പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സി.പി.ഐ.എം.എല്‍. മത്സരിച്ച 19 സീറ്റുകളില്‍ 13 സീറ്റിലും സി.പി.ഐ.എം.എല്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാല് സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ.എം മൂന്ന് സീറ്റുകളിലും മുന്നിലാണ്. ആറ് സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ രണ്ട് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ആകെ 29 സീറ്റുകളില്‍ മത്സരിക്കുന്ന ഇടത് പാര്‍ട്ടികള്‍ 18 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
സി.പി.ഐ.എം.എല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ബീഹാറില്‍ സി.പി.ഐ.എം.എല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മഹാസഖ്യത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെച്ചതും സി.പി.ഐ.എം.എല്ലാണ് എന്നായിരുന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത്.
സി.പി.ഐ.എം.എല്ലിന്റെ പ്രധാന സ്വാധീന മേഖലയായ ഭോജ്പൂരില്‍ സഖ്യം നന്നായി പ്രവര്‍ത്തിച്ചതായാണ് വിലയിരുത്തല്‍.
അതേസമയം, നിലവില്‍ ബീഹാറില്‍ എന്‍.ഡി.എയാണ് മുന്നിട്ട് നില്‍ക്കുന്നത്. 123 സീറ്റുകളിലാണ് ലീഡ്. മഹാസഖ്യത്തിന് 16 സീറ്റുകളിലാണ് ലീഡ് ഉള്ളത്.
243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.
കിഴക്കന്‍ ചമ്പാരന്‍ (12 നിയമസഭാ മണ്ഡലങ്ങള്‍ ), ഗയ (10 സീറ്റുകള്‍), സിവാന്‍ (എട്ട് നിയോജകമണ്ഡലങ്ങള്‍), ബെഗുസാരായി (ഏഴ് നിയോജകമണ്ഡലങ്ങള്‍) എന്നിങ്ങനെ നാല് ജില്ലകളിലായി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഒക്ടോബര്‍ 28 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 16 ജില്ലകളിലായി 71 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,066 സ്ഥാനാര്‍ത്ഥികള്‍).
രണ്ടാം ഘട്ടം നവംബര്‍ 3 നായിരുന്നു. 17 ജില്ലകളിലെ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത് (1,463 സ്ഥാനാര്‍ത്ഥികള്‍).
നവംബര്‍ 7 ന് നടന്ന മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,204 സ്ഥാനാര്‍ത്ഥികള്‍).
എക്സിറ്റ് പോളുകള്‍ എല്ലാം തന്നെ പറയുന്നത് ബീഹാറില്‍ മഹാസഖ്യം വിജയിക്കുമെന്നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക