കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ലീഗ് പ്രതിനിധിയായ വൈസ് ചെയര്‍മാന്‍ എ.എ.ഇബ്രാഹിംകുട്ടിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ അഞ്ചില്‍ മൂന്ന് ലീഗ് അംഗങ്ങളുടെയും പിന്തുണ ലഭിച്ചു.
അവിശ്വാസത്തിന് ആകെ 22 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഇതില്‍
17 ഇടത് അംഗങ്ങളും മൂന്ന് വിമതരും മൂന്ന് ലീഗ് അംഗങ്ങളുമാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം രാജിവെക്കാന്‍ എ.എ. ഇബ്രാഹിം കുട്ടിയോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇദ്ദേഹം ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവരുന്നത്.
പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയര്‍മാന്റെ ബോര്‍ഡ് കീറി എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. അഴിമതിക്കെതിരായ വിജയമാണ് അവിശ്വാസ പ്രമേയം വിജയിച്ചതോടെ ഉണ്ടായതെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതികരിച്ചു.
നഗരസഭയില്‍ എല്‍.ഡി.എഫ് 17, യു.ഡി.എഫ് 21, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
Content Highlight: Left Party passed a motion of no confidence against the League Vice Chairman with the support of the League in Thrikkakara