടുത്ത് ജീവിക്കേണ്ടി വരുന്നവള്‍ക്ക്, യാതൊരു താല്‍പര്യവുമില്ലാതെ ഒരു കുഞ്ഞിനെ പേറേണ്ടി വന്നവള്‍ക്ക്, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് തുടങ്ങി ഏറെ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണിത്,’ ഷിംന ഫേസ്ബുക്കിലെഴുതി.

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിവാഹത്തിന് മുന്‍പായാലും ശേഷമായാലും അമ്മയാകണോ വേണ്ടേ എന്ന് സ്ത്രീക്ക് തീരുമാനിക്കാം എന്ന് തീരുമാനിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അഭിമാനകരം തന്നെ. ഒരു പക്ഷേ, സ്വന്തം ശരീരത്തിലെ ഗര്‍ഭപാത്രത്തിന് പോലും പവര്‍ ഓഫ് അറ്റോണി ഭര്‍തൃവീട്ടുകാര്‍ക്ക് എഴുതിക്കൊടുത്ത് ജീവിക്കേണ്ടി വരുന്നവള്‍ക്ക്, യാതൊരു താല്‍പര്യവുമില്ലാതെ ഒരു കുഞ്ഞിനെ പേറേണ്ടി വന്നവള്‍ക്ക്, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് തുടങ്ങി ഏറെ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണിത്.

അപ്പോഴും, ”കല്യാണം കഴിക്കാത്തതെന്തേ? വിശേഷം ആയില്ലേ? ഒരു കുട്ടി മാത്രമായാല്‍ എങ്ങനെ ശരിയാകും? പ്രസവം നിര്‍ത്തേണ്ട, ഒരാണ്‍കുട്ടി വേണ്ടേ? പെണ്‍കുട്ടി ഇല്ലെങ്കില്‍ വയസ്സുകാലത്ത് ആര് വെള്ളമെടുത്ത് തരും? ജോലി കൂലീന്ന് പറഞ്ഞ് നടന്നാല്‍ മക്കളെ ആര് നോക്കും? തള്ളയെ പിരിഞ്ഞിരിക്കുന്ന കുട്ടിയുടെ ഒരു കഷ്ടകാലം…’ തുടങ്ങി കാക്കത്തൊള്ളായിരം ചോദ്യങ്ങളും തീരുമാനങ്ങളും എന്റെയും നിങ്ങളുടേയും ഗര്‍ഭപാത്രത്തെ ചുറ്റിപ്പറ്റി സകലജനവും ഉന്നയിക്കുന്നുണ്ട്.

ആഗ്രഹമില്ലാഞ്ഞിട്ടും വിവാഹത്തിന് തല വെക്കേണ്ടി വരുന്ന, മാനസികമായും ശാരീരികമായും തയ്യാറല്ലാത്തപ്പോഴും ‘അവന്റെ ഇഷ്ടം നടത്തിക്കൊടുക്കണം’ എന്ന് നേരിട്ടും അല്ലാതെയും സൂചിപ്പിക്കുന്ന, സഹിക്ക വയ്യാതെ ഇറങ്ങിപ്പോന്നാല്‍ ഒറ്റപ്പെടുത്തുന്ന സമൂഹത്തെ ഭേദിച്ചാണവള്‍ ഗര്‍ഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.

തീരുമാനമെടുക്കാനറിയാവുന്ന പെണ്ണുങ്ങളുടെ പ്രിവിലെജിന് ഈ നിയമം നൂറ് തവണ അനുയോജ്യമാണ്, അവരത് നേടിയെടുക്കുകയും ചെയ്യും. തീരുമാനമെടുക്കാനുള്ള കഴിവ് തല്ലിക്കെടുത്തി പൂട്ടി വെച്ച് മൂലക്കിട്ടിരിക്കുന്ന, വീടിന് പുറത്തിറങ്ങാന്‍ അനുവാദങ്ങളുടെ വേലിക്കെട്ടുകള്‍ ചാടിക്കടക്കേണ്ടവള്‍ അമ്മയാവണമെന്ന് സ്വയം തീരുമാനിക്കുന്നിടമെത്താന്‍ കാതമിനിയുമേറെ നടക്കണം.

ചിന്തിക്കാന്‍ തുടങ്ങുന്നിടത്ത്, വിവേകത്തോടെ ലോകത്തെ കാണാന്‍ തുടങ്ങുന്നിടത്ത്, പിടി വിട്ട് ഉയരങ്ങളിലേക്ക് പറന്ന് തുടങ്ങുന്നിടത്ത് ലോകം അവളോട് ശത്രുത കാണിച്ച് തുടങ്ങും.
അര്‍ഹതപ്പെട്ട മാറ്റങ്ങളും നിയമങ്ങളും ഇനിയുമിനിയും ഉണ്ടാകട്ടെ…
ഇതൊരു തുടക്കവുമാകട്ടെ…

അമ്മയാകാന്‍ നേരമായോ എന്ന് നീ തീരുമാനിക്ക് പെണ്ണേ… ഫീറ്റസ് ഫാക്ടറിയല്ല, നീയൊരു വ്യക്തിയാണ്.
അതാദ്യമറിയേണ്ടതും നീ തന്നെയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Legalising Abortion By Kerala Women Child Develeopment Board

We use cookies to give you the best possible experience. Learn more