കോഴിക്കോട്: മീഡിയ വണ്ണിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രനടപടിയില്‍ പ്രതിഷേധമറിയിച്ച് ഇടത് സാംസ്‌കാരികപ്രവര്‍ത്തകരായ കെ.ടി. കുഞ്ഞിക്കണ്ണന്‍, അശോകന്‍ ചരുവില്‍ എന്നിവര്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പിന്റെ നടപടിയെ വിമര്‍ശിക്കുന്നത്.
മീഡിയ വണ്‍ തങ്ങളുടെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു എന്നറിയിക്കുന്ന പോസ്റ്റ് പങ്കുവെച്ചായിരുന്നു വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്.
മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേല്‍ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ-ജനാധിപത്യ നിലപാടുകളുയര്‍ത്തി പ്രതിരോധമുയര്‍ത്തണമെന്നായിരുന്നു കെ.ടി. കുഞ്ഞിക്കണ്ണന്‍ പോസ്റ്റില്‍ പറഞ്ഞത്.
‘മീഡിയാവണിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നീക്കങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നേരെ സംഘപരിവാര്‍ സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ നിലപാടുകളില്‍ നിന്ന് ഐക്യപ്പെടുക. പ്രതിരോധമുയര്‍ത്തുക,’ കെ.ടി. കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മീഡിയാവണ്ണിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇത് ആവിഷ്‌ക്കാരത്തിനും പത്രമാധ്യമസ്വാതന്ത്ര്യത്തിനുമെതിരെ സംഘപരിവാര്‍ കുറേ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണെന്നുമായിരുന്നു പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി കൂടിയായ അശോകന്‍ ചരുവില്‍ കുറിച്ചത്.
ഈ ഈ ഘട്ടത്തിലെങ്കിലും ജനാധിപത്യ മതേതര ശക്തികളുടെ ഐക്യമാണ് സംഘപരിവാര്‍ ഭരണഭീകരതക്കെതിരായ ശരിയായ പ്രതിരോധം എന്ന് മനസ്സിലാക്കണമെന്നും എതിര്‍വര്‍ഗീയത ഉയര്‍ത്തിക്കൊണ്ട് ജനാധിപത്യ ഐക്യത്തെ തടസപ്പെടുത്താനുള്ള നീക്കങ്ങളില്‍നിന്ന് ന്യൂനപക്ഷത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പിന്മാറുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവരെക്കൂടാതെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ മീഡിയ വണ്ണിനെതിരായ നടപടിയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്നായിരുന്നു മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കിയത്. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.
നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് അന്ന് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കേബില്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരുന്നത്.
Content Highlight: Left Activists KT Kunjikkannan and Ashokan Charuvil Supports Media One TV