| Wednesday, 4th September 2019, 10:36 pm

കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുതുടങ്ങി; പോണ്ടിച്ചേരിയില്‍ ഇടതുസഖ്യത്തിന് മികച്ച വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുവിദ്യാര്‍ഥി സഖ്യത്തിനു മികച്ച വിജയം. രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നായി പുറത്തുവരുന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലമാണ് പോണ്ടിച്ചേരിയിലേത്.

യൂണിയന്‍ പ്രസിഡന്റായി എസ്.എഫ്.ഐയുടെ പരിചയ് യാദവ്, ജനറല്‍ സെക്രട്ടറിയായി അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ (എ.പി.എസ്.എഫ്) കുരള്‍ അന്‍പന്‍, ജോയിന്റ് സെക്രട്ടറിയായി എസ്.എഫ്.ഐയുടെ കുര്യാക്കോസ് ജൂനിയര്‍, വൈസ് പ്രസിഡന്റുമാരായി എസ്.എഫ്.ഐയുടെ മമത, എ.ഐ.എസ്.എഫിന്റെ ജെ. കുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി രൂപം ഹസാരിക (എസ്.എഫ്.ഐ), അല്‍ റിഷാല്‍ ഷാനവാസ് (എസ്.എഫ്.ഐ), ശ്വേത വെങ്കടേശ്വരന്‍ (എസ്.എഫ്.ഐ), അനഘ എസ്. (എസ്.എഫ്.ഐ), ധനവര്‍ധിനി (എ.പി.എസ്.എഫ്), റിതീഷ് കൃഷ്ണ (സ്വതന്ത്രന്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഇടതു വിദ്യാര്‍ഥി സഖ്യത്തിനെതിരെ എ.എസ്.എ-എം.എസ്.എഫ്-ഫ്രറ്റേണിറ്റി-എന്‍.എസ്.യു.ഐ സഖ്യമാണു മത്സരിച്ചത്. എ.ബി.വി.പിയും പ്രാദേശിക വിദ്യാര്‍ഥി സംഘടനയായ പി.യു.എസ്.എഫും സഖ്യം ചേര്‍ന്നാണു മത്സരിച്ചത്.

27 സീറ്റുകളാണ് എസ്.എഫ്.ഐ ഒറ്റയ്ക്കു മത്സരിച്ചത്. 70 സീറ്റുകളില്‍ രണ്ട് സ്വതന്ത്രരെയാണ് എ.ബി.വി.പിക്കു ജയിപ്പിക്കാനായത്.

നേരത്തേ ദല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എ.ബി.വി.പി ശ്രമം നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച എ.ബി.വി.പിക്കാര്‍ അവരുടെ നാമനിര്‍ദേശപത്രിക കീറിയെറിയുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. രണ്ടുതവണ ഇന്നു പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരു സംഘടനാ പ്രവര്‍ത്തകരെയും എ.ബി.വി.പിക്കാര്‍ ആക്രമിക്കുകയായിരുന്നു. നോര്‍ത്ത് കാമ്പസിലെ ആര്‍ട്ട് ഫാക്കല്‍റ്റി ഗേറ്റിനു മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന പ്രസിഡന്റ് വികാസ് ബന്ദൗരിയ, കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥിയും എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയുമായ പരമാനന്ദ് ശര്‍മ തുടങ്ങിയവര്‍ക്കാണു ക്രൂരമര്‍ദ്ദനമേറ്റത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണു പരമാനന്ദ് മത്സരിക്കാനിരുന്നത്.

ഉച്ചയ്ക്കു രണ്ടരയോടെയാണ് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. എന്നാല്‍ ഇവരെ ആക്രമിച്ച എ.ബി.വി.പിക്കാര്‍ പത്രിക കീറിക്കളഞ്ഞു.

2.55-നു വീണ്ടുമെത്തിയ പ്രവര്‍ത്തകര്‍ക്കും ആക്രമണം നേരിട്ടു. അപ്പോഴും പത്രിക കീറിക്കളയുകയാണു ചെയ്തത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രൂരമായ ആക്രമണങ്ങളിലൂടെയും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എ.ബി.വി.പിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അതില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more