മുംബൈ: കേരളത്തില്‍ എല്‍.ഡി.എഫ് തന്നെ അധികാരത്തിലേറുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കേവല ഭൂരിപക്ഷം ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഈയവസരത്തില്‍ പ്രവചനം നടത്താന്‍ ഞാനില്ല. ജനങ്ങള്‍ സമയമാകുമ്പോള്‍ വിലയിരുത്തി വോട്ട് രേഖപ്പെടുത്തും. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കേരളത്തില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും’, പവാര്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തിലെത്തുമെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബി.ജെ.പി വന്‍ തിരിച്ചടി നേരിടുമെന്നും പവാര്‍ പറഞ്ഞു.
അസമില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സംഭവവികാസങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേരിടുന്ന തിരിച്ചടിയായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അതേസമയം കര്‍ഷകസമരത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി വിഷയങ്ങളെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക