കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ഇടത് വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ടാകാമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമത്തിനു മറുപടി നല്‍കാനെന്നോണമായിരിക്കാം ഇടത് അനുകൂലികള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് ബംഗാളില്‍ തൃണമൂലിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും അക്രമത്തില്‍ നിന്നും രക്ഷ നേടുന്നതിലാണ് എല്ലാവരും പ്രാമുഖ്യം നല്‍കുന്നത്. അങ്ങനെയാണ് അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടാവുക. എന്നാല്‍ ഈ വോട്ട് മാറ്റം ഇടത് അനുകൂലികളുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. ഒരിക്കലും ഇടത് അംഗങ്ങളില്‍ നിന്നുണ്ടായിട്ടില്ല. അതേസമയം മതേതര, ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനും ബി.ജെ.പി പരാജയപ്പെടുത്താനും താത്പര്യമുള്ളവര്‍ തൃണമൂലിന് വോട്ട് ചെയ്തിട്ടുണ്ടാകും.’- അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കും തൃണമൂലിനും വോട്ടുകള്‍ ഏകീകരിച്ചപ്പോള്‍ മറ്റു ജനാധിപത്യ ശക്തികള്‍ക്ക് കാര്യമായ ഇടമില്ലാതെ പോയെന്നും അദ്ദേഹം വാദിച്ചു. അതാണ് പാര്‍ലമെന്റില്‍ ഇടതിന്റെ സാന്നിധ്യം കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപാര്‍ട്ടികള്‍ക്കു കനത്ത തിരിച്ചടിയായി. അവയെ ശക്തിപ്പെടുത്താന്‍ പരിശ്രമം നടത്തും.’- അദ്ദേഹം പറഞ്ഞു.
അപൂര്‍വം ചില പാര്‍ട്ടികള്‍ ഒഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. രാജ്യത്തുണ്ടായ വലതുപക്ഷ ഏകീകരണം ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണ്. സി.പി.ഐ.എം രൂപീകരിച്ചശേഷം പാര്‍ലമെന്റില്‍ ഇടതുപാര്‍ട്ടികളുടെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം ഇപ്പോഴാണ്. 2009-നു ശേഷമുണ്ടായ തിരിച്ചടിയെപ്പറ്റി ഗൗരവമായി പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് എണ്ണ പകരാനും ദേശീയതയും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയും ഉയര്‍ത്തിക്കാട്ടി സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനും ബി.ജെ.പിക്കു കഴിഞ്ഞു. വര്‍ഗീയ ധ്രുവീകരണമാണുണ്ടായതെന്നു വ്യക്തമാണ്. ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.പി പോലും ഇല്ലാത്തത് അതിന്റെ ഉദാഹരണമാണ്.
പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് വ്യോമാക്രമണത്തിനും പിറകേ ദേശീയത ഉയര്‍ത്തിക്കാട്ടി കര്‍ഷക ആത്മഹത്യകളില്‍ നിന്നും സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വോട്ട് വിഹിതമായ 29.93 ശതമാനത്തില്‍ നിന്ന് ഇത്തവണ 7.46 ശതമാനമായി കുറഞ്ഞിരുന്നു. അതേസമയം 17.02 ശതമാനത്തില്‍ നിന്ന് ബി.ജെ.പിയുടെ വോട്ടുവിഹിതം 40.25 ശതമാനമായി വര്‍ധിച്ചു.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജില്ലാ നേതാക്കള്‍ സംസ്ഥാന നേതാക്കള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. തൃണമൂലിന്റെ അക്രമത്തില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സംസ്ഥാന നേതാക്കള്‍ ഒന്നും ചെയ്തില്ലെന്നാണ് അവരുടെ ആരോപണം.