| Tuesday, 6th October 2020, 3:56 pm

'സഹതാപമല്ല, ആ പെണ്‍കുട്ടിക്ക് നീതി വേണം, ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം'; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹാത്രാസ് സന്ദര്‍ശിച്ച ഇടത് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ നേതാക്കള്‍. കുടുംബത്തിന് വേണ്ടത് നീതിയാണെന്നും അത് ഉറപ്പാക്കണമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

‘ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രക്ഷിതാക്കളെ കണ്ടു. അര്‍ധരാത്രി നിര്‍ബന്ധിച്ച് മൃതദേഹം കത്തിക്കുന്ന നടപടിയൊക്കെ 21ാം നൂറ്റാണ്ടില്‍ കേട്ടു കേള്‍വിയില്ലാത്തതാണ്. ഭരണഘടന പൗരന് അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഞങ്ങള്‍ അവരോട് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇത് അവരോടുള്ള സഹതാപം കൊണ്ടല്ല. അവള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടി, ഈ ഭരണഘടനയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി, ഈ വ്യവസ്ഥിതിയുടെ നീതിയ്ക്കുവേണ്ടി ഞങ്ങള്‍ പോരാടുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

കേസില്‍ സ്വതന്ത്ര അന്വേഷണം നടത്തി വസ്തുതയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടി ശിക്ഷിക്കണം. ഇത് ജാതി തര്‍ക്കമാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതൊക്കെ അന്വേഷിച്ച് കണ്ടു പിടിക്കട്ടെ. അതൊന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വൈകാനുള്ള കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ സന്ദര്‍ശിച്ചത്.

നേരത്തെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണന്‍, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ എ.ആര്‍ സിന്ധു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. വെങ്കട്, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ട്രഷറര്‍ പുണ്യവതി, സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആശാ ശര്‍മ എന്നിവരാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഹാത്രാസ് സന്ദര്‍ശിച്ചിരുന്നു.

കുടുംബത്തിന് പ്രതികളായ സവര്‍ണ വിഭാഗക്കാരുടെ ഭാഗത്ത് നിന്ന് കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ചന്ദ്ര ശേഖര്‍ ആസാദ് പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഹാത്രാസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനും കരുതികൂട്ടി അക്രമമുണ്ടാക്കാനുമാണ് പ്രദേശത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നതെന്നാരോപിച്ച് പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Left party leaders says they will be with the Hathras family till they get justice

Latest Stories

We use cookies to give you the best possible experience. Learn more