കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മോദി, മമതാ സര്‍ക്കാരുകള്‍ക്കെതിരെ ഇടതുപക്ഷ കക്ഷികളുടെ കൂറ്റന്‍ റാലി. ജനുവരി 19ന് മഹാഗഡ്ബന്ധന്‍ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് മമതാ ബാനര്‍ജി റാലി സംഘടിപ്പിച്ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് വന്‍ ജനപങ്കാളിത്തത്തോടെ ഇടതുപക്ഷവും റാലി പങ്കെടുപ്പിച്ചിരിക്കുന്നത്.
ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന മോദിയെയും മമത ബാനര്‍ജിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് റാലിയില്‍ പങ്കെടുത്ത സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
“കാവല്‍ക്കാരനായ മോദിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ടതുണ്ട്. വര്‍ഗീയത പ്രചരിപ്പിക്കുകയും രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്യുന്ന കാവല്‍ക്കാരനെയല്ല രാജ്യത്തിന് ആവശ്യം.” യെച്ചൂരി പറഞ്ഞു.
അഞ്ചു വര്‍ഷം രാജ്യത്തെ കൊള്ളയടിച്ച മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പടുത്തപ്പോള്‍ പുതിയ അടവുകളുമായി ഇറങ്ങിയിരിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. “രാജ്യത്തിന്റെ വികസനത്തിന് പുതിയ നയം തന്നെ വേണം. മോദിയെ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമല്ല ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് പറയുന്നത്, പുതിയ നയങ്ങള്‍ കൊണ്ടു വരണമെങ്കില്‍ മാറ്റം ആവശ്യമാണെന്നുള്ളത് കൊണ്ടാണ്. രാജ്യത്തൊരു മതേതര ജനാധിപത്യ ബദല്‍ കൊണ്ടുവരാന്‍ പോരാടേണ്ടതുണ്ട്. യെച്ചൂരി പറഞ്ഞു.
ഇപ്പോള്‍ ബി.ജെ.പി കലാപമുണ്ടാക്കുന്നെന്ന് പറയുന്ന മമത ബാനര്‍ജി 2000ത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗമായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
“ബി.ജെ.പി ഹട്ടാവോ, “തൃണമൂല്‍ ഹട്ടാവോ” എന്നതാണ് തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യമെന്ന് ബംഗാള്‍ ഇടതുപക്ഷ മുന്നണി അദ്ധ്യക്ഷന്‍ ബിമന്‍ ബോസ് പറഞ്ഞു. മമത ബാനര്‍ജിയുടെ ബി.ജെ.പി വിരുദ്ധത നാടകമാണെന്നും ബിമന്‍ബോസ് പറഞ്ഞു.
സി.പി.ഐ സെക്രട്ടറി സുധാകര്‍ റെഡ്ഢി, ഫോര്‍വേര്‍ഡ് ബ്ലോക്ക് സെക്രട്ടറി ജനറല്‍ ദേബബ്രത ബിശ്വാസ്, എന്നിവര്‍ക്ക് പുറമെ സി.പി.ഐ-എം.എല്‍ (ലിബറേഷന്‍) സെക്രട്ടറി ദിബാങ്കര്‍ ഭട്ടാചാര്യയും റാലിയില്‍ പങ്കെടുത്തു. ബംഗാളില്‍ അധികാരത്തിലിരിക്കെ ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകരായ എം.എല്‍ പാര്‍ട്ടി 1993ന് ശേഷം ഇതാദ്യമായാണ് ഇടതുറാലിയില്‍ പങ്കെടുക്കുന്നത്. 1993ല്‍ ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം നടന്ന റാലിയിലാണ് പാര്‍ട്ടി ഇടതുമുന്നണിയുമായി അവസാനം ചേര്‍ന്നത്.
മറ്റു 17 ചെറിയ ഇടതുപക്ഷ കക്ഷികളും റാലിയില്‍ പങ്കെടുത്തെങ്കിലും മുന്നണിക്ക് പുറത്ത് നിന്ന് ഭട്ടാചാര്യ മാത്രമാണ് വേദിയിലെത്തി സംസാരിച്ചത്.