സെക്‌സില്‍ ഏര്‍പ്പെടാനുള്ള പ്രായം കുറയ്‌ക്കേണ്ടത് കേന്ദ്രം; ചിന്തിക്കേണ്ടത് പാര്‍ലമെന്റ്: മുംബൈ ഹൈക്കോടതി
national news
സെക്‌സില്‍ ഏര്‍പ്പെടാനുള്ള പ്രായം കുറയ്‌ക്കേണ്ടത് കേന്ദ്രം; ചിന്തിക്കേണ്ടത് പാര്‍ലമെന്റ്: മുംബൈ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th July 2023, 7:24 pm

മുംബൈ: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി. പല രാജ്യങ്ങളും പ്രായം കുറച്ചെന്നും ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ നമ്മുടെ രാജ്യവും പാര്‍ലമെന്റും അറിയേണ്ട സമയമാണിതെന്നും ഹൈക്കോടതി പറഞ്ഞു.

പോക്സോ നിയമ പ്രകാരമുള്ള ക്രിമിനല്‍ കേസുകള്‍ വര്‍ധിച്ച് വരുന്നുണ്ടെന്നും പലപ്പോഴും ഈ കേസുകളില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് ഉണ്ടാകുന്നതെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് വിലയിരുത്തി.

കൗമാരപ്രായക്കാരുടെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവകാശവും, അനാവശ്യ ലൈംഗിക ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശവും അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ ലൈംഗികത പൂര്‍ണമായി മാനിക്കപ്പെടുന്നതായി കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

2019 ഫെബ്രുവരിയില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് പ്രത്യേക കോടതി ശിക്ഷിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് 25കാരനായ യുവാവ് നല്‍കിയ അപ്പീലിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തങ്ങള്‍ പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് യുവാവും പെണ്‍കുട്ടിയും അവകാശപ്പെട്ടിരുന്നു. മുസ്‌ലിം നിയമമനുസരിച്ച് തന്നെ മേജറായാണ് പരിഗണിക്കുന്നതെന്നും അതിനാല്‍ കുറ്റാരോപിതനായ യുവാവിനൊപ്പം നിക്കാഹ് നടത്തിയെന്നും പെണ്‍കുട്ടി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച വാദത്തില്‍ പറയുന്നു.

കോടതി ശിക്ഷാ ഉത്തരവ് റദ്ദാക്കുകയും യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ലൈംഗികത വിവാഹത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സമൂഹവും നീതിന്യായ വ്യവസ്ഥയും ഈ സുപ്രധാന വശം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

‘കാലാകാലങ്ങളില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം വര്‍ധിക്കുകയുണ്ടായി. 1940 മുതല്‍ 2012 വരെ 16 വയസ് മുതലായിരുന്നു അനുവദനീയമായ പ്രായം. പോക്‌സോ നിയമം മൂലം അത് 18 വയസായി ഉയര്‍ത്തി.

ഒരുപക്ഷേ ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന പ്രായങ്ങളില്‍ ഒന്നായിരിക്കാമിത്. ഭൂരിഭാഗം രാജ്യങ്ങളും ഉഭയസമ്മതത്തിനുളള പ്രായം 14 മുതല്‍ 16 വയസ് വരെയാണ്.

ജര്‍മ്മനി, പോര്‍ച്ചുഗല്‍ മുതലായ രാജ്യങ്ങളില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 14 വയസാണ്. ലണ്ടനില്‍ അത് 16ഉം ജപ്പാനില്‍ 13ഉം ആണ്.

പോക്സോ നിയമം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനാണ് ഉദ്ദേശിച്ചുള്ളതാണെങ്കിലും, സമ്മതത്തോടെയുള്ള കൗമാര പ്രായക്കാരുടെ ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്നതിലേക്ക് ഇത് തീര്‍ച്ചയായും കലാശിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കേണ്ടത് പാര്‍ലമെന്റാണ്,’ ഹൈക്കോടതി പറഞ്ഞു.

 

Content Highlights: legal age to sex in india, order of mumbai high court