| Thursday, 6th July 2023, 10:30 am

സി.പി.ഐ.എം, സി.പി.ഐ എം.പിമാരുടെ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനായി സി.പി.ഐ.എം, സി.പി.ഐ എം.പിമാരുടെ പ്രതിനിധി സംഘം ഇന്ന് ഇംഫാലിലെത്തും. മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

എം.പിമാരായ ബ്രികാശ് രഞ്ജന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, പി. സന്തോഷ് കുമാര്‍, കെ. സുബ്ബരായന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. അഞ്ച് അംഗ സംഘത്തിന്റെ സന്ദര്‍ശനം പ്രഖ്യാപിച്ചതിനൊപ്പം കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ ഇരു പാര്‍ട്ടികളും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ മനസിലാക്കി തുടങ്ങിയെന്നും പാര്‍ട്ടികള്‍ പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന് പകരം പ്രതിപക്ഷ പാര്‍ട്ടികളെ തുരങ്കം വെക്കാനും സംസ്ഥാനങ്ങളില്‍ കൂറുമാറ്റം നടത്താനുമാണ് ബി.ജെ.പി നേതൃത്വം താത്പര്യം കാണിക്കുന്നതെന്നും ഇടതു പാര്‍ട്ടികള്‍ ആരോപിച്ചു.

ചുരാചന്ദ്പൂരിലെയും ഇംഫാല്‍ താഴ്‌വരയിലെയും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ പ്രതിനിധി സംഘം കാണും. ജൂലൈ ഏഴിന് മണിപ്പൂര്‍ ഗവര്‍ണറെ കാണുന്ന സംഘം എട്ടിന് മാധ്യമങ്ങളെയും കാണും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജൂണ്‍ 29, 30 തീയതികളില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ട ചുരാചന്ദ്പൂരിലേക്ക് പ്രവേശിച്ചത്.

റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമായിരുന്നു യാത്ര. സന്ദര്‍ശത്തിനിടെ രാഹുല്‍ ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ സാഹചര്യം അറിയിച്ചിരുന്നു. 17ഓളം സംഘടനാ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കാതിരുന്നത് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമാണ് മണിപ്പൂരിലെത്തിയ ആദ്യ പ്രതിപക്ഷ നേതാക്കള്‍. രഹസ്യ സന്ദര്‍ശനമാണ് ഇവര്‍ നടത്തിയത്.

Content Highlights: Left party MPs will visit riot hit manipur on thursday

We use cookies to give you the best possible experience. Learn more