| Wednesday, 2nd November 2016, 9:40 pm

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ ബില്ലുമായി ആം ആദ്മി പാര്‍ട്ടി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആപ്പിന്റെ പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള എം.പിയായ ധരംവീര്‍ ഗാന്ധിയാണ് കഞ്ചാവിനായി ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.


ന്യൂദല്‍ഹി: രാജ്യത്ത് കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി എം.പി.

ആപ്പിന്റെ പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള എം.പിയായ ധരംവീര്‍ ഗാന്ധിയാണ് കഞ്ചാവിനായി ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. നവംബര്‍ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വകാര്യ ബില്ലായി ഇതവതരിപ്പിക്കാനാണ് ധരംവീറിന്റെ നീക്കം.

ധരംവീര്‍ സിങ്ങിന് ബി.ജെ.പി എം.പിയും നടനുമായ വിനോദ് ഖന്ന, ഒഡീഷ ബി.ജെ.പി എം.പി തഥ്ഗതാ സത്പതി എന്നിവരടക്കമുള്ള ചില എം.പിമാരുടെ പിന്തുണയും ഉണ്ട്.

ചെറിയ തോതില്‍ ലഹരി നല്‍കുന്ന വസ്തുക്കള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് മര്യാദ കെട്ട ജീവിതത്തിനോ കുറ്റകൃത്യത്തിനോ കാരണമാകുന്നില്ല.  സാധാരണക്കാര്‍ പിരിമുറുക്കം കുറയ്ക്കുന്നതിനും അല്‍പം ഉല്ലാസത്തിനും വേണ്ടി മാത്രമാണ് ഇതൊക്കെ ഉപയോഗിക്കുന്നതെന്നും ധരം വീര്‍ പറഞ്ഞു.

കഞ്ചാവിന്റെ ഉപയോഗം, കൈവശം വെക്കല്‍, വില്‍പന, കൃഷി ഇറക്കുമതി കയറ്റുമതി എന്നിവയടക്കമുള്ള എല്ലാ കാര്യങ്ങളും നിയമപരമാക്കണമെന്നാണ് ധരംവീറിന്റെ ബില്ലിലെ ആവശ്യം.

രാജ്യത്തെ നിലവിലെ നിയമം മയക്കുമരുന്ന് മാഫിയയുടെ വളര്‍ച്ചയ്ക്കും കൊക്കെയ്‌നും ഹെറോയ്‌നും പോലെ കൂടുതല്‍ ദോഷകരമായ മയക്കു മരുന്നുകളുടെ വ്യാപനം വര്‍ദ്ധിക്കുന്നതിനും മാത്രം സഹായിക്കുന്നതാണെന്നും ധരംവീര്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more