മലപ്പുറം: തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടിക്ക് എതിരെ വിവാദപരാമര്‍ശവുമായി താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍ തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ടെന്നും ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നുമാണ് വി. അബ്ദുറഹ്മാന്‍ പറഞ്ഞത്. തിരൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ച് ഇടത് എം.എല്‍.എ അബ്ദുറഹ്മാനും മുസ്‌ലിം ലീഗ് എം.എല്‍.എ സി. മമ്മൂട്ടിയും തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
സര്‍ക്കാര്‍ തിരൂര്‍ മണ്ഡലത്തെ അവഗണിക്കുന്നെന്നായിരുന്നു സി. മമ്മൂട്ടി നേരത്തെ ആരോപിച്ചത്. . ഇതിനെതിരെ വി അബ്ദുറഹ്മാനും തിരിച്ച് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മലയാളം സര്‍വകലാശാല വിവാദമടക്കം പരാമര്‍ശിച്ച് സി. മമ്മൂട്ടി അബ്ദുറഹ്മാനെതിരെ വീണ്ടും രംഗത്തു വന്നു. ഇതിനെതിരെയായിരുന്നു അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ വിവാദ പ്രസ്താവന.
‘ വികസനകാര്യങ്ങള്‍ കൃത്യതയോടു കൂടി ചെയ്യുന്ന മറ്റുള്ളവരില്‍ അസൂയപൂണ്ടിട്ട് ഒരു കാര്യവുമില്ല. സ്വന്തമായി കഴിവുവേണം. ആദിവാസികളുടെ ഇടയില്‍ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാന്‍ വരേണ്ട. ഞങ്ങള്‍ തിരൂരില്‍ ജനിച്ചു വളര്‍ന്ന ആള്‍ക്കാര്‍ ആണ്. ഞങ്ങള്‍ ആദിവാസി ഗോത്രത്തില്‍ നിന്നും വന്ന ആളുകളല്ല,’ അബ്ദുറഹ്മാന്‍ എം.എല്‍.എ മാധ്യമങ്ങളുടെ മുമ്പാകെ പറഞ്ഞു.