| Friday, 22nd June 2018, 12:18 pm

കഞ്ചിക്കോട് കോച്ച് ഫാക്ടറി മരവിപ്പിച്ച നടപടി; കേന്ദ്രസര്‍ക്കാരിന്റേത് ക്രൂരമായ വിവേചനം : പ്രതിഷേധവുമായി ഇടത് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച്ഫാക്ടറി പ്രവര്‍ത്തനം മരവിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൂരമായ വിവേചനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍.ഡി.എഫ് എം.പിമാര്‍ കേന്ദ്ര റെയില്‍ ഭവനു മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ALSO READ: പിഞ്ചുകുഞ്ഞിനെ അമ്മയില്‍ നിന്നും തട്ടിയെടുത്ത് വിറ്റത് 80,000 രൂപക്ക്; യുവതിയും സംഘവും അറസ്റ്റില്‍


36 വര്‍ഷത്തെ വാഗ്ദാന ലംഘനത്തിന്റെ ഭാഗമാണ് കഞ്ചിക്കോട് ഫാക്ടറിയെന്ന് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍ പറഞ്ഞു. “കേന്ദ്രസര്‍ക്കാരുകള്‍ കേരളത്തെ കബളിപ്പിക്കുകയായിരുന്നു. ഇടതുപിന്തുണയോടെ യു.പി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴാണ് സ്ഥിതിക്ക് മാറ്റം വന്നതും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അനുമതിയായതും. എന്നാല്‍ പിന്നീട് അതില്‍ കാര്യമായ പുരോഗതികളൊന്നും ഉണ്ടായില്ല”- പിണറായി വിജയന്‍.

കോച്ചുകള്‍ കേരളത്തിന് ആവശ്യമുണ്ട്. അക്കാര്യം കേന്ദ്രം അവഗണിക്കുകയാണെന്നും ഹരിയാനയില്‍ കോച്ച് ഫാക്ടറി ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പിണറായി ആരോപിച്ചു. കേരളം ഭരിക്കുന്നത് ഇടതു സര്‍ക്കാരായതുകൊണ്ടാണ് ബി.ജെ.പിയുടെ ഈ നിരുത്തരവാദ നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.

ഏതു സാഹചര്യത്തിലും കോച്ച്ഫാക്ടറി കഞ്ചിക്കോട്ട് അനുവദിച്ചേ തീരൂ എന്നതാണ് എല്‍.ഡി.എഫ് എം.പിമാരുടെ ആവശ്യം. രാജ്യത്ത് ആവശ്യത്തിന് റെയില്‍ കോച്ച്ഫാക്ടറികളുണ്ട്.

അതുകൊണ്ട് കഞ്ചിക്കോട്ട് പുതിയ ഫാക്ടറി അനുവദിക്കാനാവില്ലെന്നാണ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പാലക്കാട് എം.പി എം.ബി.രാജേഷിന് കത്തയച്ചത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി

We use cookies to give you the best possible experience. Learn more