| Wednesday, 31st July 2019, 3:18 pm

പാനൂരില്‍ എസ്.ഐ സോമനില്‍ ആരംഭിച്ച ജാതിവിവേചനം അട്ടപ്പാടിയിലെ കുമാറില്‍ എത്തിനില്‍ക്കുന്നു; നടപടികളൊന്നും സ്വീകരിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്ന സര്‍ക്കാരുകള്‍

ആല്‍ബിന്‍ എം. യു

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ടയെന്ന ചിത്രം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ചത്തീസ്ഗഡിലെ നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍  പോകുന്ന കേരളത്തിലെ പൊലീസ് സംഘത്തിന്റെ കഥയാണ് പറഞ്ഞത്. ചിത്രം ബിജുവെന്ന ആദിവാസി പൊലീസ് കോണ്‍സ്റ്റബിള്‍ സംഘത്തില്‍ നിന്നും നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ കഥ കൂടി പറയുന്നുണ്ട്. ചിത്രം റിലീസ് ചെയ്ത് ബിജുവെന്ന ആദിവാസി നേരിടേണ്ടി വരുന്ന ജാതി വിവേചനത്തിന്റെ അവസ്ഥ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് ഇതേ ജാതിവിവേചനം ആരോപിച്ച് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ സര്‍വ്വീസില്‍ നിന്ന് രാജി സമര്‍പ്പിച്ചത്. ഇപ്പോള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു പൊലീസുകാരന്‍ കുമാര്‍ മരിച്ചിരിക്കുന്നു. കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. മികച്ച വിദ്യാഭ്യാസം നേടി തൊഴില്‍ പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ച് സര്‍ക്കാര്‍ ജോലിയില്‍ കയറിയാല്‍ പോലും തീരാവുന്നതല്ല ജാതിവിവേചനം എന്നാണ് ഈ സംഭവങ്ങള്‍ പറയുന്നത്.

പാലക്കാട് എആര്‍ ക്യാമ്പിലെ അട്ടപ്പാടി സ്വദേശിയായ പൊലീസുകാരന്‍ കുമാറാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് കുമാറിനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ ലക്കിടിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ജാതിവിവേചനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പറയുന്ന കുമാറിന്റെ ആത്മഹത്യകുറിപ്പും കണ്ടെത്തി. മേലുദ്യോഗസ്ഥര്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുറിപ്പില്‍ പരമാര്‍ശമുണ്ട്. പലപ്പോഴും അധിക ഡ്യൂട്ടി നല്‍കി. ആദിവാസിയായതിനാല്‍ വിവേചനം നേരിട്ടു.

നേരത്തെ ഉദ്യോഗസ്ഥരുടെ മാനസികപീഡനം മൂലമാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയിലെത്തി അന്വേഷണ സംഘം ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. കുമാര്‍ കടുത്ത ജാതിവിവേചനം നേരിട്ടിരുന്നുവെന്ന് ഭാര്യ സജിനി ആരോപിക്കുന്നു. ക്വാട്ടേഴ്സില്‍ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് സജിനി പറയുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുമാറിന് നേരിടേണ്ടി വന്നതെന്നാണ് സജിനി ആരോപിക്കുന്നത്.

കുമാര്‍ അനുവാദമില്ലാതെ അവധിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സഹോദരനോടൊപ്പം കുമാര്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടിരുന്നു. കുമാര്‍ അവധിയെടുത്തത് വിവേചനത്തെ തുടര്‍ന്നാണെന്ന് സജിനി പറഞ്ഞു.

എന്നോടും അദ്ദേഹത്തിന്റെ സഹോദരനോടും പറഞ്ഞിട്ടുണ്ട്. ജാതിപറഞ്ഞ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന്. വാക്ക് തര്‍ക്കങ്ങളും ഉപദ്രവും ഉണ്ടായിട്ടുണ്ടെന്ന്. അതിനെ തുടര്‍ന്നാണ് ജോലിക്ക് പോവാഞ്ഞത്- സജിനി, കുമാറിന്റെ ഭാര്യ

സമാനമായ ജാതി വിവേചനത്തിന്റെ അനുഭവം തന്നെയാണ് കണ്ണൂരിലും നടന്നത്. മേലുദ്യോഗസ്ഥരുടെ ജാതീയ പീഡനത്തെ തുടര്‍ന്നാണ് ആദിവാസിയായ സിവില്‍ പൊലീസ് ഓഫീസര്‍ രാജി നല്‍കിയത്. ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ. രതീഷാണ് രാജി നല്‍കിയത്. എസ്.ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് രതീഷ് പീഡന പരാതി ഉന്നയിച്ചത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് രതീഷ് കത്തില്‍ പറഞ്ഞിരുന്നു. തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാല്‍ തരാത്ത സ്ഥിതിയായിരുന്നു. പോസ്റ്റല്‍ ബാലറ്റ് പൊലീസ് അസോസിയേഷന് നല്‍കാതിരുന്നതോടെ പക ഇരട്ടിയായെന്നും രതീഷ് ആരോപിച്ചിരുന്നു.

തന്റെ രാജിക്കത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി രതീഷ് ഉന്നയിച്ചിരുന്നു.
കുടുംബാംഗങ്ങളെ ഓര്‍ത്താണ് പലരും മിണ്ടാത്തത്. ഒറ്റയ്ക്കായതിനാലാണ് ഇതിനെതിരെ ശബ്ദിക്കുന്നതെന്നും രതീഷ് ചൂണ്ടിക്കാട്ടി. രതീഷിന്റെ രാജി ചര്‍ച്ചയായതിനെ തുടര്‍ന്ന് നാട്ടിലേക്ക് ജോലി നല്‍കിയിരുന്നു. ഇതോടെ രാജി രതീഷ് പിന്‍വലിക്കുകയായിരുന്നു.

ഒരു മാസത്തിന്റെ ഇടവേളയിലാണ് രതീഷിന്റെ രാജിയും കുമാറിന്റെ മരണവും സംഭവിച്ചത്. ഈ രണ്ട് സംഭവങ്ങളും ജാതിയെന്ന ബോധം ഇപ്പോഴും തുടച്ചുനീക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് കാണിക്കുന്നത്.

ഇതാദ്യമായല്ല പൊലീസിനുള്ളിലെ ജാതി പുറത്ത് വരുന്നത്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത പാനൂര്‍ എസ്.ഐ സോമന്‍ ദൂരുഹമരണത്തിലും ജാതീയതയുണ്ടെന്ന് കുടുംബാംഗങ്ങളും ദളിത് സംഘടനകളും ആരോപിച്ചിരുന്നു.

1981 മാര്‍ച്ച് 12നായിരുന്നു കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ എസ്.ഐയായിരുന്ന സോമന്‍ പൊലീസ് സ്റ്റേഷനില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമന്‍ സ്വയം വെടിവെച്ചതാണെന്നും കൂടെയുള്ള പൊലീസുകാര്‍ കൊലപ്പെടുത്തിയാണെന്നും ഉള്ള വാദങ്ങള്‍ മരണശേഷം ഉടലെടുത്തു. പിന്നീട് നടന്ന അന്വേഷണത്തില്‍ സെഷന്‍സ് കോടതി സോമന്റെ കൂടെയുണ്ടായിരുന്നവരാണ് സോമനെ വെടിവെച്ചതെന്ന് കണ്ടെത്തി. ഒരു ഹെഡ്കോണ്‍സ്റ്റബിളിനും രണ്ട് കോണ്‍സ്റ്റബിളുമാര്‍ക്കും ശിക്ഷ വിധിച്ചു. മേല്‍ക്കോടതി ഈ വിധിയെ ശരിവെച്ചില്ല. സോമനെ പ്രതികള്‍ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

ദളിതനായ സോമന്റെ കീഴില്‍ ജോലിയെടുക്കുന്നതിനോടുള്ള അമര്‍ഷവും കൈക്കൂലി വാങ്ങുന്നത് സോമന്‍ തടയുകയും ചെയ്തതാണ് സോമനോടുള്ള പ്രതികളുടെ വൈരാഗ്യത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്തതാണെങ്കിലും കൊലപ്പെടുത്തിയതാണെങ്കിലും അതിന് പ്രേരിപ്പിച്ചത് ജാതിയത തന്നെയാണെന്ന് അന്ന് ദളിത് സംഘടനകള്‍ ആരോപിച്ചിരുന്നു.

പാലക്കാട്ടെ കുമാറിന്റെ മരണം ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ പൊലീസ് ഡിപ്പാര്‍ട്മെന്റിലുള്‍പ്പെടെ ശക്തമായ ജാതിവിവേചനം നിലനില്‍ക്കുന്നു എന്നതാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. നേരത്തെയും പല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഒറ്റപ്പെട്ട സംഭവമല്ല. സമൂഹത്തിന്റെ പല മേഖലകളിലും ഇതുണ്ട്. സര്‍ക്കാര്‍ തന്നെ പൊതുവേ ദളിത്-ആദിവാസി വിഭാഗങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നുണ്ട്. പല കാര്യങ്ങളിലും, സംവരണം, വിദ്യാഭ്യാസം, വനാവകാശം അങ്ങനെയുള്ള വിഷയങ്ങളില്‍. പാലക്കാട്ടെ പൊലീസ് ഓഫീസര്‍ മരിക്കാനുള്ള കാരണം ജാതിവിവേചനമാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ദളിത്-ആദിവാസി സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പൊലീസ് ബ്യൂറോക്രാറ്റിക് ആയി പെരുമാറുന്ന സംവിധാനമാണ്. അത് കൊണ്ട് തന്നെ ദളിത്-ആദിവാസി വിഭാഗങ്ങളോട് പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളെന്ന നിലയിലുള്ള പെരുമാറ്റം അവരില്‍ നിന്നുണ്ടാവാറില്ല.പിന്നോക്ക വിഭാഗങ്ങളെന്ന നിലയില്‍ ദളിത്-ആദിവാസികളോട് പരിരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ പദ്ധതിയാണ്. ആ നിലക്ക് സംരക്ഷണ പരിപാടികളോ വിവേചനമോ കാണിക്കാതിരിക്കാനുള്ള ശ്രമം വകുപ്പില്‍ നിന്നുണ്ടാവേണ്ടുണ്ട്. ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ട്രാന്‍സ്ഫര്‍ ചോദിക്കുമ്പോഴോ അമിതമായി ജോലി ചെയ്യിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോള്‍ സ്ഥല മാറ്റം ചോദിക്കുമ്പോള്‍ അത് നിഷ്‌ക്കരുണം തള്ളുന്ന അവസ്ഥയുണ്ട്. ഇവിടെയും അത് തന്നെയായിരിക്കും സംഭവിച്ചിരിക്കുക. മേലില്‍ നിന്ന് അത്തരം നിര്‍ദേശങ്ങളൊന്നുമില്ലെങ്കില്‍ തന്നെ താഴെ തട്ടില്‍ ഉണ്ടാവുന്ന വിവേചന പ്രശ്നങ്ങളും ഉണ്ടാവും. എസ്.ഐ സോമന്റെ കൊലപാതകം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ?. പ്രാദേശിക പൊലീസ് സംവിധാനത്തില്‍ ദളിത്-ആദിവാസി ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരോട് വിവേചനപരമായി ഇടപെടാറുണ്ട്. മറ്റ് പല സര്‍വീസുകളിലും ഉള്ള പോലെ പൊലീസ് സംവിധാനത്തില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്രീവന്‍സ് സെല്ലുകള്‍ ഇല്ല. ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരാതി നല്‍കാനോ, പരാതി പരിഹരിക്കാനോ ഉള്ള സംവിധാനം ഇല്ല. അടിമകളെ പോലെ പണിയെടുക്കണം. മറ്റ് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ തന്നെയും ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ക്ക് പരിരക്ഷയുണ്ട്. അത് നമ്മുടെ സമൂഹത്തില്‍ ജാതി എന്നത് ഒരു യാഥാര്‍ത്ഥ്യമായതിനാലാണ്. സമൂഹത്തില്‍ ജീവിക്കുന്ന ദളിതുകള്‍ക്കും ആദിവാസികള്‍ക്കും എതിരെ നടക്കുന്ന ജാതി വിവേചനവും അതിക്രമവും നടപ്പിലാക്കാതെ നോക്കേണ്ടും നീരീക്ഷിക്കേണ്ടതും പ്രാദേശിക തലത്തില്‍ പൊലീസിന്റെ ഉത്തരവാദിത്വമാണ്. അത് നടപ്പിലാക്കാനായി ജില്ലാ നേതൃത്വത്തിലും പ്രാദേശിക തലത്തിലും മോണിറ്ററിംഗ് കമ്മറ്റികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ മോണിറ്ററിംഗ് കമ്മറ്റികള്‍ നിര്‍ത്തലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുസമൂഹത്തില്‍ പൊലീസ് ഇങ്ങനെയാണ് ഇടപെടുന്നതില്‍ ആഭ്യന്തരമായി ജാതി വിവേചനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലേതിന് പോലെ വര്‍ഗീയവത്കരിക്കപ്പെടുകയും ജാതീയവത്കരിക്കുകയും ചെയ്യുന്ന സംവിധാനം എന്ന നിലയിലേക്കാണ് കേരളത്തിലെ പൊലീസിന്റെ പോക്കെന്ന് നേരത്തെ തന്നെ ആരാപണങ്ങള്‍ ഉയര്‍ന്നിരുന്നു. മതേതരമായിരിക്കേണ്ട പൊലീസ് അങ്ങനെ അല്ലാതിരിക്കുന്ന ഘട്ടത്തില്‍ ഇതേ പോലെയുള്ള വിവേചനങ്ങള്‍ അതിനൊപ്പം ഉണ്ടായിരിക്കുമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

കരുണാകരന്റെ കാലത്തുള്ളതിന് സമാനമായ രീതിയില്‍ പൊലീസിനെ കയറൂരിവിടുന്ന, അമിതാധികാരം നല്‍കുന്ന സമീപനമാണ് പിണറായി സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ കെ.എ ഷാജി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പൊലീസ് പരിഷ്‌ക്കരണങ്ങള്‍ സംസ്ഥാനത്ത് ഏറെക്കാലമായി നടക്കുന്നില്ല. നേരത്തെ തൃശ്ശൂര്‍ എ.ആര്‍ ക്യാമ്പില്‍ സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തില്‍ ബീഫ് നിരോധിച്ചിരുന്നു. ഭയങ്കരമായ ജാതീയതയും വര്‍ഗീയതയും വംശീയതയും എല്ലാം ഈ പൊലീസ് സംവിധാനത്തിലുണ്ട്. കേരളത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ്. ഗുജറാത്തില്‍ മോദിക്ക് വളരെ പ്രിയപ്പെട്ടയാളായിരുന്ന, ഏറ്റുമുട്ടല്‍ കൊലപാതകളുടെ വലിയ ട്രാക്ക് റെക്കോര്‍ഡുമായാണ് ബെഹ്‌റ വരുന്നത്. ഇത്തരമൊരാളെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ കേരളത്തിലെ പൊലീസ് മേധാവിയായി നിയമിക്കുന്നത് സംശയത്തിനിടയാക്കുന്ന ഒന്നാണ്. പൊലീസിനുള്ളില്‍ ഏറെക്കാലമായി ആര്‍.എസ്.എസിന് ശക്തമായ സ്വാധീനമുണ്ട്, ആര്‍.എസ്.എസിന് വേണ്ടി പ്രചാരവേല നടത്തുന്നവരുണ്ട്. പൂജാപോലുള്ള സന്ദര്‍ഭങ്ങളില്‍ തോക്കും ലാത്തിയുമൊക്കെ പൂജയ്ക്ക് വെച്ച ആളുകളുണ്ട്. ഒരു മതേതര സര്‍ക്കാരിന്റെ കീഴില്‍ മതേതരമായി ഇരിക്കേണ്ട പൊലീസുകാര്‍ ആയുധങ്ങള്‍ പൂജയ്ക്ക് വെയ്ക്കുന്ന അവസ്ഥ ഉണ്ടാവുന്നു. മലപ്പുറത്ത് എം.എസ്.പി ക്യാമ്പിലടക്കം അതുണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് ഉത്തരേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭീകരമായ രീതിയില്‍ പൊലീസിനെ വര്‍ഗീയവത്കരിക്കപ്പെട്ടിട്ടുണ്ട്. അതിന് സമാനമായിട്ടല്ലെങ്കില്‍ പോലും, നല്ല രീതിയില്‍ ഇവിടത്തെ പൊലീസും വര്‍ഗീയവത്കരിക്കപ്പെടുകയും ജാതിവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനൊന്നും എതിരെ കാലഘട്ടത്തിനനുസരിച്ച് കേരളത്തിലെ ഭരണകൂടം, പ്രത്യേകിച്ച് ഇടതുപക്ഷം ഭരിക്കുന്ന, ബി.ജെ.പി സാമാന്യേന ചെറുതായി സ്വാധീനമുള്ള ഒരു സ്ഥലത്ത് വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. വളരെ ജാതിഘടനയുള്ള, ജാതിയപരമായ എല്ലാ വിവേചനവും നിലനില്‍ക്കുന്ന ഈ പൊലീസ് സംവിധാനത്തിലേക്ക് ആദിവാസിയായ വ്യക്തി കടന്നുവരുമ്പോള്‍ ഭീകരമായി അരികുവത്ക്കരിക്കുകയും പേടിപ്പിച്ചു നിര്‍ത്താനുമാണ് ശ്രമിക്കുന്നത്. അങ്ങനെ ഒരു ശ്രമം നടക്കുമ്പോള്‍ അവര്‍ക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അട്ടപ്പാടിയിലെ കുമാറിന് ജാതിവിളിച്ച് ആക്ഷേപിക്കുന്ന അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. ആദിവാസിയായത് കൊണ്ട് മാത്രം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരികയും പീഡനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു സാധാരണക്കാരന്‍ ഒരു പക്ഷെ ഈ പീഡനങ്ങള്‍ അതിജിവിച്ചേക്കാം. എന്നാല്‍ ഒരു ആദിവാസിയെ സംബന്ധിച്ചിടത്തോളം, സാമൂഹികമായും സാമ്പത്തികമായും ഉള്ള എല്ലാ പിന്നോക്കാവസ്ഥയെയും അതിജീവിച്ച് പൊലീസില്‍ പ്രവേശിക്കുമ്പോള്‍ അത് വരെ നേരിട്ടതിനേക്കാള്‍ വലിയ പീഡനം അനുഭവിക്കേണ്ടി വരുമ്പോഴാണ് അവര്‍ ആത്മഹത്യയില്‍ അഭയം നേടുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് ആദിവാസികളോടൊപ്പം നില്‍ക്കുകയും അവരെ മുന്നിലേക്ക് കൊണ്ട് വരാനുള്ള ഇടപെടല്‍ നടത്തുക എന്നത്. ജാതീയതയും വര്‍ഗീയതയും പൊലീസ് വകുപ്പിനുള്ളില്‍ ഒളിച്ചു കടത്തുന്നവരെ പുറത്താക്കാനോ അവരെ ഒതുക്കി നിര്‍ത്താനോ സര്‍ക്കാരിന് പറ്റണം. അതിന് പകരം ഇത്തരക്കാരെ വളര്‍ത്തിവിടുകയോ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുകയാണ്. മാത്രമല്ല കേരളത്തിലെ പൊലീസില്‍ ജനാധിപത്യവിരുദ്ധമായ ഒരുപാട് ഘടകങ്ങളുണ്ട്. സംശയം തോന്നുവരെ വെടിവെച്ചു കൊല്ലുക, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ അങ്ങനെ. യാതൊരു തരത്തിലും നിയമങ്ങള്‍ പിന്തുടരാതെ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒക്കെ ചെയ്യുമ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി അല്ലാതെ ശിക്ഷിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കരുണാകരന്റെ കാലത്തുള്ളതിന് സമാനമായ രീതിയില്‍ പൊലീസിനെ കയറൂരിവിടുന്ന, അമിതാധികാരം നല്‍കുന്ന സമീപനമാണ് പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്. പൊലീസ് സംവിധാനത്തെ ജനാധിപത്യവത്കരിക്കുകയും നവീകരിക്കുകയും അതിനകത്തെ വര്‍ഗീയത ശക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനം അതിന് വലിയ വിലകൊടുക്കേണ്ടി വരും. അതാണിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചെറിയ കാലയളവിനുള്ളില്‍ ജാതിവിവേചനവുമായി ബന്ധപ്പെട്ട് രണ്ട് സംഭവങ്ങള്‍ ഉണ്ടായിട്ടും സ്ഥിരം നടപടിക്രമങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദുര്‍ബല വിഭാഗങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥരോട് എന്ത് കൊണ്ട് ജനാധിപത്യപരവും മനുഷ്യത്വപരവുമായ നടപടികള്‍ ഉന്നത ഉദ്യോഗസ്ഥരോ സഹപ്രവര്‍ത്തകരോ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പഠിപ്പിച്ചില്ലെങ്കില്‍, നിഷ്‌ക്കര്‍ഷിച്ചില്ലെങ്കില്‍ ഇനിയും കുമാറുമാര്‍ ആവര്‍ത്തിക്കും.

ആല്‍ബിന്‍ എം. യു

സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more