| Friday, 11th June 2021, 8:05 pm

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ല; പ്രഫുല്‍ പട്ടേലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കി ഇടത് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഇടത് എം.പിമാര്‍ അവകാശലംഘന നോട്ടിസ് നല്‍കി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയാണ് ലോകസഭയിലും രാജ്യസഭയിലും എം.പിമാര്‍ അവകാശലംഘന നോട്ടിസ് നല്‍കിയത്.

സഭാ ചട്ടം 187 പ്രകാരം രാജ്യസഭയില്‍ എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാര്‍, വി.ശിവദാസന്‍, കെ.സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവരും സഭാ ചട്ടം 222 പ്രകാരം എ.എം.ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ ലോക്‌സഭയിലുമാണ് നോട്ടിസ് നല്‍കിയത്.

നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലക്ഷദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കത്ത് നല്‍കിയിരുന്നു.

പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റ ശേഷം ലക്ഷദ്വീപിലുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കണമെന്ന ദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്തിയും പുതിയ പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു തീരുമാനം.

എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കണമെന്ന നിര്‍ദേശമാണ് ലഭിച്ചത്. ഈ നിലപാട് ദൗര്‍ഭാഗ്യകരവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

കത്തിന് മറുപടി തരാന്‍ പോലും ദ്വീപ് ഭരണകൂടം തയ്യാറായില്ലെന്നെന്നും ഇത് പാര്‍ലമെന്റ് അംഗങ്ങളോടുള്ള അവഹേളനമാണെന്നും എം.പിമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Left MPs file infringement notice against Lakshadweep Administrator Praful Patel

We use cookies to give you the best possible experience. Learn more