| Saturday, 23rd November 2024, 12:38 pm

ജാര്‍ഖണ്ഡില്‍ രണ്ടിടത്ത് സി.പി.ഐ.എം.എല്‍; മഹാരാഷ്ട്രയില്‍ ഒരിടത്ത് സി.പി.ഐ.എം; ദേശീയ തലത്തില്‍ ഇടതുമുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ തലത്തില്‍ ഇടത് മുന്നേറ്റം. ജാര്‍ഖണ്ഡില്‍ രണ്ട് മണ്ഡലങ്ങളിലാണ് സി.പി.ഐ (എം.എല്‍) ലിബറേഷന്‍ മുന്നേറുന്നത്. സിന്ദ്രി, നിര്‍സ എന്നീ മണ്ഡലങ്ങളിലാണ് ഇടതു പാര്‍ട്ടി ലീഡ് ചെയ്യുന്നത്.

നിര്‍സയില്‍ സി.പി.ഐ (എം.എല്‍) ലിബറേഷന്റെ അരൂപ് ചാറ്റര്‍ജി 2727 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്. 56819 വോട്ടുകളാണ് ഇതുവരെ അരൂപ് ചാറ്റര്‍ജി നേടിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അപര്‍ണ സെന്‍ഗുപ്ത 54092 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അപര്‍ണ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് അരൂപ് ചാറ്റര്‍ജി ലീഡ് ഉയര്‍ത്തുകയാണ്.

സിന്ദ്രിയില്‍ 70164 വോട്ടുകളുമായി സി.പി.ഐ (എം.എല്‍) ലിബറേഷന്റെ ചന്ദ്രാദെയോ മഹതോയാണ് മുന്നില്‍. 4336 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡ് തുടരുന്നത്.

65828 വോട്ടുകളുമായി ബി.ജെ.പിയുടെ താര ദേവിയാണ് സിന്ദ്രിയില്‍ രണ്ടാം സ്ഥാനത്ത്. എന്‍.സി.പി, ബി.എസ്.പി അടക്കമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേരെ പിന്തള്ളിയാണ് ചന്ദ്രാദെയോ സിന്ദ്രിയില്‍ മുന്നേറുന്നത്.

അതേസമയം മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളില്‍ സി.പി.ഐ.എം ലീഡ് ഉയര്‍ത്തുകയാണ്. കന്‍വാന്‍, ദഹാനു എന്നീ മണ്ഡലങ്ങളിലാണ് സി.പി.ഐ.എം ലീഗ് തുടരുന്നത്.

കന്‍വാനില്‍ സി.പി.ഐ.എമ്മിന്റെ ജീവ പാണ്ഡുവാണ് മുന്നില്‍. 3978 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡ് തുടരുന്നത്. ഇതുവരെ ജീവ പാണ്ഡു നേടിയത് 32664 വോട്ടുകളാണ്.

കന്‍വാനില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി നിതിന്‍ഭൗ അര്‍ജുന്‍ (എ.ടി.) പവാറാണ് രണ്ടാം സ്ഥാനത്ത്. 28686 വോട്ടുകളാണ് നിതിന്‍ഭൗ അര്‍ജുന്‍ ഇതുവരെ നേടിയത്. ദഹാനുവില്‍ 3764 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സി.പി.ഐ.എമ്മിന്റെ വിനോദ് ഭിവ നിക്കോള്‍ മുന്നിലാണ്.

53726 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. ബി.ജെ.പിയുടെ മേധ വിനോദ് സുരേഷാണ് ദഹാനുവില്‍ രണ്ടാം സ്ഥാനത്ത്. 49962 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്.

Content Highlight: Left advance at national level in assembly elections

We use cookies to give you the best possible experience. Learn more