| Monday, 25th November 2024, 5:26 pm

ഉറുഗ്വായ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊണ്ടെവിഡിയോ: ഉറുഗ്വായുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ യമന്‍ഡു ഒര്‍സിവിക്ക്‌ വിജയം. ഞായറാഴ്ച്ച പുറത്തു വന്ന ഔദ്യോഗിക ഫലങ്ങള്‍ പ്രകാരം 97% വോട്ടുകള്‍ നേടിയാണ് ബ്രോഡ് ഫ്രണ്ട് സഖ്യ നേതാവായ യമന്‍ഡു ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ അല്‍വാരോ ഡെല്‍ഗാഡോയെ തോല്‍പ്പിച്ച് വിജയം കരസ്ഥമാക്കിയത്.

ഉറുഗ്വായിലെ തൊഴിലാളി വര്‍ഗ നേതാവും മുന്‍ചരിത്ര അധ്യാപകനുമായ യമന്‍ഡു രണ്ട് തവണ കനേലോണ്‍സിന്റെ മേയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റയും രാജ്യം ഒരിക്കല്‍കൂടി വിജയിച്ചിരിക്കുകയാണ്. നമുക്ക് ഈ പാത തന്നെ ഇനിയും പിന്തുടരാം,’ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യമന്‍ഡു പറഞ്ഞു.

ഗൂഗിള്‍ പോലുള്ള കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് ബിസിനസ് മേഖലകളെ സൗഹാര്‍ദപരമാക്കാന്‍ നികുതി ഇളവുകള്‍ പോലുള്ള കാര്യങ്ങള്‍ യമന്‍ഡുവിന്റെ പരിഗണനയിലുണ്ട്. നികുതി ഇളവ് നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് തൊഴില്‍ വിപണിയെ നയിക്കുമെന്നും തൊഴിലാളികളെ നൈപുണ്യമുള്ളവരാക്കി തീര്‍ക്കുമെന്നും യമന്‍ഡു അവകാശപ്പെട്ടു.

മയക്കുമരുന്ന് കച്ചവടത്തിനെതിരെ പോരാടുമെന്നും ജയില്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്നതിനായി യൂറോപ്പുമായി അടുത്ത സഹകരണബന്ധം വെച്ചുപുലര്‍ത്തുമെന്നും യമന്‍ഡു മുമ്പ്‌ പറഞ്ഞിരുന്നു.

ഉയര്‍ന്ന ജീവിതച്ചെലവും കുറ്റകൃത്യങ്ങളും കാരണം ഉറുഗ്വായിലെ ജനത കുറച്ച് കാലങ്ങളായി ആശങ്കയിലായിരുന്നു. കടല്‍ത്തീരങ്ങള്‍, കഞ്ചാവിന്റെ നിയമപരമായ ഉപയോഗം എന്നിവയ്ക്ക് പ്രസിദ്ധമാണ് ഈ തെക്കേ അമേരിക്കന്‍ രാജ്യം.

അയല്‍ രാജ്യങ്ങളായ അര്‍ജന്റീന, ബ്രസീല്‍, മെക്സിക്കോ എന്നിവിടങ്ങളിലെ സമീപകാല തെരഞ്ഞെടുപ്പുകളില്‍ വലത്-ഇടത് കക്ഷികള്‍ തമ്മിലായിരുന്നു മത്സരമെങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായി ഉറുഗ്വായില്‍ മത്സരം താരതമ്യേന വ്യത്യസ്തമാണ്. ഇവിടെ യാഥാസ്ഥിതിക, ലിബറല്‍ സഖ്യങ്ങള്‍ തമ്മിലായിരുന്നു മത്സരം.

Content Highlight: Left-wing candidate wins Uruguay presidential election

We use cookies to give you the best possible experience. Learn more