[]ബംഗളുരു: ബലാല്‍സംഗം തടയാന്‍ വേശ്യാവൃത്തിയ്ക്ക് നിയമസാധുത നല്‍കണമെന്ന മുന്‍ കര്‍ണാടക മന്ത്രിയുടെ നിര്‍ദേശം ചര്‍ച്ചയാവുന്നു. സ്ത്രീ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ രൂപവത്കരിച്ച വിദഗ്ധ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന രീതിയിലാണ് മുന്‍ മന്ത്രി എം.സി നാനായി ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ബുധനാഴ്ച നടന്ന കമ്മിറ്റിയുടെ ആദ്യ മീറ്റിങ്ങിലാണ് നാനായി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. രാജ്യത്ത് വേശ്യാവൃത്തി നിയമപരമാക്കണമെന്ന ആവശ്യം എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യണം. ആചാരങ്ങളും യാഥാര്‍ത്ഥ്യവും ഒരേപോലെ മനസില്‍ വെച്ചുകൊണ്ട് വേശ്യാവൃത്തി നിയമപരമാക്കണമെന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
” തങ്ങളുടെ തൊഴിലിന് ഒരു തൊഴിലെന്ന പരിഗണന നല്‍കണമെന്ന് ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ തങ്ങളുടെ തൊഴിലിനെ നിയമവിധേയമാക്കുകയാണെങ്കില്‍ നിയമപരിധിക്കുളില്‍ നിന്നുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്.” നാനായി പറഞ്ഞു.
പ്രശസ്ത എഴുത്തുകാരായ നിസാര്‍ അഹമ്മദും, മാതേ മഹാദേവിയും വേശ്യാവൃത്തിയെ നിയമവിധേയമാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതുകൊണ്ട് ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും നാനായി അഭിപ്രായപ്പെട്ടു.
ബലാല്‍സംഗം തടയാന്‍ കേന്ദ്രത്തിന്റെ ശക്തമായ നിയമം ആവശ്യമാണ്. ഇക്കാര്യം കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാനായിയുടെ അഭിപ്രായത്തോട് യോജിച്ച് സാമൂഹ്യക്ഷേമ മന്ത്രി എച്ച് ആഞ്ജനേയയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം സര്‍ക്കാര്‍ വേശ്യാവൃത്തിയെ നിയമവിധേയമാക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് അഞ്ജനേയ ചൂണ്ടിക്കാട്ടി.
” ഒരു മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം തുറന്ന് പറയാനാവില്ല. എന്നാല്‍ എഴുത്തുകാരായ നിസാര്‍ അഹമ്മദും മാതേ മഹാദേവിയും സംസ്ഥാന സര്‍ക്കാരിനോട് വേശ്യാവൃത്തി നിയമവിധേയമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.