മഞ്ചേരി: ഗായിക റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്. തുവ്വൂര്‍ സ്വദേശിനി വിലാസിനിയാണ് റിമിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പൊതുജനമധ്യത്തില്‍ സരിതാ നായരുമായി താരതമ്യപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി പതിനഞ്ചു ദിവസത്തിനുള്ളില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരസ്യമായി ഖേദപ്രകടനം നടത്തണമെന്നുമാണ് ആവശ്യം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
ജനുവരി 12ന് നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നത്. ഗാനമേള കാണാന്‍ വന്ന വിലാസിനിയെ റിമി വേദിയിലേക്കു വിളിച്ച് നിലമ്പൂരിന്റെ സരിതാ നായര്‍ എന്നു പരിചയപ്പെടുത്തുകയും പരിചയമില്ലാത്ത ആളോടൊപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് ആരോപണം.
റിമിയുടെ പ്രവൃത്തികള്‍ തനിക്ക് മാനസിക പീഡനമുണ്ടാക്കിയതായും ആളുകള്‍ ഇതുപറഞ്ഞ് തന്നെ അപമാനിക്കുന്നതായും വിലാസിനി നോട്ടീസില്‍ പറയുന്നു.
നിലമ്പൂരില്‍ നടന്ന ഗാനമേളയും റിമി ടോമിയുമായി ചുറ്റിപ്പറ്റിയുണ്ടായ സംഭവങ്ങളും സോഷ്യല്‍ മീഡികളിലും മറ്റും സോഷ്യല്‍ മീഡിയകളില്‍ വന്‍ വിവാദമായിരുന്നു. പരിപാടിയ്ക്കിടെ റിമി അന്ധയായ പെണ്‍കുട്ടിയെ പാടാന്‍ അനുവദിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ റിമി നിഷേധിച്ചിരുന്നു. വിവാദങ്ങളുണ്ടാക്കുന്നത് സംഘാടകര്‍ തന്നെയാണെന്നും പ്രതിഫലം നേരത്തെ നല്‍കണമെന്ന് ആവശ്യപ്പെട്ടതിലും ലൈവ് ടെലികാസ്റ്റിംഗിന് അനുമതി നല്‍കാതിരുന്നതിലുമുള്ള സംഘാകര്‍ക്കുള്ള ദേഷ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമാണ് റിമി പറഞ്ഞത്.
വിലാസിനിയുടെ വിഷയത്തില്‍ അവര്‍ക്ക് സരിത നായരുടെ രൂപം ഉണ്ടല്ലോ എന്നാണ് താന്‍ പറഞ്ഞതെന്നാണ് റിമി പറഞ്ഞത്. സരിത നായരെ മോശം സ്ത്രീയായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് മൈക്കിലൂടെ തന്നെ വിശദീകരിക്കുകയും ചെയ്തതാണെന്നും റിമി പറഞ്ഞിരുന്നു.