[]കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ ലെഫ്റ്റ് റൈഫ് ലെഫ്റ്റ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു.
“ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്” എന്ന സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചതു പ്രേക്ഷകരില്ലാത്തതിനാലാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു തരുത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. []
പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതുകൊണ്ടാണു ചിത്രം തീയറ്ററുകളില്‍ നിന്നും ഒഴിവാക്കിയത്. വാടക നല്‍കാന്‍ തയാറാണെങ്കില്‍ സംസ്ഥാനത്തെ ഏതു തീയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ചു രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കു സാധ്യതയുള്ളതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തീയറ്ററുടമകള്‍ സ്വയം ഏറ്റെടുക്കണമെന്നു പറഞ്ഞിരുന്നു.
എന്നാല്‍ അത്തരത്തിലുള്ള ഒരു എതിര്‍പ്പും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നിന്നും ഉണ്ടായിട്ടില്ല. തലശേരിയിലും കണ്ണൂരിലും ചിത്രം പ്രദര്‍ശിപ്പിക്കാതെ പോയത് ചിത്രം എടുക്കാന്‍ അവിടുള്ള തീയറ്ററുകള്‍ തയ്യാറാകാതിരുന്നതിനാലാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
അരുണ്‍ കുമാര്‍ അരവിന്ദാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. പിണറായി വിജയനേയും വി.എസ് അച്യുതാനന്ദനേയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.
ഇരുവരുടേയും ശരീരഭാഷയും സംസാര ശൈലിയും അതേപോലെ അനുകരിക്കുന്ന ചിത്രം സി.പി.ഐ.എമ്മിലെ വിഭാഗീയതയും പാര്‍ട്ടി സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതയും കൊലപാതക രാഷ്ട്രീയവുമൊക്കെയാണ് പറയുന്നത്.