| Thursday, 18th June 2020, 6:37 pm

'ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു'; ആജ്തക് അവതാരകയ്‌ക്കെതിരെ മലപ്പുറത്ത് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നം അവതരിപ്പിച്ച ആജ്തക് ചാനലിലെ അവതാരകയ്‌ക്കെതിരെ മലപ്പുറത്ത് പരാതി. ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യത്തിന്‍രെ വീഴ്ചയാണെന്ന അവകതാരക ശ്വേത സിങിന്റെ പരാമര്‍ശത്തിലാണ് പരാതി. പരാമര്‍ശം സൈന്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ.പി നൗഷാദ് അലിയാണ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയത്.

സംഭവം കേന്ദ്രത്തിന്റെ വീഴ്ചയല്ലെന്നും സൈന്യത്തിന്റെ പിടിപ്പുകേടാണെന്നുമായിരുന്നു ശ്വേത പറഞ്ഞത്. ചൈനീസ് സൈന്യം അതിര്‍ത്തി കയ്യേറിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ഉറങ്ങുകയായിരുന്നോ എന്നും അവര്‍ ചോദിച്ചു. അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കേണ്ടതും പട്രോളിങ് നടത്തേണ്ടതും സൈന്യത്തിന്റെ ഉത്തരവാദിത്വമാണ്. അതില്‍ സംഭവിച്ച വീഴ്ചയ്ക്ക് മറുപടി പറയേണ്ടത് കേന്ദ്രമല്ല, മറിച്ച് സൈന്യമാണെന്നും ശ്വേത പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വലിയ വിമര്‍ശമാണ് ഉയരുന്നത്.

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.

സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more