ന്യൂദല്‍ഹി: ജെ.എന്‍.യു യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലില്‍ മൂന്ന് സീറ്റിലും ഇടതുസഖ്യം ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്.
നേരത്തെ നാല് സീറ്റുകളിലും ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയായിരുന്നു മുന്നിട്ടുനിന്നിരുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പാനലുകളിലേക്ക് വോട്ടെടുപ്പ് നടന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 385 വോട്ടുകളുമായി ഇടതുമത്സരാര്‍ത്ഥിയായ ധനഞ്ജയ് പ്രസിഡന്റ് സ്ഥാനത്ത് ലീഡ് ചെയ്യുകയാണ്. ധനഞ്ജയ്ക്ക് 1982 വോട്ടും എ.ബി.വി.പി മത്സരാര്‍ത്ഥിയായ ഉമേഷ് ചന്ദ്ര അജ്മീറക്ക് 1597 വോട്ടുമാണ് ഉള്ളത്. 1741 വോട്ടുകളുമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുമത്സരാര്‍ത്ഥിയായ അവിജിത് ഘോഷ് ലീഡ് ഉയര്‍ത്തുകയാണ്. 1369 വോട്ടുകളാണ് നിലവില്‍ എ.ബി.വി.പി മത്സരാര്‍ത്ഥിയായ ദീപിക ശര്‍മ നേടിയിരിക്കുന്നത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടതു മത്സരാര്‍ത്ഥി ലീഡ് ചെയ്യുകയാണ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എ.ബി.വി.പിയുടെ ഗോവിന്ദ് ദാംഗി ഇടതു മത്സരാര്‍ത്ഥിയായ എം.ഒ. സാജിദിനെക്കാള്‍ പത്ത് വോട്ടുകള്‍ക്ക് മുന്നിലാണ്.
ഇത്തവണ നാല് സ്ഥാനങ്ങളിലേക്ക് 19 സ്ഥാനാര്‍ത്ഥികളും സ്‌കൂള്‍ കൗണ്‍സിലര്‍മാരായി 42 പേരും മത്സരരംഗത്തുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് കൂടിയാണ്.
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയെന്ന് ചൂണ്ടിക്കാട്ടി ജെ.എന്‍.യു വിദ്യാര്‍ത്ഥിനി 32 മണിക്കൂറിലധികം നിരാഹാര സമരം നടത്തിയിരുന്നു.
2019ല്‍ എ.ഐ.എസ്.എ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍), എസ്.എഫ്.ഐ (സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), ഡി.എസ്.എഫ് (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) എ.ഐ.എസ്.എഫ് (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) എന്നിവ ഉള്‍പ്പെടുന്ന യുണൈറ്റഡ്-ലെഫ്റ്റ് സഖ്യത്തിന്റെ ബാനറിന് കീഴില്‍ മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ഐഷേ ഘോഷ് പ്രസിഡന്റ് ആയി വിജയിച്ചിരുന്നു.
Content Highlight: Left alliance leads in three out of four JNU polls