കോട്ടയം: രാജ്യത്ത് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ രാജ്യത്ത് അധികാരത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.
ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡല്‍ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐ.എം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തില്‍ ഒരു സാധ്യതയുമില്ല. കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ടു കൊണ്ടാണ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്. നാല് പതിറ്റാണ്ടിന് ശേഷം കേരളത്തില്‍ തുടര്‍ ഭരണം കിട്ടിയെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ല,’ ജോസ് കെ. മാണി പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. കോണ്‍ഗ്രസിന് രാജ്യത്തെ നയിക്കാന്‍ കഴിയില്ല. മോദി സര്‍ക്കാരിന് മുന്നില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കേന്ദ്രം നടത്തുന്നത് ബുള്‍ഡോസര്‍ ഭരണമാണെന്ന് ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുന്നാം മുന്നണി സാധ്യത ചര്‍ച്ചയായി സി.പി.ഐ.എം ദേശിയ നേതാക്കള്‍ രണ്ട് ദിവസം മുമ്പ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്തത്.
സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സി.പി.ഐ.എം പി.ബി നേരത്തെ വിലയിരുത്തിയിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചെന്നും സി.പി.ഐ.എം നേതാക്കള്‍ ഇതിനെ അനുകൂലിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സംഖ്യം വേണ്ടെന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തിരുന്നു.
യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.
വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയാണ് സി.ഐ.ഐ.എം നിലപാട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Left-leaning regional parties will rule the country next time: Jose K. Mani