| Tuesday, 6th February 2024, 9:05 pm

'വ്യോമസേനയുടെ അന്തസ്സ് വ്രണപ്പെടുത്തുന്നു' ഫൈറ്റര്‍ സിനിമയിലെ ചുംബനരംഗത്തിനെതിരെ വക്കീല്‍ നോട്ടീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃതിക് റോഷനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയാണ് ഫൈറ്റര്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കഥ പറഞ്ഞ ചിത്രം ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ സിനിമ എന്ന വിശേഷണത്തോടെയാണ് റിലീസായത്. ഷംഷേര്‍ പഠാനിയ എന്ന ഫൈറ്റര്‍ പൈലറ്റായിട്ടാണ് ഹൃതിക് ഈ സിനിമയില്‍ എത്തിയത്. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക.

ഇപ്പോഴിതാ, ചിത്രത്തിലെ ചുംബനരംഗത്തിനെതിരെ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. സിനിമയുടെ ക്ലൈമാക്‌സില്‍ ഹൃതികും ദീപികയും മിലിട്ടറി യൂണിഫോമില്‍ ചുംബിക്കുന്നത് എയര്‍ ഫോഴ്‌സിന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് അസമിലെ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സൗമ്യ ദീപ് ദാസ് വക്കീല്‍ നോട്ടീസ് അയച്ചത്.

നേരത്തെ, ഫൈറ്റര്‍ സിനിമ പരാജയപ്പെടാന്‍ കാരണം 90 ശതമാനം ഇന്ത്യക്കാരും ഫ്‌ളൈറ്റില്‍ കയറാത്തതുകൊണ്ടാണെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസിന്റെ പ്രശ്‌നവും വന്നത്. ജനുവരി 25ന് റിലീസായ ചിത്രം 12 ദിവസം കൊണ്ട് 350കോടി രൂപ കളക്ട് ചെയ്തുകഴിഞ്ഞു. 200 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

വയാകോം 18 സ്റ്റുഡിയോസ്, മാര്‍ഫ്‌ലിക്‌സ് പിക്‌ചേര്‍സ് എന്നിവയുടെ ബാനറില്‍ മമ്താ ആനന്ദ്, അജിത് അന്ധാരെ, റാമൊണ്‍ ചിബ്, അങ്കു പാണ്ഡെ എന്നിവരാണ് ഫൈറ്റര്‍ നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Legal notice against the kissing scene in Fighter movie

Latest Stories

We use cookies to give you the best possible experience. Learn more