| Saturday, 22nd June 2013, 12:26 pm

സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് അപ്രഖ്യാപിത വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: സി.പി.ഐ.എമ്മിനെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുന്ന പുതിയ മലയാള ചിത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് അപ്രഖ്യാപിത വിലക്ക്. സി.പി.ഐ.എം ശക്തി കേന്ദ്രങ്ങളിലൊന്നായ തലശ്ശേരിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം കണ്ണൂരിലും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ചിത്രം പ്രദര്‍ശിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ തന്നെ ഏറ്റെടുക്കണമെന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സിനിമ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴാണ് പലരും ചിത്രം നീക്കിയ വിവരം അറിയുന്നത്.[]

എന്നാല്‍ ചിത്രത്തിന് ഔദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. പ്രകോപനമുണ്ടാക്കുമെന്നതിനാല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അപമാനിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണോയെന്ന കാര്യം ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നും ഈ മാസം അവസാനം ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

അരുണ്‍ കുമാര്‍ അരവിന്ദാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. പിണറായി വിജയനേയും വി.എസ് അച്യുതാനന്ദനേയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ഇരുവരുടേയും ശരീരഭാഷയും സംസാര ശൈലിയും അതേപോലെ അനുകരിക്കുന്ന ചിത്രം സി.പി.ഐ.എമ്മിലെ വിഭാഗീയതയും പാര്‍ട്ടി സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതയും കൊലപാതക രാഷ്ട്രീയവുമൊക്കെയാണ് പറയുന്നത്.

എന്നാല്‍ ആരേയും തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സിനിമയെ സിനിമയായി മാത്രം കാണണമെന്നുമാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് പറയുന്നത്.

കഥയുടെ ഭാഗമായാണ് ചിത്രത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ കടന്നുവരുന്നതെന്നും ഇതിന്റെ പേരില്‍ സിനിമയെ വിലക്കുന്നത് ഖേദകരമാണെന്നും അരുണ്‍ കുമാര്‍ അരവിന്ദ് പറഞ്ഞു.

We use cookies to give you the best possible experience. Learn more