ഹൈദരാബാദ്: യാത്രക്കാരെ തടഞ്ഞുനിര്‍ത്തി വാട്‌സാപ്പ് പരിശോധിച്ച സംഭവത്തില്‍ ഹൈദരാബാദ് പൊലീസിന് ലീഗല്‍ നോട്ടീസ്.
പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അനധികൃത മൊബൈല്‍ ഫോണ്‍ പരിശോധന ഉടന്‍ അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് ആക്ട് പ്രകാരം അച്ചടക്കനടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹെദരാബാദ് പൊലീസ് കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
സാധാരണ പൗരന്മാരെ തടയാനും അവരുടെ ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാനും ഉള്ളടക്കം പരിശോധിക്കാനും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സി.ആര്‍.പി.സി) പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് ലീഗല്‍ നോട്ടീസില്‍ പറയുന്നു. ശ്രീനിവാസ് കോടാലി എന്ന വ്യക്തിയാണ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചത്.
ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ കഞ്ചാവിന്റെ ഉപയോഗമോ നടത്താന്‍ അനുവദിക്കരുതെന്ന കമ്മീഷണര്‍ ഓഫീസിന്റെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങിയുള്ള പരിശോധന പൊലീസ് ആരംഭിച്ചത്.
യാത്രക്കാരുടെ ഫോണ്‍ വാങ്ങിയ ശേഷം സേര്‍ച്ച് ബോക്സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഇതിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.