|

ദല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇടത് തരംഗം; 45ല്‍ 24 സീറ്റുകളും നേടി എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി അംബേദ്കര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വിജയം. 45ല്‍ 24 സീറ്റുകളും നേടിയാണ് എസ്.എഫ്.ഐ യൂണിയന്‍ പിടിച്ചെടുത്തത്.

ആറ് വര്‍ഷത്തിന് ശേഷമാണ് ദല്‍ഹി അംബേദ്കര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാല് ക്യാമ്പസുകളായിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2018, 2019 വര്‍ഷങ്ങളില്‍ എസ്.എഫ്.ഐക്കായിരുന്നു യൂണിയന്‍ ഭരണം ലഭിച്ചത്. എ.ബി.വി.പിയും ഐസ സംഘടനകളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.

നിലവില്‍ സര്‍വകലാശാലയുടെ കീഴിലുള്ള ലോധി, ഖുത്തബ് ക്യാമ്പസുകളില്‍ ആദ്യമായാണ് എസ്.എഫ്.ഐ മത്സരത്തിനിറങ്ങുന്നത്.

കശ്മീരി ഗേറ്റ് ക്യാമ്പസില്‍ 18ല്‍ 16 സീറ്റിലും എസ്.എഫ്.ഐ വിജയം കണ്ടു. 28 കൗണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണമാണ് എസ്.എഫ്.ഐ നേടിയത്. കരംപുര ക്യാമ്പസില്‍ 12 കൗണ്‍സിലര്‍ സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും വിജയിച്ച എസ്.എഫ്.ഐ ഏഴ് സീറ്റുകളിലാണ് മത്സരിച്ചത്.

ആദ്യമായി മത്സരിച്ച ലോധി ക്യാമ്പസില്‍ എസ്.എഫ്.ഐ മൂന്ന് സീറ്റും നേടി. മത്സരിച്ച മൂന്ന് കൗണ്‍സിലര്‍ സീറ്റും എസ്.എഫ്.ഐ നേടുകയായിരുന്നു.

ഖുത്തബ് ഇന്‍സ്റ്റിറ്റിയൂഷണല്‍ മേഖല ക്യാമ്പസില്‍ മത്സരിച്ച രണ്ട് സീറ്റും എസ്.എഫ്.ഐ നേടി. ഒരു സീറ്റില്‍ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

ദല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ ഭൂരിപക്ഷത്തിലധികം സീറ്റുകള്‍ നേടിയാണ് എസ്.എഫ്.ഐ ഉജ്വല വിജയം കൈവരിച്ചത്. 15 സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നേടിയിട്ടുണ്ട്.

Content Highlight: Left Wave at Delhi Ambedkar University; SFI won 24 out of 45 seats