2015 മാര്‍ച്ച് 13. കേരള നിയമസഭാ ചരിത്രത്തിലെ മറക്കാനാകാത്ത പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ ദിവസം കടന്നുപോയത്. യു.ഡി.എഫ് മന്ത്രിസഭയിലെ ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍കോഴ വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുകയായിരുന്നു. കോഴവിവാദങ്ങളുടെ മുഖ്യ ആരോപണ ബിന്ദുവായ അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണിയുടെ ബജറ്റ് തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം.എല്‍.എമാര്‍ അന്ന് പ്രതിഷേധം സംഘടിപ്പിച്ചു.
ബാര്‍കോഴ ആരോപണവിധേയനായ കെ.എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് തടയുകയായിരുന്നു പ്രതിഷേധത്തിന്റെ പ്രധാന ലക്ഷ്യം. കേരള നിയമസഭയ്ക്കുള്ളില്‍ പിന്നീട് നടന്നത് പ്രതിഷേധത്തിന്റെ മൂര്‍ത്തരൂപങ്ങളായിരുന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധം കൈയ്യാങ്കളിയിലേക്ക് നീങ്ങി. നിയമസഭാ സ്പീക്കറുടെ ഡയസിനടുത്തെത്തിയ പ്രതിഷേധം സംസ്ഥാനത്തിന് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടമാണ്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന് നിയമസഭാ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.
വി. ശിവന്‍കുട്ടി എം.എല്‍.എ, കെ.ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത്ത്, സി.കെ സദാശിവന്‍, ഇ.പി ജയരാജന്‍, തുടങ്ങിയവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 2015 ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് ആരോപണവിധേയരായ എം.എല്‍.എമാര്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.
എന്നാല്‍ കേരള രാഷ്ട്രീയം പിന്നീട് സാക്ഷ്യം വഹിച്ചത് വലിയ മാറ്റങ്ങള്‍ക്കായിരുന്നു. ബാര്‍ കോഴയടക്കമുള്ള അഴിമതിക്കേസുകള്‍ യു.ഡി.എഫ് സര്‍ക്കാരിനു മേല്‍ കരിനിഴലാകുകയും തുടര്‍ന്ന് നടന്ന് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം സ്വന്തമാക്കി അധികാരത്തിലെത്തുകയും ചെയ്തതിനുശേഷമായിരുന്നു മാണിയുടെ കൂടുമാറ്റം.
കേരള കോണ്‍ഗ്രസിലെ സമുന്നതനായ നേതാവും, ഏറ്റവും കൂടുതല്‍ തവണ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുവെന്ന റെക്കോര്‍ഡുകളുമുള്ള കെ.എം മാണി യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ്സിനും യു.ഡി.എഫിനുമേറ്റ ഏറ്റവും വലിയ പ്രഹരമെന്നതിലുപരി കേരളത്തിന്റെ കക്ഷി രാഷ്ട്രീയത്തെ മാറ്റി മറിച്ച സംഭവം കൂടിയായിരുന്നു ഇത്.
ബാര്‍കോഴ വിവാദങ്ങളില്‍ നിയമനടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെ മാണിയുടെ ചുവടുമാറ്റം കേരള രാഷ്ട്രീയത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ തിരിച്ചടിയാണുണ്ടാക്കിയത്.
എന്നാല്‍ ഇരുമുന്നണിയിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുന്നണി വിട്ടതിനുശേഷം മാണി അറിയിച്ചു. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെ ഒഴിവാക്കാന്‍ മാണി വിഭാഗം കൂടെ നില്‍ക്കുന്നത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരു പോലെ ഗുണം ചെയ്യും. അതിനായി അനുനയങ്ങള്‍ വ്യാപകമായി നടന്നു. യു.ഡി.എഫിലേക്ക് തിരിച്ചു വരാനുള്ള ക്ഷണങ്ങള്‍ വ്യാപകമായി കേരള കോണ്‍ഗ്രസ്സിനുമേല്‍ ഉണ്ടായി. എന്നാല്‍ ഒരു മുന്നണിയിലും ചേരാനില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് മാണി വിഭാഗം ഉറച്ചു നില്‍ക്കുന്നത്.
അതേസമയം അന്നു മാണിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ എല്‍.ഡി.എഫിലെ ഏറ്റവും വലിയ കക്ഷിയായ സി.പി.ഐ.എം തന്നെ മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാണിക്കെതിരെ കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ ബാര്‍കോഴയിലെ വിജിലന്‍സ് കേസ് അവസാനിപ്പിക്കണമെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കേസില്‍ മാണിക്കെതിരെ സാഹചര്യത്തെളിവുകള്‍ ഇല്ലെന്ന് വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ ബാര്‍കോഴ കേസ് അവസാനിക്കുമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും അവസാനിപ്പിക്കാന്‍ ഹൈക്കോടതി 45 ദിവസത്തെ സമയം വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകാനിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മാണിയുടെ പ്രവേശനം ഏതു മുന്നണിയിലേക്കാണ് എന്ന ചര്‍ച്ചകള്‍ കത്തിനില്‍ക്കുന്ന അവസരത്തിലാണ് നിയമസഭയ്ക്കുള്ളില്‍ നടത്തിയ കയ്യാങ്കളിക്കേസുകള്‍ പിന്‍വലിക്കാന്‍ ഇടതുപക്ഷ എം.എല്‍.എമാര്‍ നിവേദനവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിനിടെ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തിന്റെ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സാമാജികരായ വി.എസ് ശിവന്‍കുട്ടി എം.എല്‍.എ, അടക്കം 6 എം.എല്‍.എ മാരാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചതാണ് നിയമസഭയിലെ അക്രമമെന്നാണ് ഇപ്പോള്‍ എം.എല്‍.എമാരുടെ നിലപാട്.
ബാര്‍കോഴ കള്ളന്‍ എന്ന് മാണിയെ വിശേഷിപ്പിച്ച ഇടതു നേതൃത്വം മാണിയെ തങ്ങളുടെ മുന്നണിയിലേക്ക് സ്വീകരിക്കുന്നതിന്റെ ആദ്യ പടിയാണോ നിയമസഭാകേസുകള്‍ പിന്‍വലിക്കാനുള്ള നീക്കമെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാവുന്നത്. എം.എല്‍.എമാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല നിര്‍വ്വഹിക്കുന്ന മുഖ്യമന്ത്രിയാണ്.
കെ.എം. മാണിയെ എല്‍.ഡി.എഫിലേക്ക് സ്വീകരിക്കുക എന്ന വിഷയത്തിന്‍മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ വിചിത്രമാണ്. കാരണം ഇടതുമുന്നണിക്ക് കോണ്‍ഗ്രസ്സ് ഐക്യം ആവശ്യമില്ലെന്ന് സി.പി.ഐഎം കേന്ദ്രക്കമ്മിറ്റിയില്‍ ഐകകണ്ഠ്യേന തീരുമാനമെടുത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ഏറെക്കാലം ഒരുമുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗവുമായി സഖ്യമുണ്ടാക്കാനുള്ള താല്പര്യങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം പാര്‍ട്ടിക്കുള്ളിലെ വിരോധാഭാസമാണ് കാണിക്കുന്നത്.
“അതേസമയം കോണ്‍ഗ്രസ്സുമായി കൂട്ട് പാടില്ലെങ്കിലും മറ്റ് മത-രാഷ്ട്രീയ സംഘടനകളുമായി സഖ്യം പാടില്ലെന്നത് ഇടതുപക്ഷത്തിന്റെ പ്രധാന പ്രത്യയശാസ്ത്രങ്ങളിലൊന്നാണ്. ഇത്തരം സംഘടനകളെ ഫാസിസ്റ്റ് ശക്തികളായിട്ടാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയെ സ്വീകരിക്കാന്‍ സി.പി.ഐ.എം കാണിക്കുന്ന താല്പര്യം വിചിത്രമാണ്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ് കെ.എം മാണിയുടേത് എന്നതാണ് ഈ വിചിത്രവാദത്തിന്റെ ഉത്തമ ഉദാഹരണം.” -രാഷ്ട്രീയ നിരീക്ഷകനായ അഭിലാഷ് വി.സി പറയുന്നു.
പ്രതിപക്ഷത്തായിരുന്ന കാലത്തില്‍ അഴിമതിക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായി സംഘടിപ്പിച്ചിരുന്ന ഇടതുപക്ഷ പ്രസ്ഥാനം അതേ അഴിമതി ആരോപണ വിധേയനായ നേതാവുമായി രാഷ്ട്രീയ ഐക്യം രൂപീകരിക്കുന്നത് രാഷ്ട്രീയ മര്യാദകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. ന്യൂനപക്ഷമായി, സ്വതന്ത്രനിലപാടുകള്‍ എടുത്തുകൊണ്ട് മുന്നോട്ട് വരുന്ന സി.പി.ഐയെ നിശബ്ദമാക്കുന്നതിന്റെ ഭാഗമാണ് മാണി വിഭാഗത്തെ സ്വീകരിക്കാന്‍ നടത്തുന്ന നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയാണിത്. മാത്രമല്ല മാണി വിഭാഗവുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ സി.പി.ഐ എടുത്ത നിലപാടുകള്‍ രാഷ്ട്രീയപരമായി ശരിയാണെന്നു തന്നെയാണ് വിശ്വസിക്കുന്നത്.”
സി.പി.ഐ.എമ്മിനിന്ന് സി.പി.ഐലേക്കുള്ള കൊഴിഞ്ഞുപോക്കുകള്‍ കൂടുതലാണ്. ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് സി.പി.ഐയെ പ്രബലമാക്കുകയും അത് സി.പി.ഐ.എം ന് ഭീഷണിയാവുകയും ചെയ്യുമെന്ന ഭയം പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ടെന്നും അഭിലാഷ് നിരീക്ഷിക്കുന്നു. വിധേയപ്പെട്ടു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് സി.പി.ഐക്കെതിരെയുള്ള ആയുധമായി മാണിയെ ഉപയോഗിക്കുകയാണെന്നും അഭിലാഷ് പറയുന്നു.
ഇടതുമുന്നണിയുമായി യാതൊരു വിധത്തിലും അനുഭാവം പുലര്‍ത്താത്ത കെ.എം മാണിയുടെ പ്രസ്ഥാനവുമായി എങ്ങനെ സി.പി.ഐ.എമ്മിന് യോജിച്ചുപോകാന്‍ കഴിയുമെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് അഭിപ്രായപ്പട്ടത്. “കേരളാ കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഇടതുപക്ഷം ശ്രമങ്ങള്‍ നടത്തുന്നത് വളരെ പരിഹാസ്യകരമാണ്.”
നിയമസഭയില്‍ നടന്ന കേസുകള്‍ പിന്‍വലിക്കാന്‍ എം.എല്‍.എമാര്‍ നിവേദനം നല്‍കിയതിന് കേരളകോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിക്കാന്‍ വേണ്ടിയാണെന്നര്‍ത്ഥമുണ്ടെങ്കില്‍ അത് തികച്ചും തെറ്റായ തീരുമാനമായിരിക്കും. കേരളത്തിന്റെ സാമ്പത്തികസ്ഥിതി എറ്റവും കൂടുതല്‍ തകരാനുള്ള പ്രധാന കാരണം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മന്ദഗതിയിലുള്ള പോക്കിനുകാരണം യു.ഡി.എഫിന്റെ അഞ്ചുവര്‍ഷക്കാലത്തെ വഴിവിട്ട ഭരണം തന്നെയാണ്. 2011-16 കാലത്തെ യു.ഡി.എഫ് ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ജേക്കബ് പറയുന്നു. “മാണിയുടെ നേതൃത്വത്തില്‍ നടന്ന ധനകാര്യ ക്രമക്കേടിന്റെ ഫലങ്ങള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളകോണ്‍ഗ്രസ്സ്-മാണി വിഭാഗം സഖ്യത്തിലേര്‍പ്പെടാന്‍ താല്പര്യം കാണിക്കുന്നതിനെ തികച്ചും അപഹാസ്യമെന്ന നിലയിലാണ് കാണേണ്ടത്.”
എന്തുകൊണ്ടാണ് മാണി വിഭാഗത്തെ സഖ്യ കക്ഷിയാക്കാന്‍ സി.പി.ഐ.എം ആഗ്രഹിക്കുന്നത് എന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതായത് ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് സി.പി.ഐ. ഭൂരിപക്ഷം വരുന്ന ഇടതുപക്ഷത്തിന്റെ അനുഭാവികളും സി.പി.ഐ.എം അനുഭാവികള്‍ കൂടിയാണ്. പാര്‍ട്ടിയുടെ പ്രധാനഘടകമായ സി.പി.ഐയുമായുള്ള ഐക്യത്തിലെ വിള്ളലുകള്‍ സി.പി.ഐ.എമ്മിനെ ബാധിക്കുന്നുമുണ്ട്. സി.പി.ഐയുമായുള്ള ഇടച്ചില്‍ രൂക്ഷമാകാതിരുന്നെങ്കില്‍ കേരളകോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിനുള്ള താല്പര്യങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല.
സി.പി.ഐയെ ഉപേക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിലവില്‍ മാണി വിഭാഗത്തോട് സി.പി.ഐ.എം ചായ്വ് കാണിക്കുന്നതിന്റെ പ്രധാന കാരണം. തോമസ് ചാണ്ടി വിഷയങ്ങളില്‍ സി.പി.ഐ എടുത്ത നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിഭാഗീയത കൂടുതല്‍ ശക്തമാക്കി. ഈ സാഹചര്യത്തെ മറികടന്ന് പാര്‍ട്ടിയില്‍ നിന്നും സി.പി.എ യെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് കേരളകോണ്‍ഗ്രസ്സിനുമേല്‍ സി.പി.ഐ.എമ്മിന് താല്പര്യം ഉണ്ടാകാനുള്ള കാരണങ്ങളെന്നാണ്.
രാഷ്ട്രീയ സഖ്യരൂപീകരണം ജനാധിപത്യ സംവിധാനത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. എന്നാല്‍ ഇടതു പക്ഷത്തിന്റെ വലതു സഖ്യരൂപീകരണത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൃത്യമായ പരിഹാരമില്ലാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. മുന്നണിക്കുള്ളിലെ വിഭാഗിയതകളെ രമ്യമായി പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് ഉത്തമം. കോണ്‍ഗ്രസ്സ്- മാണി സഖ്യരൂപീകരണത്തിന് നടത്തുന്ന ശ്രമങ്ങള്‍ ആണ് നിയമസഭാ കേസുകളുടെ പിന്‍വലിക്കലിലൂടെ ലക്ഷ്യമാക്കുന്നതെങ്കില്‍ അത് രാഷ്ട്രീയചരിത്രത്തിലെ തിരുത്താന്‍ കഴിയാത്ത അബദ്ധമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രധാനവാദം.