മലപ്പുറം: തെരഞ്ഞെടുപ്പിന്റെ സമയത്ത് വിദേശയാത്ര പോയ സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ സിംഗപ്പൂരില്‍ യാത്രപോയതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. സാഹിത്യ അക്കാദമി സെക്രട്ടറി എന്ന നിലയ്ക്ക് ഉത്തരവാദിത്വമുള്ളയാള്‍ വോട്ടെടുപ്പിന്റെ സമയത്ത് വിദേശ യാത്ര പോയതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
മലപ്പുറം മണ്ഡലത്തിലാണ് കെ.പി മോഹനന്റെ വോട്ട്. എന്നാല്‍ ഇന്ന് കെ.പി മോഹനന്‍ വോട്ട് ചെയ്തിരുന്നില്ലെന്നാണ് മണ്ഡലത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
നേരത്തെ ദേശാഭിമാനി പത്രാധിപരായിരുന്നപ്പോള്‍ കെ.പി മോഹനന്‍ തെരഞ്ഞെടുപ്പ് കാലത്ത് സമാനമായ രീതിയില്‍ വിദേശയാത്ര നടത്തിയതും വിവാദമായിരുന്നു.
സാഹിത്യ അക്കാദമി സെക്രട്ടറി,സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ കണ്‍വീനര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ട സമയത്ത് വിദേശയാത്ര പോകുന്നത് ഉചിതമാണോയെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കെ.പി മോഹനന് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ വിദേശയാത്രക്കുള്ള അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
അതേസമയം വോട്ട് ചെയ്ത ശേഷം 23ാം തിയ്യതി വൈകീട്ടാണ് സിംഗപ്പൂരിന് പോകുന്നത് എന്നാണ് മോഹനന്‍ പറഞ്ഞിരുന്നതെന്നാണ് സാഹിത്യ അക്കാദമി ചെയര്‍മാനും സാഹിത്യകാരനുമായ വൈശാഖന്‍ പറഞ്ഞത്. നാല് ദിവസത്തേക്ക് വിദേശത്തേക്ക് പോകുന്നു എന്നാണ് അറിയിച്ചതെന്നും അതിന് ശേഷം മോഹനനെ ബന്ധപ്പെട്ടിരുന്നില്ലെന്നും വൈശാഖന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി മോഹനന്‍ സ്ഥലത്ത് ഇല്ലെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
DoolNews Video