|

കൊളംബിയയില്‍ ഇനി ഇടതുപക്ഷ പ്രസിഡന്റ്; വൈസ് പ്രസിഡന്റായി കറുത്തവര്‍ഗക്കാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട: സൗത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ആദ്യമായി ഒരു ഇടതുപക്ഷ നേതാവ് പ്രസിഡന്റായി അധികാരമേല്‍ക്കും. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഇടത് നേതാവ് ഗുസ്റ്റാവോ പെട്രോ പ്രസിഡന്റായി അധികാരമേല്‍ക്കാനൊരുങ്ങുന്നത്.

മുന്‍ വിമത ഗൊറില്ല നേതാവ് കൂടിയായ 62കാരനായ പെട്രോ 50.5 ശതമാനം വോട്ടുകള്‍ നേടിയാണ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോടയിലെ മേയര്‍ കൂടിയായിരുന്നു നിലവില്‍ സെനറ്ററായ ഗുസ്റ്റാവോ പെട്രോ.

”ഇത് ദൈവത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള വിജയമാണ്. വരൂ, നമുക്ക് ഈ ജനകീയ വിജയം ആഘോഷിക്കാം.

ഇത്രയും നാളത്തെ പോരാട്ടവും സഹനങ്ങളും ഈ വിജയത്തില്‍ മറക്കപ്പെടട്ടെ,” വിജയത്തിന് പിന്നാലെ ഞായറാഴ്ച രാത്രി ഗുസ്റ്റാവോ പെട്രോ ട്വീറ്റ് ചെയ്തു.

വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ റൊഡോള്‍ഫോ ഹെര്‍ണാണ്ടസിനെയാണ് ഗുസ്റ്റാവോ പെട്രോ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

കൊളംബിയയുടെ ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കാനും ഒരുങ്ങുകയാണ്. ആഫ്രോ- കൊളംബിയന്‍ വംശജയായ ഫ്രാന്‍സിയ മാര്‍ക്ക്വേസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

40കാരിയായ ഫ്രാന്‍സിയ മാര്‍ക്ക്വേസ് പരിസ്ഥിതി ആക്ടിവിസ്റ്റ് കൂടിയാണ്.

നേരത്തെ, 2010ലും 2018ലും നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടയാളാണ് M- 19 ഗൊറില്ല മൂവ്‌മെന്റിന്റെ ഭാഗമായിരുന്ന ഗുസ്റ്റാവോ പെട്രോ.

അനീതിക്കെതിരെ പോരാടും, എല്ലാവര്‍ക്കും സൗജന്യ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം സാധ്യമാക്കും, പെന്‍ഷനുകള്‍ നവീകരിക്കും, ഉപയോഗിക്കപ്പെടാത്ത ഭൂമികള്‍ക്ക് നികുതി വര്‍ധിപ്പിക്കും എന്നിവയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമയത്ത് പെട്രോ നല്‍കിയ വാഗ്ദാനങ്ങള്‍.

Content Highlight: Leftist ex-rebel Gustavo Petro wins Colombia’s presidential election, Francia Márquez  will become the first Black vice president

Video Stories