| Monday, 7th April 2025, 11:26 pm

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. വെള്ളാപ്പള്ളി ഏത് വിഭാഗത്തെയാണ് അധിക്ഷേപിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അതിനാല്‍ കേസ് എടുക്കാനാവില്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. എട്ട് പരാതികള്‍ കിട്ടിയ എടക്കര പൊലീസാണ് നിയമോപദേശം തേടിയത്.

ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്നും മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് സമുദായ അംഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും വെള്ളപ്പാള്ളി പറഞ്ഞു. സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവര്‍ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സംസ്ഥാനത്തുടനീളം ഈ പ്രതിസന്ധിയുണ്ടെന്നും മലപ്പുറത്ത് അത് അധികമാണെന്നും എന്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഈഴവര്‍ക്ക് രാഷ്ട്രീയ-വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മലപ്പുറത്തെ പ്രത്യേക രാജ്യമായാണ് കാണുന്നതെന്നും അതിനനുസരിച്ചാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നും പറയുകയുണ്ടായി.

പരാമര്‍ശം വിവാദമായതോടെ താന്‍ മുസ്‌ലിം വിരോധിയല്ലെന്നും സമുദായത്തിന്റെ ദുരവസ്ഥയാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ വിശദീകരണം നല്‍കിയിരുന്നു.

Content Highlight: Legal advice to police: No case can be filed over Vellappally  Natesan’s Malappuram remarks

We use cookies to give you the best possible experience. Learn more