അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചരിലം നിയമസഭാ മണ്ഡലത്തിലെ മത്സരത്തില്‍ നിന്നും പിന്മാറുന്നതായി സി.പി.ഐ.എം. ത്രിപുരയില്‍ ഭരണകക്ഷിയായ ബി.ജെ.പി നടത്തുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കി.
മാര്‍ച്ച് 12നാണ് ചരിലത്ത് വോട്ടെടുപ്പ് നടക്കുന്നത്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ഡെബര്‍മ്മയുടെ മരണത്തെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സി.പി.ഐ.എം വക്താവ് ഗൗതം ദാസ് പറഞ്ഞു. അതിനിടെ ത്രിപുരയില്‍ തെരഞ്ഞെടുപ്പിനുശേഷം അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചിരുന്നു.
ത്രിപുരയിലെ പുതിയ ഉപമുഖ്യമന്ത്രി ജിഷ്ണു ഡെബര്‍മാനാണ് ചരിലത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി. രാജകുടുംബത്തിലെ അംഗമായ അദ്ദേഹമാണ് ത്രിപുരയിലെ ബി.ജെ.പിയുടെ ആദിവാസി മുഖം. പലാഷ് ഡെബര്‍മ്മയായിരുന്നു സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി നിന്നത്.
പിന്മാറാനുള്ള പാര്‍ട്ടി തീരുമാനം സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. “ത്രിപുരയില്‍ സമാധാന അന്തരീക്ഷം വരുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ഞങ്ങളുടെ ആവശ്യം പോലും തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിഗണിച്ചിട്ടില്ല. മാര്‍ച്ച് പത്തിന് പന്ത്രണ്ടുമണിക്കു നടന്ന ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം ഏകകണ്ഠമായി തെരഞ്ഞെടുപ്പില്‍ നിന്നും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.
Must Read: ലേഖനം: പ്രഭാത് പട്‌നായിക്- ഇടതുപക്ഷമേ, നിങ്ങള്‍ ഇടപെടേണ്ട സമയമിതാണ്, ഇനിയും വൈകരുത്
ചിരലത്തെ സ്ഥിതി മോശമാണെന്നും അദ്ദേഹം ആരോപിച്ചു. “മാര്‍ച്ച് എട്ടിന് മധ്യ ബ്രജപൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടന്നു. രണ്ടുപേരുടെ റബ്ബര്‍ പ്ലാന്റേഷന്‍ തീയിട്ടു. മറ്റൊരു പ്രവര്‍ത്തകന്റെ അരിമില്ലിനും തീയിട്ടു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥി മണ്ഡലത്തിന് പുറത്തുനില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം പോലും അദ്ദേഹത്തിന് മണ്ഡലത്തില്‍ പ്രവേശിക്കാനാവുന്നില്ല.” എന്ന് അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷന് നേരത്തെ നല്‍കിയ മെമ്മാറാണ്ടത്തില്‍ ആരോപിച്ചിരുന്നു.