സഖ്യ കക്ഷികളെ പുറത്താക്കി നേപ്പാളില്‍ മൂന്നാം തവണയും ഇടത് സഖ്യം അധികാരത്തില്‍
World
സഖ്യ കക്ഷികളെ പുറത്താക്കി നേപ്പാളില്‍ മൂന്നാം തവണയും ഇടത് സഖ്യം അധികാരത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2024, 9:32 am

കാഠ്മണ്ഡു: നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ. പിന്നാലെ മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പി. ശര്‍മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുമായി ചേര്‍ന്ന് പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. ഇത് മൂന്നാം തവണയാണ് സി.പി.എന്‍.യു.എം.എല്ലുമായി ചേര്‍ന്ന് പ്രചണ്ഡ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

നേപ്പാളി കോണ്‍ഗ്രസുമായി ഒരു വര്‍ഷമായി തുടരുന്ന സഖ്യമാണ് മുന്‍ ഗറില്ല നേതാവ് പ്രചണ്ഡ അവസാനിപ്പിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായതോടെയാണ് തീരുമാനം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൃഷ്ണ സിതൗളയെ ദേശീയ അസംബ്ലി ചെയര്‍മാനാക്കണമെന്ന് നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ദ്യൂബ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായത്.

നേപ്പാളി കോണ്‍ഗ്രസ് പ്രധാനമന്ത്രിയുമായി സഹകരിക്കാത്തതിനാലാണ് പുതിയ സഖ്യ രൂപീകരണത്തിന് പാര്‍ട്ടി നിര്‍ബന്ധിതരായതെന്ന് സി.പി.എന്‍- മാവോയിസ്റ്റ് സെക്രട്ടറി ഗണേഷ് ഷാ പറഞ്ഞു. സഖ്യ രൂപീകരണത്തിന് ശേഷം പുതുതായി മൂന്ന് മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

രാഷ്ട്രപതിയുടെ ഓഫീസായ ശീതള്‍ നിവാസിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. അതേസമയം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനകാര്യം തുടങ്ങിയ 25 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രി തന്നെയാണ്. 275 അംഗ സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് പ്രചണ്ഡയുടെ മാവോയിസ്റ്റ് കേന്ദ്രം. 89 അംഗങ്ങളുള്ള നേപ്പാളി കോണ്‍ഗ്രസാണ് ഏറ്റവും വലിയ പാര്‍ട്ടി. 78 സീറ്റുകളുള്ള സി.പി.എന്‍.യു.എം.എല്‍ രണ്ടാമതാണ്. 21 അംഗങ്ങളുള്ള ആര്‍.എസ്.പി നാലാമതാണ്.

നേപ്പാളിലെ ഈ രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് മുമ്പ് ചൈന പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയും യു.എസും സഖ്യത്തെ എതിര്‍ത്തിരുന്നു. പുതിയ സഖ്യകക്ഷി നേതാക്കള്‍ തിങ്കളാഴ്ച ഒപ്പുവച്ച കരാര്‍ പ്രകാരം ഓരോ പാര്‍ട്ടിക്കുമായി ഒരു ഉപപ്രധാനമന്ത്രി കൂടി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, പ്രചണ്ഡയില്‍ നിന്നും ഈ വിശ്വാസവഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്ന് നേപ്പാളി കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ദേബ പറഞ്ഞു. സി.പി.എന്‍.യു.എം.എല്ലുമായി ചേര്‍ന്ന് വിശാല ഇടത് സഖ്യമുണ്ടാക്കിയെങ്കിലും ഒലിയുമായി മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രചണ്ഡ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രചണ്ഡയുടെ സര്‍ക്കാരിനുള്ള പിന്തുണ ഒലി പിന്‍വലിച്ചിരുന്നു.

Contant Highlight: Left alliance in power for 3rd time as Nepal PM dumps allies