സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം. തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്.
ഭൂരിപക്ഷം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
35 വയസ് മാത്രം പ്രായമുള്ള ബോറിക് ചിലിയിലെ മുന്‍ വിദ്യര്‍ത്ഥി നേതാവ് കൂടിയാണ്. ചിലിയിലെ മുന്‍കാല പട്ടാള ഏകാധിപത്യ ഭരണങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.
അതേസമയം പട്ടാളഭരണങ്ങളോട് അനുകൂല നിലപാടായിരുന്നു അന്റോണിയോ കാസ്റ്റ് സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാറിയിരിക്കുകയാണ് ഗബ്രിയേല്‍ ബോറിക്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോകനേതാക്കളിലൊരാളാവാനൊരുങ്ങുകയാണ് ബോറിക്.
2019ലും 2020ലും ചിലിയില്‍ അഴിമതിക്കും അസമത്വത്തിനും എതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു ബോറിക്.
ചിലിയിലെ സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിനെ നേരിടുന്നതിന് നൂതനമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്നുമായിരുന്നു വിജയത്തിന് ശേഷം ബോറിക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.
ഒരിക്കല്‍ ലോകത്തെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തികശക്തികളില്‍ ഒന്നായിരുന്ന ചിലി ഇന്ന് ഏറ്റവും കൂടുതല്‍ സാമ്പത്തിക അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ 25 ശതമാനം സ്വത്തും ജനസംഖ്യയുടെ വെറും ഒരു ശതമാനം വരുന്ന ആളുകളുടെ കയ്യിലാണ്.
ഞായറാഴ്ചയായിരുന്നു ചിലിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. നിരവധി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അടുത്തിടെ സാക്ഷ്യം വഹിച്ച ചിലിയില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ തെരഞ്ഞെടുപ്പ്.
സെബാസ്റ്റ്യന്‍ പിനേര ആണ് നിലവില്‍ ചിലിയുടെ പ്രസിഡന്റ്. ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ‘നാഷണല്‍ റിന്യൂവല്‍ പാര്‍ട്ടി’ അംഗമായ പിനേര 2018 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട്.