ഒട്ടകപക്ഷിയെപ്പോലെ തല മറച്ചുവെക്കാനാകില്ല, രാജ്യത്തെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്കും ശക്തര്‍ക്കും വേണ്ടി; സാധാരണക്കാരനു വേണ്ടി ഉയരുന്ന ശബ്ദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദീപക് ഗുപ്ത
national news
ഒട്ടകപക്ഷിയെപ്പോലെ തല മറച്ചുവെക്കാനാകില്ല, രാജ്യത്തെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്കും ശക്തര്‍ക്കും വേണ്ടി; സാധാരണക്കാരനു വേണ്ടി ഉയരുന്ന ശബ്ദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദീപക് ഗുപ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th May 2020, 8:49 am

ന്യൂദല്‍ഹി: രാജ്യത്തെ നിയമവ്യവസ്ഥ സമ്പന്നര്‍ക്കും ശക്തര്‍ക്കും അനുകൂലമായി മാറിയിരിക്കുകയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ബുധനാഴ്ച തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു ജസ്റ്റിസ് മിശ്രയയുടെ പ്രതികരണം. ജഡ്ജിമാര്‍ക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തല മറയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ ജുഡീഷ്യറിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും വേണെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ
വിടവാങ്ങല്‍ നടന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിയുടെ വിടവാങ്ങള്‍ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തുന്നത്.

പാവപ്പെട്ട കക്ഷികളുടെ കേസുകള്‍ മന്ദഗതിയില്‍ മാത്രം നടക്കുമ്പോള്‍ സമ്പന്നര്‍ക്കുവേണ്ടി അതിവേഗത്തിലാണ് നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ നിയമങ്ങളും നിയമവ്യവസ്ഥയും സമ്പന്നര്‍ക്കും ശക്തര്‍ക്കും അനുകൂലമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ധനികനും ശക്തനുമായ ആരെങ്കിലുമാണ് ബാറുകള്‍ക്ക് പിന്നിലെങ്കില്‍, തന്റെ വിചാരണ ആയിരിക്കണം വേഗത്തില്‍ നടക്കേണ്ടതെന്ന ഒരു ഉത്തരവ് ലഭിക്കുന്നതുവരെ അവര്‍ വീണ്ടും വീണ്ടും ഉന്നത കോടതികളെ സമീപിക്കും. പാവപ്പെട്ട ഹരജിക്കാരന്റെ ചെലവില്‍ ഇത് നടക്കുന്നു. വിചാരണ കൂടുതല്‍ വൈകുന്നത് കാരണം അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന് ജുഡീഷ്യറിയില്‍ വലിയ വിശ്വാസമുണ്ട്. നമ്മളത് വീണ്ടും വീണ്ടും പറയുന്നു, അതേസമയം, ഒട്ടകപ്പക്ഷിയെപ്പോലെ തല മറച്ചുവെക്കാനും ജുഡീഷ്യറിക്ക് ഒന്നും സംഭവിക്കുന്നില്ലെന്ന് പറയാനും കഴിയില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അത് സ്വയം കൈകാര്യം ചെയ്യുകയും വേണം,” അദ്ദേഹം പറഞ്ഞു.

സാധാരണക്കാരില്‍ സാധാരണക്കാരുടെ ഭരണഘടനാ അവകാശങ്ങളാണ് എപ്പോഴും ലംഘിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

”പ്രതിസന്ധിഘട്ടങ്ങളില്‍, പ്രത്യേകിച്ച് ഇതേപോലുള്ള പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ എന്റെയോ നിങ്ങളുടേയോ ഭരണഘടനാ അവകാശങ്ങളല്ല ലംഘിക്കപ്പെട്ടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരുടെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. ശബ്ദമില്ലാത്ത ആ മനുഷ്യര്‍ തന്നെയാണ് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ആരെങ്കിലും ശബ്ദം ഉയര്‍ത്തുന്നുണ്ടെങ്കില്‍ കോടതികള്‍ അത് കേള്‍ക്കാന്‍ ക്ഷമ കാണിക്കണം എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് എന്തെങ്കിലും ഒന്ന് ചെയ്യാന്‍ കഴിയുമെങ്കില്‍ ദയവ് ചെയ്ത് അത് ചെയ്യണം,”
അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.