കരുനാഗപ്പള്ളി: ലൗ ജിഹാദിനെ പറ്റി ഇടതുനേതാക്കള്‍ സംസാരിക്കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഷയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
കരുനാഗപ്പള്ളിയില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം ജനങ്ങളാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യം കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്ന അതേ സമീപനമാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെന്ന് പ്രിയങ്ക ആരോപിച്ചു
സംസ്ഥാനത്തെ യഥാര്‍ത്ഥ സ്വര്‍ണം ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. നിര്‍ഭാഗ്യവശാല്‍, ഇതിന് നേരെ വിപരീതമായാണ് ഇവിടുത്തെ മുഖ്യമന്ത്രിയും സര്‍ക്കാരും പെരുമാറുന്നത്. വിദേശത്തെ സ്വര്‍ണത്തിലും സ്വര്‍ണ കടത്തിലും ആഴക്കടല്‍ മത്സ്യബന്ധന കരാറുകള്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ.
കോണ്‍ഗ്രസിന് ഊര്‍ജസ്വലരും ചെറുപ്പക്കാരുമായ അമ്പതിലധികം സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ളവരും കലാരംഗത്തുള്ളവരും അവരില്‍ പെടുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭയത്തിന്റെയും വഞ്ചനയുടെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയമാണ് സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പ്രിയങ്ക പറഞ്ഞു.
കന്യാസ്ത്രീകളുടെ മതം ചോദിക്കാന്‍ ആരാണ് സംഘപരിവാറിന് അധികാരം നല്‍കിയതെന്ന് പ്രിയങ്ക ചോദിച്ചു. തിരഞ്ഞെടുപ്പ് സമയമായതിനാലാണ് കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിപ്പറഞ്ഞതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
‘സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നെന്ന് പറയുന്ന ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത്? യു.പി മുഖ്യമന്ത്രി കേരളത്തില്‍ വന്നാല്‍ ലവ് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്ന അതേ ഭാഷയിലാണ് ഇവിടെ സി.പി.ഐ.എമ്മിന്റെ സഖ്യകക്ഷികള്‍ ലവ് ജിഹാദിനെക്കുറിച്ച് പറയുന്നത്’, എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഓരോ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവരുമ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അതിനെക്കുറിച്ച് അറിയില്ലെന്നാണ്. ഇത്തരം ഒരു കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലെങ്കില്‍ ആരാണ് ഈ സര്‍ക്കാരിനെ ഭരിക്കുന്നത് എന്ന് അദ്ദേഹത്തോട് ചോദിക്കണം എന്നും പ്രിയങ്ക പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക