| Saturday, 15th October 2022, 8:46 am

രാഷ്ട്രീയത്തടവുകാരെയെല്ലാം ഉടന്‍ മോചിപ്പിക്കണം; സായിബാബയെ കുറ്റവിമുക്തനാക്കിയത് സ്വാഗതം ചെയ്ത് ഇടതു പാര്‍ട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഇടതു പാര്‍ട്ടികള്‍. ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും ആക്ടിവിസ്റ്റുമായ സായിബാബയെ വെള്ളിയാഴ്ചയായിരുന്നു കോടതി വെറുതെവിട്ടത്.

സായിബാബയുടേതിന് സമാനമായി രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

”ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിയതിനെ സി.പി.ഐ.എം സ്വാഗതം ചെയ്യുകയും അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് ഇപ്പോഴും പലരും പീഡിപ്പിക്കപ്പെടുന്നുണ്ട്.

എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കുക,” സി.പി.ഐ.എം പുറത്തുവിട്ട ട്വീറ്റില്‍ പറഞ്ഞു.

സായിബാബയെ ജയിലിലടച്ചത് ‘സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പീഡന’മാണ് (state-sponsored torture) എന്നാണ് സി.പി.ഐ വിഷയത്തില്‍ പ്രതികരിച്ചത്.

‘മാവോയിസ്റ്റ് കേസില്‍ ബോംബെ ഹൈക്കോടതി പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി വിട്ടയച്ചു. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത പീഡനങ്ങള്‍ക്കും ഭീകരതകള്‍ക്കും നുണകള്‍ക്കും ശേഷം സത്യം വിജയിച്ചു.

ഡ്രാക്കോണിയന്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള സമരം ഇനിയും തുടരും!’ സി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.

സായിബാബയെ കുറ്റവിമുക്തനാക്കിയത് ഡ്രാക്കോണിയന്‍ നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന് സി.പി.ഐ.എം.എല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പ്രതികരിച്ചു.

”ജി.എന്‍. സായിബാബയേയും മറ്റ് നാല് പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി! ഇന്നത്തെ ഇന്ത്യയില്‍ ഇത്തരമൊരു നല്ല വാര്‍ത്ത ഒരാള്‍ അപൂര്‍വമായി മാത്രമേ കേള്‍ക്കൂ.

പ്രൊഫസര്‍ സായിബാബ, വീണ്ടും സ്വാഗതം! എല്ലാ രാഷ്ട്രീയ തടവുകാരുടെയും മോചനത്തിനും ഡ്രാക്കോണിയന്‍ നിയമങ്ങള്‍ നിര്‍ത്തലാക്കുന്നതിനുമുള്ള പോരാട്ടത്തിന്റെ വിജയമാണിത്.” ദീപാങ്കര്‍ ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.

അതേസമയം, ‘മാവോയിസ്റ്റ് ബന്ധം’ കേസില്‍ കര്‍ശനമായ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പുറപ്പെടുവിച്ച അനുമതി ഉത്തരവ് ‘മോശവും അസാധുവു’മാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സായിബാബയെ കോടതി വെറുതെവിട്ടത്.

കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍, ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം സായിബാബയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കും. ജസ്റ്റിസ് രോഹിത് ഡിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സായിബാബയോടൊപ്പം കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പേരെ കൂടി കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളേജിലെ പ്രൊഫസറായിരുന്നു സായിബാബ. ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരിക്കെയാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

2018 മാര്‍ച്ച് ഏഴിനായിരുന്നു സായിബാബയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പോളിയോ ബാധിതനായ സായിബാബയുടെ ശരീരത്തിന്റെ തൊണ്ണൂറ് ശതമാനവും തളര്‍ന്ന നിലയിലാണ്.

റെവലൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മാവോവാദി സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു 2013ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2017ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് എട്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ അദ്ദേഹം മോചിതനായിരിക്കുന്നത്.

Content Highlight: Left parties welcome GN Saibaba’s acquittal and demand immediate release of all political prisoners

We use cookies to give you the best possible experience. Learn more