അക്രമങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സി.പി.ഐ.എം ബഹിഷ്‌കരിക്കും; ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്നും ആവശ്യം
Tripura
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സി.പി.ഐ.എം ബഹിഷ്‌കരിക്കും; ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്നും ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2018, 9:20 pm

അഗര്‍ത്തല: തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തു നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇടതുമുന്നണി ബഹിഷ്‌കരിക്കുമെന്ന് സി.പി.ഐ.എം. ആസാം റൈഫിള്‍സ് മൈതാനത്ത് വെള്ളിയാഴ്ചയാണ് ബി.ജെ.പി-ഐ.പി.എഫ്.ടി മുന്നണിയുടെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

അഗര്‍ത്തലയിലെ സി.പി.ഐ.എം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ദ്ഹര്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഉണ്ടായ വ്യാപകമായ അക്രമങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരും ഐ.പി.എഫ്.ടി പ്രവര്‍ത്തകരുമാണെന്നും സി.പി.ഐ.എം ആരോപിച്ചു.


Also Read: എസ്.കെ.എസ്.എസ്.എഫിലെത് ഉള്‍പ്പടെയുള്ള മുസ്‌ലിം യുവാക്കള്‍ തീവ്രവര്‍ഗ്ഗീയതയിലേക്ക് പോവുന്ന കാലത്ത് മതേതരത്തിന്റെ പക്ഷത്ത് നിര്‍ത്തിയത് എം.എം അക്ബര്‍: കെ.എം ഷാജി സഭയില്‍ (Video)


അതേസമയം സി.പി.ഐ.എം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെങ്കിലും മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുക്കും. മണിക് സര്‍ക്കാരിനെ കൂടാതെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നും സി.പി.ഐ.എം അറിയച്ചു.

ത്രിപുരയില്‍ നടന്ന അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ചരിലാം മണ്ഡലം മുന്നില്‍ കണ്ടുള്ള ബി.ജെ.പി-ഐ.പി.എഫ്.ടി മുന്നണിയുടെ തന്ത്രമാണ് അക്രമങ്ങള്‍. സി.പി.ഐ.എം നേതാവ് ഗൗതം ദാസിന്റെ നേതൃത്വത്തില്‍ ഉള്ള ഇടതു മുന്നണിയുടെ പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയെന്നും സി.പി.ഐ.എം അറിയിച്ചു.

ചരിലാം ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് നിവേദനത്തില്‍ സി.പി.ഐ.എം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രീറാം തരണികാന്തിയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ക്രമസമാധാനസ്ഥിതി നിയന്ത്രണവിധേയമാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നാണ് സി.പി.ഐ.എമ്മിന്റെ ആവശ്യം.


Don”t Miss: വൈഫൈ ഓഫ് ചെയ്തതിന് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ഭാര്യ ആശുപത്രിയില്‍


സി.പി.ഐ.എമ്മിന്റെ എല്ലാ ബൂത്ത് ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തുവെന്ന് സി.പി.ഐ.എം ആരോപിച്ചു. ഇടതുമുന്നണിയുടെ 58 പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.

ചരിലാമിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ പലാശ് ദെബ്ബര്‍മ ഭീഷണി നേരിടുന്നതിനാല്‍ മണ്ഡലത്തിനു പുറത്താണ്. ഇക്കാര്യങ്ങള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്കും എത്തിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുനല്‍കിയതായും സി.പി.ഐ.എം അറിയിച്ചു.


ചിത്രം: ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ദ്ഹര്‍