|

സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താതെ രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പു കമ്മീഷനെ 'പറ്റിച്ചതിങ്ങനെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖരന് സ്വത്തുവിവരങ്ങള്‍ മറച്ചുവെക്കാന്‍ സഹായകരമായി ജനപ്രാതിനിധ്യ നിയമത്തില്‍ പഴുതുകള്‍. രാജീവ് ചന്ദ്രശേഖരന്‍ അദ്ദേഹത്തിന്റെ കമ്പനികള്‍ രൂപീകരിച്ച രീതിയാണ് നിയമത്തെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ അവരുടെയും ആശ്രിതരുടെയും സ്വത്തുവിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ വെളിപ്പെടുത്തണമെന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമം പറയുന്നത്. അതുപ്രകാരം ചന്ദ്രശേഖര്‍ അദ്ദേഹത്തിന് ഷെയറുള്ള കമ്പനികളുടെ പേര് വെളിപ്പെടുത്തണം. എന്നാല്‍ ഈ കമ്പനികളുടെ സബ്‌സിഡിയറികളുടെ കാര്യം പറയേണ്ടതുണ്ടോയെന്നത് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ പഴുതാണ് ചന്ദ്രശേഖരന് ഏഷ്യാനെറ്റ്, റിപ്പബ്ലിക് ടി.വി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ മാതൃ കമ്പനിയായ, വര്‍ഷം 7100 കോടിയുടെ വരുമാനം കൈകാര്യം ചെയ്യുന്ന ജൂപ്പിറ്റര്‍ കാപ്പിറ്റലിന്റെ വിവരങ്ങള്‍ മറച്ചുവെക്കാന്‍ സഹായകരമാകുന്നത്.

രാജ്യസഭയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ 2018 മാര്‍ച്ച് 12ന് രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ രേഖപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന് 28 കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്നും കുടുംബത്തിന് 65 കോടി മൂല്യമുള്ള സ്വത്തുവകകളുണ്ടെന്നുമാണ് അവകാശപ്പെട്ടത്.

കൂടാതെ ആറ് കമ്പനികളില്‍ തനിക്ക് ഇക്വിറ്റി ഷെയറുണ്ടെന്നും ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. വെക്ട്ര കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസ്, എസ്.പി.എല്‍ ഇന്‍പോടെക് പി.ടി.ഇ, ജൂപ്പിറ്റര്‍ ഗ്ലോബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മിന്‍സ്‌ക് ഡെവലപ്പേഴ്‌സ്, ആര്‍.സി സ്റ്റോക്ക് ആന്റ് സെക്യൂരിറ്റീസ്, സാന്‍ഗ്വിന്‍ ന്യൂ മീഡിയ എന്നിവയായിരുന്നു ഇവ.

എന്നാല്‍ ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കമ്പനിയായ ജൂപ്പിറ്റര്‍ കാപ്പിറ്റലിന്റെ പേര് സത്യവാങ്മൂലത്തിലില്ലായിരുന്നു. 2005ലാണ് ചന്ദ്രശേഖര്‍ ഈ കമ്പനി രൂപീകരിക്കുന്നത്. ആദ്യ വര്‍ഷം തന്നെ ഈ കമ്പനിക്ക് നാല് ശാഖകളുണ്ടായി. 15.08 കോടി വരുമാനവും ലഭിച്ചു. അതിനുശേഷം ഈ കമ്പനി കുത്തനെ വളര്‍ന്നു.

2018ല്‍ കമ്പനി കോര്‍പ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത് അവര്‍ക്ക് 58 സബ്‌സിഡിയറികളുണ്ടെന്നാണ്. അതില്‍ സുവര്‍ണ ന്യൂസ്, ഏഷ്യാനെറ്റ്, റിപ്പബ്ലിക്, ഇന്റിഗോ 91.9 എഫ്.എം തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടും. 71,00 കോടിയുടെ വരുമാനമാണ് ഈ കമ്പനി കൈകാര്യം ചെയ്യുന്നതെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. കൂടാതെ 2018ല്‍ 1026 കോടി വരുമാനമുണ്ടാക്കിയതായും പറയുന്നു.

ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പരാമര്‍ശിച്ച കമ്പനികള്‍ വളരെ ചെറുതാണ്. അതില്‍ വെക്ട്ര കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് റിപ്പോര്‍ട്ടു ചെയ്ത വാര്‍ഷിക വരുമാനം 5.07 ലക്ഷം മാത്രമാണ്. മറ്റു കമ്പനികളുടേതാകട്ടെ പൂജ്യവും.

എന്തുകൊണ്ട് ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെട്ടില്ലയെന്ന് പരിശോധിച്ചാല്‍ അതിന്റെ കാരണം ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ കമ്പനികള്‍ രൂപം ചെയ്ത രീതിയാണ്.

സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച ആറ് കമ്പനികളില്‍ സാഗ്വിന്‍ ന്യൂ മീഡിയയില്‍ അദ്ദേഹത്തിന് വെറും 1.25% ഷെയര്‍ മാത്രമേയുള്ളൂ. അതിന്റെ ഭൂരിപക്ഷ ഷെയറും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയുടെയും മകന്റെയും പേരിലാണ്. എസ്.പി.എല്‍ ഇന്‍ഫോടെക് സിംഗപ്പൂരിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഷെയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ല.

മറ്റ് നാല് കമ്പനികളും ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലാണ്. വെക്ട്ര കണ്‍സല്‍ട്ടന്‍സിയുടെ 99.97%വും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. .03% അമ്മയുടെയും ഭാര്യയുടെയും പേരിലാണ്. അതായത് കമ്പി പൂര്‍ണമായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.

ജൂപ്പിറ്റര്‍ ഗ്ലോബര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്മേല്‍ 50.69% ഷെയറാണ് രാജീവ് ചന്ദ്രശേഖറിന് നേരിട്ടുള്ളത്. 37.43% ഷെയര്‍ വെക്ട്ര കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് വഴിയുമുണ്ട്.

ശേഷിക്കുന്ന 11.38% ശതമാനം കുഞ്ചെ വെങ്കിട്ടരാമ ഗൗഡയുടെ കയ്യിലാണ്. ചന്ദ്രശേഖറിന്റെ മറ്റു കമ്പനികളിലും ഇദ്ദേഹത്തിന് ചെറിയ ഷെയറുണ്ട്.

മിന്‍സ്‌കിനും സമാനമായ ഘടനയാണ്. ചന്ദ്രശേഖറിന് നേരിട്ട് 62.84% ഷെയറും വെക്ട്ര കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് വഴി 37.04%വും ശേഷിക്കുന്ന .13% ഗൗഡയുടെ പേരിലുമാണ്.

ജൂപ്പിറ്റര്‍ കാപ്പിറ്റലിന്റെ 99.92%വും മേല്‍പ്പറഞ്ഞ മൂന്ന് കമ്പനികളുടെയും പേരിലാണ്. ശേഷിക്കുന്ന .08% ഗൗഡയുടെ പേരിലും. അതായത് ചന്ദ്രശേഖറിനും ജൂപ്പിറ്റര്‍ കാപ്പിറ്റലിനും ഇടയിലുള്ള ലെയറായാണ് ഈ മൂന്ന് കമ്പനികളും പ്രവര്‍ത്തിക്കുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട് : സ്ക്രോള്‍.ഇന്‍