ന്യൂദൽഹി: എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇടത് പാർട്ടികളെ അളക്കരുതെന്ന് സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്. ഇടതു പാർട്ടികളുടെ സീറ്റെണ്ണം കുറയുന്നുണ്ടെന്നത് യാഥാർഥ്യമാണെങ്കിലും പൊതു സംസ്ക്കാരത്തിന് അവരുടെ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും യോഗേന്ദ്ര യാദവ് പങ്കെടുത്തിരുന്നു.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് വേണ്ടി മനോജ് മേനോന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിന്റെ മാത്രം അടിസ്ഥാനത്തിൽ രാജ്യത്തെ ഇടതുപാർട്ടികളുടെ സംഭാവനകളെ അളക്കരുത്. ഇടതു പാർട്ടികളുടെ സീറ്റെണ്ണം കുറയുന്നുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ പൊതു സംസ്ക്കാരത്തിന് അവരുടെ സംഭാവന വളരെ വലുതാണ്. ഇടതുപക്ഷത്തിന്റെ റോൾ വില കുറച്ച് കണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ചിന്തകരെ നമുക്ക് തന്നത് ഇടതുപക്ഷമാണ്. രാജ്യത്തെ ഉന്നത കലാകാരൻമാരിൽ ചിലരെ തന്നതും ഇടതുപക്ഷമാണ്. ഇടതുപക്ഷം കാരണമാണ് പഞ്ചാബിന് ആഴമുള്ള ജനാധിപത്യ സംസ്കാരം ഉണ്ടായത്. തെലങ്കാനക്ക് പൊതുപ്രതിരോധത്തിന്റെ സംസ്കാരമുണ്ടായതും കേരളം, ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിരോധ തലം രൂപപ്പെട്ടതും ഇടതുപക്ഷം കാരണമാണ്, യോഗേന്ദ്ര യാദവ് പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ രണ്ടുതരം ശക്തികളെയാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കിനെ തകർക്കാൻ ശ്രമിക്കുന്നവരും റിപ്പബ്ലിക്കിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നവരുമാണ് അവരെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ അവശേഷിപ്പുകൾ രാജ്യത്തെ പ്രതിരോധശക്തിയുടെയും റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിന്റെയും വളരെ നിർണായക ഭാഗമാണെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ജനാധിപത്യത്തെ തിരിച്ച് പിടിക്കാൻ ഇടതുപക്ഷത്തിന് രാജ്യത്ത് വളരെ നിർണായകമായ റോൾ നിർവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: left parties have major role to play in recapturing the Republic; Yogendra Yadav