ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുന്നു; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടത് പാര്‍ട്ടികള്‍
Donald Trump's India Visit
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുന്നു; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടത് പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd February 2020, 5:21 pm

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ഇടതുപാര്‍ട്ടികള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രതിഷേധം നടത്തുന്നത്.

അഹമ്മദാബാദില്‍ പ്രതിഷേധ പരിപാടികള്‍ നടത്തണമെന്ന് സി.പി.ഐ.എമ്മും സി.പി.ഐയും പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ട്രംപ് മോദിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ക്കാര്‍ മോദി സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുകയാണെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

സ്വതന്ത്ര വിദേശനയം പിന്തുടരുന്നതിനു പകരം സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണ് എന്നത് ഗൗരവമേറിയ കാര്യമാണ്. അതേസമയം അമേരിക്ക അതിന്റെ ആധിപത്യ നയങ്ങള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരുകയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജയും അഭിപ്രായപ്പെട്ടു.

ട്രംപിന്റെ ഇന്ത്യാസന്ദര്‍ശന ദിനത്തില്‍ പ്രതിഷേധമാചരിക്കുമെന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചു. ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കുള്ള മരണവാറണ്ടാണ് ട്രംപിന്റെ സന്ദര്‍ശനം വരുത്തിവെക്കുകയെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ