ന്യൂദല്‍ഹി: സി.പി.ഐ.എം സി.പി.ഐ എന്നീ പാര്‍ട്ടികളുടെ ലയനം ജനങ്ങളുടെ ആവശ്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള.
സി.പി.ഐ മുഖപത്രത്തില്‍ ബിനോയ് വിശ്വം എഴുതിയ മുഖപ്രസംഗത്തിലാണ് ഇടത് ഐക്യത്തെക്കുറിച്ച് ആദ്യം പരാമര്‍ശിച്ചിരിന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയായിരുന്നു ഇത്. ലയനം ഇപ്പോള്‍ നടക്കില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ലയനത്തിനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ബിനോയ് വിശ്വത്തിന്റെ പ്രസ്ഥാവനയോട് പ്രതികരിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഉമാനാഥ് അനുസ്മരണത്തിനിടെ സി.പി.ഐ തമിഴ്‌നാട് ഘടകം മുന്‍ സെക്രട്ടറി നല്ലകണ്ണും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ലയനത്തെ അനുകൂലിച്ച് സംസാരിക്കുകയുണ്ടായി.
ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ലയനത്തെ അനുകൂലിച്ചു കൊണ്ട് രാമചന്ദ്രപിള്ള രംഗത്തു വന്നിരിക്കുന്നത്. ഇതോടെ ലയനം എന്നതു ഇടതു പാര്‍ട്ടികളില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ലയനം വേണമെന്ന് ആഗ്രഹിക്കുന്നവരെപ്പോലെ തന്നെ ലയനത്തെ ശക്തമായി എതിര്‍ക്കുന്നവരും ഇരുപക്ഷത്തുമുണ്ട്. പിളര്‍പ്പിലേക്ക് നയിച്ച പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം മാറാത്തിടത്തോളം ഇരുപാര്‍ട്ടികളും തമ്മില്‍ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകുന്നതിനാണ് സി.പി.എം ഊന്നല്‍ നല്‍കുക- രാമചന്ദ്രപിള്ള പറയുന്നു.