നിങ്ങളുടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോവിലെ മൂന്നിലൊന്നും ബ്രാഹ്മണരാണ്; ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ഭൂവുടമകളായ ഉയര്‍ന്ന ജാതിക്കാരും. എന്തുകൊണ്ട് ഇതു വരെ പി.ബിയില്‍ ഒരു ദലിത് അംഗം ഉണ്ടായില്ല? നീണ്ട 44 വര്‍ഷത്തിനിടക്ക് ഒരു മുസ്‌ലിം പോലും നിങ്ങളുടെ പോളിറ്റ്ബ്യൂറോ അംഗമായില്ല. നിങ്ങളുടെ പാര്‍ട്ടി ബുദ്ധി ജീവികളെല്ലാം തന്നെ ബ്രാഹ്മണരോ സവര്‍ണ വിഭാഗത്തില്‍ പെട്ടവരോ ആണ്.
1957നു മുന്‍പ് നടന്ന കര്‍ഷക സമരങ്ങളുടെയെല്ലാം പ്രധാന മുദ്രാവാക്യം “കൃഷി ഭൂമി കര്‍ഷകന്” എന്നായിരുന്നു. ദളിതുകള്‍ ജീവന്‍ നല്‍കി പങ്കെടുത്ത ഈ സമരങ്ങളുടെ ശേഷം നടന്ന ഭൂവിതരണത്തില്‍ ദലിതുകള്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. അവര്‍ക്കു അവലംബിക്കേണ്ടി വന്ന മിച്ചഭൂമികളില്‍ ഭൂരിഭാഗവും ഇന്ന് നിയമക്കുരുക്കിലാണ്.
വന്‍കിട പ്ലാന്റേഷനുകള്‍ പാട്ട കാലാവധിക്കു ശേഷവും ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ദളിതരെ, അവകാശങ്ങള്‍ക്കും വേതനത്തിനും വേണ്ടി സംസാരിക്കുന്ന കര്‍ഷക തൊഴിലാളികളായി ചുരുക്കാന്‍ ഇടതു യുണിയനുകള്‍ക്കു കഴിഞ്ഞു.(പശ്ചിമ ബംഗാളില്‍ കര്‍ഷക തൊഴിലാളികളെ ഇല്ലെന്നു വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗമായി യൂണിയന്‍ സംവിധാനം പോലുമുണ്ടായിരുന്നില്ല.)
ശേഷം നടന്ന ഭൂപരിഷ്‌കരണത്തിലൂടെ ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് ഭൂമി വെട്ടിപ്പിടിക്കാനുള്ള അവസരമാണ് ഇടതു വലതു മുന്നണികള്‍ നല്‍കിയത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് അവര്‍ തങ്ങളുടെ ഭൂമി കുടുംബ ട്രസ്റ്റുകളും, മത ട്രസ്റ്റുകള്‍ക്ക് കീഴിലുമൊക്കെ ആക്കി മാറ്റി. ഇതിലൂടെ ഭരണകൂടം ദളിതരും ആദിവാസികളുമടങ്ങുന്ന ജനസമൂഹത്തെ ചേരികളിലേക്കും കോളനികളിലേക്കും ആട്ടിയോടിച്ചു വഞ്ചിക്കുകയായിരുന്നു.
ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആഭ്യന്തര-നിയമ മന്ത്രിയായിരുന്ന കൃഷ്ണയ്യരുടേത്; കൃഷി ഭൂമി അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റിലേക്കു കൂട്ടിചേര്‍ക്കുകയാണ് ഉണ്ടായത്. പത്തു ശതമാനം ഭൂമി ദളിതര്‍ക്കു നല്‍കിയെന്ന് നിങ്ങളുടെ പാര്‍ട്ടി തെറ്റായ പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ ഭൂമിക്ക് ദളിതര്‍ പണം നല്‍കേണ്ടി വന്നു.
കേരള ഗവണ്‍മെന്റിന് കീഴിലെ “കില” നടത്തിയ പഠനപ്രകാരം സംസ്ഥാനത്തെ പട്ടികജാതിക്കാരില്‍ 55 ശതമാനവും (ദളിത് ക്രൈസ്തവര്‍ ഒഴിച്ച്) 26198 കോളനികളിലായി മോശപ്പെട്ട സാഹചര്യങ്ങളിലാണ് കഴിഞ്ഞു കൂടുന്നത്. 2011 സെന്‍സസ് പ്രകാരം പതിനഞ്ച് ലക്ഷം ദളിതരില്‍ പന്ത്രണ്ട് ശതമാനത്തോളം കഴിയുന്നത് തകര്‍ന്നു വീഴാറായ കൂരകളിലാണ്. 43 ശതമാനത്തിനു കഷ്ടിച്ച് ജീവിക്കാനുള്ള വീടുകളുമുണ്ട്.
ഇടതുപക്ഷം 34 വര്‍ഷം ഭരിച്ച പശ്ചിമബംഗാളില്‍ ഏറ്റവും വലിയ നേട്ടമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഭൂപരിഷ്‌കരണമാണ്. ദളിതുകളും ആദിവാസികളുമടങ്ങുന്നവരെ ഇതിന്റെ ഏറ്റവും വലിയ ഉപയോക്താക്കളാക്കി ചിത്രീകരിച്ച നിങ്ങളുടെ പാര്‍ട്ടി സൈദ്ധാന്തികര്‍ യഥാര്‍ത്ഥത്തില്‍ വസ്തുതകളെ വളച്ചൊടിക്കുകയോ എണ്ണം പെരുപ്പിച്ചു കാണിക്കുകയോ ആണ് ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു ലഭിച്ച വളരെ തുച്ഛമായ ഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിയാതെ അവര്‍ ദിവസക്കൂലിക്ക് മറ്റു ജോലികള്‍ ചെയ്യുകയായിരുന്നു. 2004-05 ലെ സാംപിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളിലെ പന്ത്രണ്ട് ലക്ഷത്തില്‍ അധികം കുടുംബങ്ങള്‍ക്ക് പല മാസങ്ങളിലും ആവശ്യത്തിന് ഭക്ഷണംപോലും ലഭിച്ചില്ല.
ബംഗാളിലെ ഗ്രാമീണ കുടുംബങ്ങളിലെ ആയിരത്തില്‍ 106 കുടുംബങ്ങളും മുഴു പട്ടിണിയിലോ പാതിപട്ടിണിയിലോ ആണ്. (ആന്ധ്രയില്‍ ഇത് ആയിരത്തില്‍ ആറും ആസ്സാമില്‍ പതിനേഴും, ബിഹാറില്‍ ഇരുപതും, ഒറിസ്സയില്‍ 48മാണ്.) 2001 ലെ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 58.3 ശതമാനം ദരിദ്ര ഗ്രാമീണ കുടുംബങ്ങളില്‍ ആറു ശതമാനത്തിനു മാത്രമേ സ്വന്തമായി ഭൂമി ഉണ്ടായിരുന്നുള്ളൂ.
ബംഗാളിലെ 55.4 ശതമാനം വരുന്ന ദരിദ്ര കര്‍ഷക കുടുംബങ്ങളില്‍ നാല് ശതമാനത്തിനു മാത്രമേ സ്വന്തമായി ഭൂമി ഉണ്ടായിരുന്നുള്ളൂ. 2001 ല്‍ രാജ്യത്തു മൊത്തം 35.1 കര്‍ഷക കുടുംബങ്ങള്‍ ഭൂരഹിതരായിരുന്നപ്പോള്‍ ബംഗാളില്‍ ഇത് 39.2 ശതമായിരുന്നു. 2001ലെ സെന്‍സസ് പ്രകാരം ബംഗാളിലെ ഒരു കോടി ദളിത് കുടുംബങ്ങളിലെ പതിനഞ്ച് ശതമാനത്തോളവും തകര്‍ന്ന വീടുകളിലാണ് അന്തിയുറങ്ങിയത്. 55 ശതമാനം കഷ്ടിച്ചു ജീവിക്കാന്‍ കഴിയുന്ന വീടുകളിലും.
ജാതി വ്യവസ്ഥയെ തകര്‍ക്കുമെന്ന കേവല വാചകക്കസര്‍ത്തുകള്‍ക്കപ്പുറം “കാര്‍ഷിക വിപ്ലവം” നടപ്പാക്കുന്ന രീതികളെ പറ്റിയോ ബൂര്‍ഷ്വാ ജന്മി വ്യവസ്ഥ നിലനിന്നിരുന്ന ഇന്ത്യരാജ്യത്തെ അതിന്റെ പരിമിതികളെക്കുറിച്ചോ സി.പി.ഐ.എമ്മിന് തന്നെ സമഗ്രമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല.
തോട്ടിപ്പണി
ഉന അസ്മിത യാത്രയുടെ വിപ്ലവകരമായ പരിണിത ഫലമെന്ന് പറയാവുന്നത് അവര്‍ യാത്രയില്‍ പ്രഖ്യാപിച്ചതുപോലെ, കാലങ്ങളായി അവിടത്തെ ബ്രാഹ്മണര്‍ ദളിതരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ചത്ത പശുക്കളുടെ തോല്‍ ഉരിയുന്ന ജോലി ഇനി അവര്‍ ചെയ്യുകയില്ലെന്ന പ്രഖ്യാപനമായിരുന്നു.
അതുപോലെ ഇന്ത്യയിലെ ദളിതര്‍ ചെയ്യാന്‍ വിധിക്കപ്പെട്ട മറ്റൊരു ഹീനമായ ജോലിയാണ് തോട്ടിപ്പണി. തോട്ടിപ്പണി നിരോധിക്കാന്‍ നിങ്ങളുടെ പാര്‍ട്ടിയും ഒരുപാട് പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും യാഥാര്‍ഥ്യത്തില്‍ ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിലും അത് നിര്‍ബാധം തുടരുകയാണ്. 2015 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം ത്രിപുരയിലെ ആകെയുള്ള 17332 കുടുംബങ്ങളില്‍ 6.9 ലക്ഷം കുടുംബങ്ങള്‍ തോട്ടിപ്പണി ചെയ്തു ജീവിക്കുന്നു. 2011 , 2015 വര്‍ഷങ്ങളെ വെച്ച് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
2011 ലെ ഇതേ സെന്‍സസ് പ്രകാരം കേരളത്തില്‍ തോട്ടിപ്പണി ചെയ്യുന്ന 13687 കുടുംബങ്ങളുണ്ട്. ദേശീയ പട്ടികജാതി കോര്‍പ്പറേഷന്റെ 2011 ലെ സര്‍വ്വേ പ്രകാരം ബംഗാളില്‍ തോട്ടിപ്പണി ഒരു യാഥാര്‍ഥ്യമാണ്. സഫായി കര്‍മചാരി ആന്ദോളന്റെ പഠനങ്ങളും കേരളത്തിലും ബംഗാളിലും തോട്ടിപ്പണി നിലനില്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.
ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍
* ഗുജറാത്തിലെ ഉയര്‍ന്നു വന്ന പ്രസ്ഥാനത്തിന് പ്രേരക ശക്തിയായത് കാലങ്ങളായി ദളിതുകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളായിരുന്നു. മുഖ്യധാരയിലേക്കുള്ള ദളിതുകളുടെ കടന്നു വരവിനു ശേഷവും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടെയുള്ളൂ. പാര്‍ട്ടി മെഷിനറികള്‍ ഉപയോഗിച്ച് ദളിതര്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടതിന്റെ ഒരു നീണ്ട ചരിത്രം തന്നെ നിങ്ങളുടെ പാര്‍ട്ടിക്കുണ്ട്.
1979ല്‍ മരിജെഹാപ്പിയില്‍ ബംഗ്ലാദേശ് അഭയാര്‍ഥികളായ ദളിതരും മറ്റു അരികുവത്കരിക്കപ്പെട്ടവരുമുള്‍പ്പെടുന്നവരെ കൂട്ടക്കൊല ചെയ്തതിന്റെ ചരിത്രം പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാരിനുണ്ട്. ഇവരുടെ പുനരധിവാസം നിങ്ങളുടെ പാര്‍ട്ടിയെ അധികാരത്തിലേറാന്‍ സഹായിച്ച മുഖ്യ പ്രചാരണ വിഷയമായിരുന്നു. എന്നാല്‍ ഭദ്രലോക് അഭയാര്‍ത്ഥികള്‍ക്ക് മാന്യമായ പുനരധിവാസം സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.
*ചിത്രലേഖയെന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ നിങ്ങളുടെ പാര്‍ട്ടി നടത്തിയ/നടത്തുന്ന ജാതി അതിക്രമങ്ങളുടെ ഇരകളുടെ ഒരു മികച്ച ഉദാഹരണമാണ്. നിങ്ങളുടെ പാര്‍ട്ടി നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ആ ധീര വനിതാ കഴിഞ്ഞ പത്തു വര്‍ഷമായി നടത്തുന്ന സമരങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.
അടുത്ത കാലത്ത് നിങ്ങളുടെ പോളിറ്റ് ബ്യുറോ മെമ്പര്‍ വൃന്ദാ കാരാട്ട് പറഞ്ഞത് അവര്‍ക്കു ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പതിവ് പല്ലവിയും അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ വൃന്ദയുടെ വാദം വിശ്വസിക്കാന്‍ പ്രയാസമാണ്. കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വൃന്ദാ കാരാട്ട് സംസാരിച്ച വേദിക്ക് മൂന്ന് കി.മി. അപ്പുറം, സെക്രട്ടേറിയറ്റിനു മുന്‍പില്‍ ചിത്രലേഖ രാപ്പകല്‍ സമരത്തിലായിരുന്നു.
പാര്‍ട്ടി തുടര്‍ന്ന് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ 2013 ല്‍ പി.ബി അംഗം എസ് .രാമചന്ദ്രന്‍പിള്ള അധ്യക്ഷനായ പാര്‍ട്ടിയുടെ കണ്‍ട്രോള്‍ കമ്മീഷന് കൊടുത്ത പരാതിയില്‍ ഒരു വര്‍ഷത്തിനു വിശദമായ അന്വേഷണം പോലും നടത്താതെ എത്തിയ നിഗമനം ഇത് പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള മറ്റൊരു ശ്രമം മാത്രമാണെന്നാണ്.
സമരപാതയില്‍ തുടരുന്ന അവരെ വ്യക്തിഹത്യ നടത്തിയും അവര്‍ക്കെതിരെ നുണകള്‍ പ്രചരിപ്പിച്ചുമാണ് നിങ്ങളുടെ പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ നേരിടുന്നത്. നേരത്തെ അതിക്രമം നടന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ലയെന്നുമുള്ള ഒരു പ്രചാരണവും അവര്‍ നടത്തുന്നുണ്ട്.
*കര്‍ണാടകയില്‍ 2001 ല്‍ ദളിതര്‍ക്കെതിരെ നടന്ന കമ്പാലപ്പിള്ളി കൂട്ടക്കൊല കേസില്‍ പ്രതികളായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകനായ നിങ്ങളുടെ പാര്‍ട്ടി മെമ്പര്‍ ശങ്കരപ്പ ആയിരുന്നു. അവരെ കോടതി വെറുതെ വിടുകയും ചെയ്തു. ദളിതുകള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുന്നു. ശങ്കരപ്പ പിന്നീട നിങ്ങളുടെ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി.
*2009 ല്‍, ഇടതു സര്‍ക്കാരിന്റെ കാലത്ത്, ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ വര്‍ക്കലയിലെ ദളിത് കോളനികളില്‍ നരനായാട്ട് നടത്തിയ പോലീസ് സ്ത്രീകളടക്കമുള്ള ദളിതരെ ക്രൂരമായി മര്‍ദിച്ചു. ഡി.എച്ച്.ആര്‍.എമ്മിനു നേരെ ശിവ സേന പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനു ദിവസങ്ങള്‍ക്കു ശേഷം നടന്ന കൊലപാതകത്തില്‍ പിന്നില്‍ ഡി.എച്ച്.ആര്‍.എം ആണെന്നായിരുന്നു ആരോപണം.
ഒരു തെളിവുമില്ലാതെ ഒരുപാട് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ അറസ്‌റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പരാതി പറയാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ കണ്ട കുടുംബാങ്ങളെ ഭീകരവാദികളായാണ് ചിത്രീകരിച്ചത്. അവശ വിഭാഗങ്ങളായ ദളിതരും മുസ്‌ലിംകളുമടക്കം ഒരുപാട് പേര് ഇല്ലാത്ത കേസുകളില്‍ പിടിക്കപ്പെട്ടു ആരാലും ശ്രദ്ധിക്കപ്പെടാതെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട ജയിലറകളില്‍ കഴിഞ്ഞു കൂടുന്നുണ്ട്.
കുറഞ്ഞ വേതനത്തിനും ചൂഷണത്തിനുമെതിരെ കണ്ണന്‍ ദേവന്‍ പ്ലന്റഷനിലെ ദളിത് സ്ത്രീ തൊഴിലാളികള്‍ നേതൃത്വം നല്‍കിയ “പൊമ്പിളൈ ഒരുമൈ ” എന്ന കൂട്ടായ്മയും വ്യവസ്ഥാപിത ട്രേഡ് യൂണിയന്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ചര്‍ച്ചയിടങ്ങളില്‍ തങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുമെന്നു പ്രതീക്ഷിച്ച യൂണിയനുകള്‍ മലക്കം മറിഞ്ഞപ്പോളാണ് ഈ പ്രസ്ഥാനം ഉയര്‍ന്നു വന്നത്.
തൊഴിലാളികളോട് ചര്‍ച്ച ചെയ്യാതെ ബോണസ് വിഷയം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച സി.ഐ.ടി.യുവിന്റെ തൊഴിലാളി വര്‍ഗ്ഗത്തോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് ഇതിലൂടെ പുറത്ത് വന്നത്. അവരുടെ കൂറ് മാനേജ്‌മെന്റിനോടാണെന്നാണ് അവരുടെ പ്രവര്‍ത്തികളിലൂടെ തെളിയിച്ചത്. CITU -AITUC യൂണിയന്‍ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റിന്റെ ഭാഗം ചേര്‍ന്ന് സമരം നടത്തുന്ന സ്ത്രീകളെ ഭീഷണിയടക്കം പലവിധത്തില്‍ ഉപദ്രവിച്ചു.
തൊഴിലാളി യൂണിയനുകളുടെ സഹായമില്ലാതെ നടത്തിയ സമരത്തില്‍ പ്രാഥമിക വിജയം നേടിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക് ന്യായമായ വേതന വര്‍ദ്ധനക്ക് വേണ്ടി സമരം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ മുന്നറ്റത്തെ പൊളിക്കാനുള്ള സംഘടിത ശ്രമങ്ങളാണ് ഇടതു യൂണിയനുകളുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇതേ ആവശ്യമുന്നയിച്ചു അവര്‍ തുടങ്ങിയ സമരത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ട് പൊമ്പിളൈ പ്രസ്ഥാനം നേടിയെടുത്ത മാധ്യമസാമൂഹിക ശ്രദ്ധ വഴിതിരിച്ചു വിടാനാണ് അവര്‍ ശ്രമിച്ചത്. പ്രധനമായും മൂന്നു വിധത്തിലാണ് സ്ത്രീകളെ അവര്‍ സമ്മര്‍ദ്ദത്തിലാക്കിയത്.
* തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ഭീമമായ പലിശക്ക് യൂണിയനില്‍ നിന്നു പണം കടമെടുത്തിരുന്നു. കിട്ടുന്ന തുച്ഛമായ വേതനം അത് തിരിച്ചടക്കാന്‍ പോലും തികയുമായിരുന്നില്ല. അവരുടെ ഈ നിസ്സഹായത്തെയാണ് യൂണിയന്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ചൂഷണം ചെയ്തത്.
*കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഈ കേസുകള്‍ ഇന്നും നിലനില്‍ക്കുന്നു.
*പെമ്പിളൈ പ്രസ്ഥാനത്തിന്റെ ഭാഗമായ സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ യൂണിയനുകള്‍ അവരുടെ കുടുംബാംഗങ്ങളെ പോലും ഉപയോഗപ്പെടുത്തി. പെമ്പിളൈ ഒരുമൈയുടെ ഐക്യം തകര്‍ക്കാന്‍ നടത്തിയ ഈ ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
തൊഴില്‍ ചൂഷണത്തിനെതിരെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പിന്തുണക്കുന്നതിനു പകരം ത്ങ്ങളുടെ സംഘടനാപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് സി.ഐ.ടി.യു വും സി.പി.ഐ.എമ്മും ചെയ്തത്. സമൂഹത്തിനു മുന്‍പില്‍ അവരുടെ സംരക്ഷക വേഷം കെട്ടാനുള്ള ശ്രമവും നടന്നു.
* പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒന്നില്‍ കോണ്‍ഗ്രസുകാരനായ ” കുറ്റത്തിന് ” തങ്ങളുടെ പിതാവിനെ പീഡിപ്പിച്ചതിനെ പാര്‍ട്ടി ഓഫീസില്‍ പോയി ചോദ്യം ചെയ്ത രണ്ടു സഹോദരിമാരെ നിലവിലെ താങ്കളുടെ സര്‍ക്കാര്‍ അത്യധികം ഉപദ്രവിച്ചു. അവരെ, ഒന്നര വയസ്സുകാരി മകളുള്‍പ്പെടെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തു. പി.ബി അംഗം കൂടി ആയ താങ്കളുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണമായ ഒരു പോലീസ് നടപടി മാത്രമായാണ് ഇതിനെ വിശേഷിപ്പിച്ചത്.
മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് താങ്കളുടെ പാര്‍ട്ടി നേതാക്കളായ എ.എന്‍ ഷംസീറും പി.പി. ദിവ്യയും നടത്തിയ അധിക്ഷേപങ്ങളില്‍ മനംനൊന്ത് ആ സഹോദരിമാരിലൊരാള്‍ ആത്മഹത്യക്കു ശ്രമിക്കുകയുണ്ടായി. എന്നാല്‍ ആ ആത്മഹത്യാ ശ്രമത്തെപോലും പരിഹസിക്കുകയായിരുന്നു താങ്കളുടെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ പി.ജയരാജന്‍.
*രോഹിത് വെമുലയുടെ മരണത്തെ മറ്റു പാര്‍ട്ടികളെ പോലെ താങ്കളുടെ പാര്‍ട്ടിയും ബി.ജെ.പിക്കെതിരായി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയപ്പോള്‍ തന്നെ HCU വിലും ഇഫ്‌ളുവിലും അതിനു മുന്‍പ് നടന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ നിങ്ങളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ യുടെ പ്രതികരണം കേവല പത്രപ്രസ്താവനകളിലൊതുങ്ങി.
രോഹിത്തിന്റെ മരണത്തിനു മുന്‍പ് തന്നെ അവിടെ നടന്ന പുറത്താക്കലുകളിലും ഭീഷണികളിലും അവരുടെ ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ ഇന്ന് ഉയര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്.
ജന്തര്‍ മന്തറില്‍ നടന്ന ദല്‍ഹി മാനഭംഗ വിഷയത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത താങ്കളുടെ പാര്‍ട്ടി അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ സുഷമാ സ്വരാജുമായി വേദി പങ്കിടുക കൂടി ചെയ്തു. എന്നാല്‍ ജന്തര്‍ മന്തറില്‍ തന്നെ നടന്ന, ഭാഗാനയില്‍ ജാട്ടുകളാല്‍ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ നടത്തിയ സമരത്തില്‍ നിങ്ങളുടെ പ്രതികരണം കേവല നിവേദനം സമര്‍പ്പണത്തിലൊതുങ്ങി.
സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തി ചാര്‍ജ് നടന്നപ്പോള്‍ പോലും നിങ്ങളുടെ വനിതാ സംഘടനാ നേതാക്കള്‍ പ്രതികരിക്കാതെ മാളത്തിലൊളിക്കുകയായിരുന്നു. ബി.എസ്.പി ഇടപെട്ട വിഷയമായതിനാല്‍ തങ്ങള്‍ക്കു ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ നിലപാട്.
ദളിതരുടെ രക്ഷാകര്‍തൃത്വ വേഷം സ്വയം ഏറ്റെടുത്ത താങ്കളുടെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നത്. വോട്ടുറപ്പിക്കുന്നതിനോ മാധ്യമ ശ്രദ്ധക്ക് വേണ്ടിയോ അല്ലാതെ ഏതു വിഷയത്തിലാണ് നിങ്ങളുടെ പാര്‍ട്ടി ദളിതര്‍ക്കു വേണ്ടി സംസാരിച്ചത്?
ജാതി വ്യവസ്ഥയിലെ സി.പി.ഐ.എം നിലപാട്
അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയ പ്രത്യക്ഷ രൂപങ്ങളിലധിഷ്ഠിതമാണ് ജാതി വ്യവസ്ഥയിലെ ഇടതു നിലപാട്. ഒട്ടുമിക്ക മുഖ്യധാരാ പാര്‍ട്ടികളും ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കുക തന്നെയാണ് ചെയ്യുക. എന്നാല്‍ ജാതി വ്യവസ്ഥയുടെ ചരിത്രപരവും ആശയപരവുമായ ഘടകങ്ങളെ പരാമര്‍ശിക്കുന്ന പാര്‍ട്ടി രേഖകള്‍ വളരെ വിരളമാണ്. അതിനപ്പുറം അപരിഷ്‌കൃതത്വത്തില്‍ നിന്നും ഇന്ത്യന്‍ സമൂഹത്തെ വികസിപ്പിക്കാനുതകുന്ന പുരോഗമനപരമായ ഒന്നായാണ് പാര്‍ട്ടി അതിനെ കാണുന്നത്.
പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍ ജന. സെക്രട്ടറിയുമായ ഇ.എം.എസ് നമ്പൂതിരിപ്പാട് “കേരളം, മലയാളി മാതൃരാജ്യം” എന്ന തന്റെ പുസ്തകത്തില്‍ ജാതി വ്യവസ്ഥ കേരള സാമൂഹിക വികസനത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചു ഇങ്ങനെ വിശദീകരിക്കുന്നുണ്ട്:
“കേരളത്തിന് മാത്രമല്ല, ഇന്ത്യക്കു തന്നെ ആര്യ ബ്രാഹ്മണര്‍ നല്‍കിയ വലിയ സംഭാവനയാണ് ജാതിയെന്നത്. ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെയും യൂറോപ്പിലെ അടിമ വ്യവസ്ഥയുടെയും അടിസ്ഥാനം ഒന്ന് തന്നെയാണ്. ഇന്ന് നമ്മള്‍ ജാതി വ്യവസ്ഥയെ വെറുക്കുന്നു. അടിമ വ്യവസ്ഥയുടെപോലെ ജാതിയുടെ പേരിലും ലക്ഷക്കണക്കിന് സാധാരണക്കാര്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയായിട്ടുണ്ട്. അടിമത്തംപോലെ തന്നെ അപരിഷ്‌കൃത സമൂഹത്തില്‍ നിന്നുള്ള മനുഷ്യന്റെ ഉയര്‍ച്ചയെ ജാതി വ്യവസ്ഥയും സഹായിച്ചിട്ടുണ്ട്.
ജാതി വ്യവസ്ഥയുടെ സംസ്ഥാപനം ഇന്ത്യയുടെ സാമൂഹിക പുരോഗതിയില്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. തൊഴില്‍ , സാഹിത്യം, കല തുടങ്ങി വിവിധങ്ങളായ മേഖലകളിലായി സമൂഹം വിഭജിക്കപ്പെട്ടു തുടങ്ങിയ കാലത്തായിരുന്നു ജാതി വ്യവസ്ഥ നിലവില്‍ വന്നത്.
പിതാവിന്റെ തൊഴില്‍ പിന്തുടര്‍ന്ന് അതില്‍ പ്രാഗല്‍ഭ്യം നേടുകയെന്നതായിരുന്നു ജാതീയതയുടെ സത്ത. അത് കൊണ്ട് തന്നെ ഓരോ ജാതിയില്‍ പെട്ടവരും തങ്ങളുടേതായ തൊഴില്‍ കണ്ടെത്തി; പൂര്‍വികാരില്‍ നിന്നും ലഭിച്ച അറിവും അനുഭവവും അവരുടെ ജീവിതത്തിനു വെളിച്ചമേകി. തല്‍ഫലമായി ഓരോ തൊഴില്‍ മേഖലയും വികസിക്കാന്‍ തുടങ്ങി. ശൂദ്രരെയും വൈശ്യരെയും ചൂഷണം ചെയ്തു കൃഷി നടത്തിയ വൈശ്യര്‍ക്കു വന്‍ സാമ്പത്തിക ലാഭം ലഭിച്ചു.
ക്ഷത്രീയര്‍ക്ക് മറ്റുള്ളവരുടെ ഭൂമി വെട്ടിപിടിച്ച് പുതിയ സാമ്രാജ്യങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. വേദങ്ങളും ഉപനിഷത്തുകളും ശാസ്ത്രവുമെല്ലാം പഠിപ്പിക്കാന്‍ ഋഷിമാര്‍ക്ക് അവസരം ലഭിച്ചത് ജാതിവ്യവസ്ഥ കൊണ്ടായിരുന്നു. ചുരുക്കത്തില്‍ ആര്‍ഷഭാരത സംസ്‌ക്കാരവും പുരാതന ഹൈന്ദവ സാമ്രാജ്യങ്ങളും സ്വയം പര്യാപ്തമായ ഗ്രാമങ്ങളുമെല്ലാം വളര്‍ന്നു വന്നത് ജാതിവ്യവസ്ഥയെ ആധാരമാക്കിയായിരുന്നു.”
അടുത്തപേജില്‍ തുടരുന്നു
എന്നാല്‍ ജാതിവ്യവസ്ഥയും അതിന്റെ തൊഴില്‍ വിഭജനവും ഒരു സമൂഹത്തിന് എങ്ങനെയെല്ലാം ഹാനികരമാവുമെന്നും ജാതി വ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തെ സ്തംഭിപ്പിച്ചതെങ്ങനയെന്നും തന്റെ പുസ്തകമായ അനിഹിലേഷന്‍ ഓഫ് കാസ്റ്റില്‍ അംബേദ്ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
“ഈ തൊഴില്‍ വിഭജനമെന്നത് പ്രകൃത്യ ഉള്ളതല്ല. ഒരു വ്യക്തിയുടെ തൊഴില്‍ തിരഞ്ഞെടുക്കുന്നതില്‍ അയാളുടെ സാമൂഹികവും വ്യക്തിപരവുമായ മികവിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ജാതിവ്യവസ്ഥയില്‍ ഈ തത്വം ലംഘിക്കപ്പെടുകയാണ്. ജാതിവ്യവസ്ഥയില്‍ ആളുകള്‍ക്ക് മുന്‍കൂട്ടി തന്നെ തൊഴില്‍ കല്‍പിച്ച് നല്‍കുകയാണ്. കഴിവിന്റെയോ പരിശീലനത്തിന്റെയോ അടിസ്ഥാനത്തിലല്ല ഇത്, മറിച്ച് ഓരോ വ്യക്തിയുടെയും മാതാപിതാക്കളുടെ ജാതി അനുസരിച്ചാണ്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജാതി അടിസ്ഥാനമാക്കിയുള്ള ഈ തൊഴില്‍വിഭജനം പൂര്‍ണ്ണമായും വിനാശകരമാണ്. വ്യവസായിക ലോകം ഒരിക്കലും നിശ്ചലമല്ല. അവിചാരിതവും വേഗത്തിലുള്ളതുമായ മാറ്റങ്ങളാണവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് ഓരോ വ്യക്തിക്കും തന്റെ ഉപജീവനമാര്‍ഗം മാറ്റി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകേണം. മാറുന്ന സാഹചര്യങ്ങള്‍ക്കൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇതത്യാവശ്യമാണ്.
ഉയര്‍ന്ന ജാതിയില്‍ ജനിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ജാതിവ്യവസ്ഥയ്ക്കകത്ത് നിഷേധിക്കപ്പെടുകയാണ്. ജോലി മാറാനുള്ള അവസരം നിഷേധിക്കപ്പെടുന്നതോട് കൂടി ഇന്നു കാണുന്ന പോലെ തൊഴിലില്ലായ്മയടക്കം സൃഷ്ടിക്കുകയാണ് ജാതി വ്യവസ്ഥ.
തൊഴില്‍ വിഭജനത്തിന് മറ്റൊരു ഗുരുതരമായ ന്യൂനത കൂടിയുണ്ട്. ഇതില്‍ വ്യക്തികളുടെ വികാരങ്ങള്‍ക്കോ അഭിരുചിക്കോ ഒരു സ്ഥാനവുമില്ല. “ദൈവ നിശ്ചയം” എന്നതാണ് ഇതിലെ സിദ്ധാന്തം. ദാരിദ്ര്യത്തിനും തന്മൂലമുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കുമുപരി തൊഴില്‍ വ്യവസ്ഥ നേരിടുന്ന വിഷയം തൊഴിലിലേര്‍പ്പെട്ടവര്‍ക്കു തങ്ങളുടെ തൊഴില്‍ അനിഷ്ടകരമായി തോന്നുന്നു എന്നതാണ്. അത്തരം തൊഴിലുകള്‍ ഒരാളെ നിരാശയിലേക്കു തള്ളിവിടുകയാണ് ചെയ്യുക.”
ഹിന്ദുയിസവും ബ്രാഹ്മണിസവുമാണ് ഇന്ത്യയില്‍ ഫാസിസത്തിന് വേരുണ്ടാക്കി നല്‍കിയതെന്ന് അംബേദ്കര്‍ വിശ്വസിക്കുന്നു. ജാതിവ്യവസ്ഥയ്ക്കും അടിസ്ഥാനമായത് അടിസ്ഥാനമായത് ഹിന്ദുയിസമാണെന്ന് ആ മതത്തെകുറിച്ചുള്ള പഠനങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയതാണ്. ഹിന്ദുയിസത്തിന്റെ വേരില്‍ നിന്നാണ് സംഘപരിവാറും വളര്‍ന്നു വന്നത്, അല്ലാതെ വ്യതിചലനമല്ല.
ജാതിയുമായി ബന്ധപ്പെട്ട നിങ്ങളുടെ പാര്‍ട്ടി രേഖകളിലോ പ്രോഗ്രാമുകളിലോ ബ്രാഹ്മണിസത്തെ കുറിച്ചുള്ള വിലയിരുത്തലുകളില്ല. ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും മാത്രമുള്ള ഒരു ലിബറല്‍ മതമായാണ് നിങ്ങളുടെ പാര്‍ട്ടി ഹിന്ദുയിസത്തെ കാണുന്നത്. നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ (‘PSEUDO HINDUISM EXPOSED – THE REALITY OF SAFFRON BRIGADE’S MYTHS’ ) ഇക്കാര്യം വ്യക്തമാണ്.
ലേഖനത്തില്‍ സംഘപരിവാറിനെ ഹിന്ദുയിസത്തില്‍ നിന്നുള്ള വ്യതിചലനമായാണ് യെച്ചൂരി വിലയിരുത്തുന്നത്. ഹിന്ദുയിസം ലിബറലാണെന്നും. ഇതിനായി അദ്ദേഹം ആദിശങ്കരനെയും (ബുദ്ധിസത്തിനെതിരായി പ്രവര്‍ത്തിക്കുകയും ബ്രാഹ്മണിസത്തിന്റെ പുനരുദ്ധാരണത്തിന് ശ്രമിച്ച സൈദ്ധാന്തികന്‍), വിവേകാനന്ദനെയും (ജാതി വ്യവസ്ഥയെ അംഗീകരിക്കുകയും അതിനെ പരിഷ്‌കരിക്കുകയും മാത്രം ചെയ്തന നേതാവ്) ഭഗവത് ഗീതയുമാണ് ഉദ്ധരിക്കുന്നത്.
“ബി.ജെ.പി പറയുന്ന “ഹിന്ദുവികാരം” ആദിശങ്കരനെയും വിവേകാനന്ദനെയും പിന്തുടരുന്ന ഭൂരിപക്ഷം ഹിന്ദുക്കളുടെയും അഭിപ്രായങ്ങള്‍ക്ക് എതിരാണിത്. വ്യത്യസ്ത നദികളാണെങ്കിലും ഒരു മഹാസമുദ്രത്തില്‍ വന്നു ചേരുന്നുവെന്നതാണ് ആദി ശങ്കര പഠിപ്പിച്ച് കൊണ്ടിരുന്നത്. അതു കൊണ്ട് വിവിധ വിശ്വാസങ്ങളിലുള്ളവര്‍ ഒരു സര്‍വ്വശക്തനില്‍ വന്നു ചേരുന്നുവെന്നാണ്.
വിവേകാനന്ദന്‍ പറഞ്ഞതിങ്ങനെയാണ് തന്റെ മതത്തിന്റെ നിലനില്‍പ്പിനെ മാത്രം സ്വപ്നം കാണുകയും മറ്റുള്ളവയുടെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നവരോട് എനിക്ക് സഹതാപമാണ്.
ഇതിനെല്ലാം പുറമെ ഭഗവത് ഗീത തന്നെ പറയുന്നത് ” ഏതൊരു അഭൗമിക രൂപത്തിനെയാണോ ഒരു വിശ്വാസി ആരാധിക്കുന്നത്, ആ രൂപത്തിലുള്ള വിശ്വാസത്തെ നാം സ്ഥിരമാക്കിക്കൊടുക്കും” എന്നാണ്. (അധ്യായം 7 (21 ) പശുവിന്റെ നിറമെന്തു തന്നെയായാലും പാലിന്റെ നിറം വെളുപ്പാണ്. ആര്‍.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര സങ്കല്പം ഇത്തരം ജ്ഞാനങ്ങള്‍ക്കു നേര്‍ വിപരീതമാണ്.”
അടുത്തപേജില്‍ തുടരുന്നു
ദൈനംദിന ജീവിതത്തിലും സാംസ്‌കാരിക ഇടങ്ങളിലും ബ്രാഹ്മണിക്കല്‍ ഹെജിമണി നിലനിര്‍ത്തിയതിലൂടെയാണ് സമൂഹത്തില്‍ ബ്രാഹ്മാധിപത്യം അടിച്ചേല്‍പ്പിക്കപ്പെട്ടത്. ബ്രാഹ്മണിക്കല്‍ ചിഹ്നങ്ങളെ “മതേതര” പൊതു സ്ഥാപനങ്ങളുടെ ആചരങ്ങളാക്കുന്നതിനെ നിങ്ങളുടെ പാര്‍ട്ടി ഒരിക്കല്‍ പോലും എതിര്‍ത്തതായി കണ്ടിട്ടില്ല. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം മഹാബലിയുടെ ആഘോഷമാണ്. ഇന്നത് ബ്രാഹ്മണിക്കല്‍ ബിംബങ്ങളും വെജിറ്റേറിയനിസവുമൊക്കെ കൊണ്ട് മലീമസമാക്കപ്പെട്ടിരിക്കുകയാണ്.
സര്‍വകലാശാലകളിലെ ബ്രാഹ്മണിക്കല്‍ ആഘോഷങ്ങളെ ചോദ്യം ചെയ്യാനോ ചര്‍ച്ചയാക്കുവാനോ നിങ്ങളുടെ സംഘടനകള്‍ മുതിരുന്നില്ല. ദീപാവലി ഉള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ ഇത്തരം സാംസ്‌ക്കാരിക പ്രതിരോധം തീര്‍ക്കുന്ന എ.എസ്.എ (അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) പോലുള്ള സംഘടനകളുടെ ശ്രമങ്ങളെ എസ്.എഫ്.ഐ ഒരിക്കലും പിന്തുണച്ചിട്ടില്ല. ആര്‍.എസ്.എസിനെ പ്രതിരോധിക്കാനെന്ന പേരില്‍ നിങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രീകൃഷ്ണ ജയന്തിയിലും മറ്റു ഹൈന്ദവ ആഘോഷങ്ങളിലും പങ്കെടുക്കുകയാണ് ചെയ്യുന്നത്.
കൈരളി ചാനലിന്റെ സഹകരണത്തോടെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ രാഷ്ട്രപതി ഭവനില്‍ ഇത്തവണ നടത്തിയ ഓണാഘോഷങ്ങള്‍ ആരംഭിച്ചത് ഋഗ്വേദത്തിലെ വരികള്‍ ചൊല്ലിയാണ്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാര്‍ തനിക്കു ബൈബിള്‍ സമ്മാനിച്ച പോപ്പിന് തിരിച്ചു സമ്മാനമായി നല്‍കിയത് ഭഗവത് ഗീതയായിരുന്നു. ഇന്ത്യയുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും പ്രതിനിധീകരിക്കുന്നത് ഭഗവത് ഗീതയാണെന്ന സന്ദേശം നല്‍കുകയാണിത്.
കഴിഞ്ഞ മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് പ്രതിനിധിയായ മന്ത്രിയെ നിലവിളക്കു കത്തിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നിരന്തരം വേട്ടയാടിയ പൊതുസമൂഹത്തിനൊപ്പം നിങ്ങളുടെ പാര്‍ട്ടിയും ഉണ്ടായിരുന്നു. ഹൈന്ദവത ലിബറലാണെന്നും സംഘ് പരിവാര്‍ മാത്രമാണ് എതിര്‍ക്കപ്പെടേണ്ടതെന്നുമുള്ള മനോഭാവത്തിന്റെ ഭാഗമാണ് ഇതെല്ലാം. ബ്രാഹ്മണിസം എന്തെന്നറിയാതെ എങ്ങനെയാണ് നിങ്ങള്‍ക്ക് ജാതിയുടെ നിര്‍മാര്‍ജനം സാധ്യമാക്കാന്‍ കഴിയുക ?
സി.പി.ഐ.എം നേതൃത്വത്തിലെ ദലിത് പ്രാതിനിധ്യം
ദലിതരുടെ തന്നെ നേതൃത്വത്തിലുള്ള ദലിത് മുന്നേറ്റങ്ങളാണ് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ ചര്‍ച്ചാ വിഷയം. അവരുടെ മുന്നേറ്റങ്ങള്‍ ഹിന്ദുത്വത്തിനും ബ്രാഹ്മണിക്കല്‍ ഹെജിമണിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പക്ഷെ നിങ്ങളുടെ പാര്‍ട്ടിയുടെ നേതൃനിരയിലും ജനപ്രതിനധികള്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലുമുള്ള ദലിത് പ്രതിനിധ്യം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ അവഗണിക്കുകയാണ് പതിവ്.
നിങ്ങളുടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോവിലെ മൂന്നിലൊന്നും ബ്രാഹ്മണരാണ്; ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ഭൂവുടമകളായ ഉയര്‍ന്ന ജാതിക്കാരും. എന്തുകൊണ്ട് ഇതു വരെ പി.ബിയില്‍ ഒരു ദലിത് അംഗം ഉണ്ടായില്ല? നീണ്ട 44 വര്‍ഷത്തിനിടക്ക് ഒരു മുസ്‌ലിം പോലും നിങ്ങളുടെ പോളിറ്റ്ബ്യൂറോ അംഗമായില്ല. നിങ്ങളുടെ പാര്‍ട്ടി ബുദ്ധി ജീവികളെല്ലാം തന്നെ ബ്രാഹ്മണരോ സവര്‍ണ വിഭാഗത്തില്‍ പെട്ടവരോ ആണ്. ജനസംഖ്യയില്‍ യു.പിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പ്രാതിനിധ്യമുള്ള പശ്ചിമബംഗാളിലെ ദലിത് സമൂഹത്തിനു ആനുപാതികമായ പ്രാതിനിധ്യം പാര്‍ട്ടി സംസ്ഥാന അഖിലേന്ത്യാ നേതൃത്വങ്ങളിലില്ലാത്തത് എന്ത്‌കൊണ്ടാണ്?
സംവരണ മണ്ഡലങ്ങളില്‍ നിന്നല്ലാതെ കേരളത്തിലോ ബംഗാളിലോ പാര്‍ട്ടിക്ക് ഒരു ദലിത് സാമാജികനുണ്ടാവുന്നത് വളരെ അപൂര്‍വമാകുന്നതിന്റെ കാരണമെന്താണ്? നിങ്ങളുടെ പാര്‍ട്ടിയിലെ നേതൃത്വത്തിലും സൈദ്ധാന്തികരിലും ദലിത് പ്രാതിനിധ്യം ഇല്ലാതായി പോകുന്നതെന്നു കൊണ്ടാണ്? പ്രത്യേകിച്ച്, അംബേദ്ക്കറൈറ്റ് പ്രസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടനവധി ദലിത് നേതാക്കളും സൈദ്ധാന്തികരും രാജ്യത്തിന്റെ രാഷ്ട്രീയമേഖലയിലേക്ക് സംഭാവനകള്‍ നല്‍കുന്ന സാഹചര്യത്തില്‍.
(ദലിത് ക്യാമറയില്‍ പ്രസിദ്ധീകരിച്ചത്)