| Thursday, 11th February 2021, 5:12 pm

ബംഗാളില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. ജോലി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ മാര്‍ച്ചിനെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും ടിയര്‍ ഗ്യാസും ഉപയോഗിച്ചാണ് നേരിട്ടത്.

മാര്‍ച്ച് നേരിടാന്‍ വന്‍ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. രണ്ട് വരി ബാരിക്കേഡുകള്‍ തയ്യാറാക്കി വെച്ച പൊലീസ് വിദ്യാര്‍ത്ഥികളെ എസ്.എന്‍ ബാനര്‍ജി റോഡില്‍ വെച്ച് തന്നെ തടയുകയായിരുന്നു.

മമത സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ഭാവി ഇരുട്ടിലാക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക, യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുക, തൃണമൂല്‍-ബി.ജെ.പി സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം.

കോളേജ് സ്ട്രീറ്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ബാരിക്കേഡുകള്‍ മാറ്റി മുന്നോട്ടുപോകാന്‍ ശ്രമിക്കവെയാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. 

പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇടത് നേതാക്കള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Left activists clash with police in Kolkata during march over jobs

We use cookies to give you the best possible experience. Learn more