national news
നീറ്റ് ക്രമക്കേട്; രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് എ.ഐ.എസ്.എ
ന്യൂദല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് എ.ഐ.എസ്.എ. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്. പണിമുടക്കിന് ഇന്ത്യാ സഖ്യം പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മൗനം പാലിക്കുകയാണെന്ന് ഇടതു സംഘടനകള്‍ വിമര്‍ശിച്ചു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും (എ.ഐ.എസ്.എ) നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം.
വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതികളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കണമെന്ന് എ.ഐ.എസ്.എ ജനറല്‍ സെക്രട്ടറി പ്രസന്‍ജീത് കുമാര്‍, ദല്‍ഹി സംസ്ഥാന സെക്രട്ടറി നേഹ, ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് ധനഞ്ജയ് എന്നിവര്‍ ആവശ്യപ്പെട്ടു.
‘എന്‍.ടി.എയുടെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കഥകള്‍ പുതിയ സംഭവമല്ല. 2024ലെ നീറ്റില്‍ സംഭവിച്ചത് ഒരു ലക്ഷണമാണെന്നും യഥാര്‍ത്ഥ രോഗം എന്‍.ടി.എ ആണെന്നും രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്,’ ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് ധനഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 19, 20 തീയതികളില്‍ നീറ്റ് 2024 പുനഃക്രമീകരിക്കുക, അഴിമതി ആരോപണകളില്‍ ഉയര്‍ന്ന തലത്തിലുള്ള സ്വതന്ത്ര അന്വേഷണം, എന്‍.ടി.എയെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തുമെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഗ്രേസ് മാര്‍ക്കില്‍ ആക്ഷേപമുയര്‍ന്ന 1563 വിദ്യാര്‍ത്ഥികളുടെ നീറ്റ് ഫലം റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്ക് മാത്രമായി പുനഃപരീക്ഷ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമായിരുന്നു കോടതി നടപടി.
ഈ പരീക്ഷയുടെ ഫലം ജൂണ്‍ 30നകം പ്രസിദ്ധീകരിക്കണം. ജൂണ്‍ ആറിന് നടക്കാനിരിക്കുന്ന മെഡിക്കല്‍ കൗണ്‍സിലിങിനെ ഈ നടപടികള്‍ ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചിരുന്നു. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. 24 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിജയകരമായി പരീക്ഷ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു എന്‍.ടി.എക്കെതിരായ ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. ഇതില്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുവെന്നാണ് മറ്റൊരു ആരോപണം.
Content Highlight: Left student organizations have called for a nationwide strike to protest the irregularities in the NEET exam