ക്വിറ്റോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി ലൂയിസ ഗോണ്‍സാലസിന് 43.9 ശതമാനം വോട്ടുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. നിലവിലെ പ്രസിഡന്റും വലതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ നോബോവക്ക് 44.2 ശതമാനം വോട്ടുകളും ലഭിച്ചു. ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ ഏപ്രിലില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും.
വലതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അനായാസ വിജയമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കൊണ്ടാണ് ഇക്വഡോറില്‍ ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായിരിക്കുന്നത്. ഇക്വഡോറിലെ ഇടതുപക്ഷ പാര്‍ട്ടിയായ സിറ്റിസണ്‍ റവല്യൂഷന്‍ മൂവ്‌മെന്റിന്റെ സ്ഥാനാര്‍ത്ഥിയാണ് ലൂയിസ ഗോണ്‍സാലസ്.
അഭിഭാഷകയായ ലൂയിസ ഗോണ്‍സാലസ് ഇക്വഡോള്‍ ദേശീയ അസംബ്ലി അംഗം കൂടിണ്. 2023ലെ പ്രസിഡന്റ് തെരഞ്ഞെപ്പിലും അവര്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2017ലെ റാഫേല്‍ കൊറിയ സര്‍ക്കാറിന്‍ പൊതു ഭരണ സെക്രട്ടറിയായി ഏതാനും മാസങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ലൂയിസ ഗോണ്‍സാലസ്.
ഇക്വഡോറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വിജയിക്കണമെങ്കില്‍ 50 ശതമാനത്തിലധികം വോട്ടോ, തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയേക്കാള്‍ 10 ശതമാനം വോട്ടുകള്‍ അധികം നേടുകയോ വേണം. ഇത് രണ്ടും നേടാനായില്ലെങ്കില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കും. നിലവിലെ പ്രസിഡന്റും വലതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ നൊബോവക്ക് ഇത് രണ്ടും നേടാനായിട്ടില്ല. ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനപ്പുറത്തുള്ള മുന്നേറ്റമുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ഇടതുപാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയില്‍ ഒത്തുകൂടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡാനിയേല്‍ നൊബോവ ഭയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും നമ്മള്‍ പ്രത്യാശയെ പ്രതിനിധീകരിക്കുന്നു എന്നും ഇടത് സ്ഥാനാര്‍ത്ഥി ലൂയിസ ജനങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ പരിവര്‍ത്തനത്തിനായാണ് നാം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അനുയായികളോട് പറഞ്ഞു.
content highlights: Leftist advance in Ecuador; In the first phase of the presidential election, the leftist candidate got 43.9 percent votes