ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ എതിര്‍ക്കുക, വര്‍ഗീയതയ്‌ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക എന്നിവയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ഡ. വിലക്കയറ്റം, തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം, ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ നയങ്ങള്‍ എന്നിവയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് യോഗത്തിന് ശേഷം ഇടത് പാര്‍ട്ടികള്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി ഒരാഴ്ച നീണ്ട പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. ഈമാസം എട്ട് മുതല്‍ 14 വരെയാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക.
ദേശീയ സംസ്ഥാന തലത്തില്‍ എല്ലാ ഇടത് പാര്‍ട്ടികളും ഈ പ്രതിഷേധങ്ങളില്‍ പങ്കാളികളാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിന് ശേഷം വര്‍ഗീയതയ്‌ക്കെതിരെ ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം ഈ കണ്‍വെന്‍ഷന്റെ തിയ്യതി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയതയ്‌ക്കെതിരെയുള്ള ഇടത് ഐക്യം സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ചുനാളുകളായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 17 പ്രമുഖ ഇടത് പാര്‍ട്ടികളുടെ നേതാക്കളുമായി സി.പി.ഐ.എം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്ന് ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരിക്കുന്നത്.
40 വര്‍ഷത്തെ രാഷ്ട്രീയ പോര് മറന്നാണ് എസ്.യു.സി.ഐ സി.പി.ഐ.എമ്മിനൊപ്പം യോഗത്തിനെത്തിയിരിക്കുന്നത്. 1967ല്‍ സി.പി.ഐ.എം ബംഗാളില്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ എസ്.യു.സി.ഐയും ഉണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം 1974 മുതല്‍ തകരാന്‍ തുടങ്ങി. ജയപ്രകാശ് നാരായണന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തെച്ചൊല്ലിയുടെ ഭിന്നതയാണ് അകല്‍ച്ചയ്ക്ക് കാരണമായത്. ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭത്തില്‍ ഇടതുപക്ഷവും ചേരണമെന്ന എസ്.യു.സി.ഐയുടെ ആവശ്യം സി.പി.ഐ.എം തള്ളിയതാണ് കാരണം.
ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്ത സിംഗൂര്‍, നന്ദിഗ്രാം സമരങ്ങള്‍ക്ക് മുന്നില്‍ എസ്.യു.സി.ഐ ഉണ്ടായിരുന്നു. 2007ലെ നന്ദിഗ്രാം പോലീസ് വെവെപ്പിന് ശേഷം അവര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഐക്യത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് ഇടത് ഐക്യത്തിനായി ഇരുപാര്‍ട്ടികളും മുന്നോട്ടുവന്നിരിക്കുന്നത്.
എസ്.യു.സി.ഐയെ ഇടത് ഐക്യത്തിലേക്ക് ക്ഷണിക്കുന്നതിനായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എസ്.യു.സി.ഐ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇടത് ഭരണകാലത്ത് 161 എസ്.യു.സി.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തേത് പ്രശ്‌നാധിഷ്ഠിതമായ ഐക്യപ്പെടല്‍ മാത്രമാണെന്നാണ് എസ്.യു.സി.ഐ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചത്.
കേരളത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്‌ക്കൊപ്പമാണ് എസ്.യു.സി.ഐ. ദേശീയാടിസ്ഥാനത്തിലെ സഖ്യം കേരളത്തിലും ബംഗാളിലും ബാധകമല്ലെന്ന് എസ്.യു.സി.ഐ സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. കേരളത്തില്‍ നിലവിലുള്ള സഖ്യം തുടരുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.
ആര്‍.എസ്.പി കേരളഘടകം യോഗത്തില്‍ പങ്കുചേര്‍ന്നിട്ടില്ല. ഇടത് ഐക്യത്തില്‍ കേരളഘടകവും പങ്കുചേരണമെന്ന് ആര്‍.എസ്.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.