| Friday, 2nd December 2011, 9:20 pm

‘സിനിമ എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമാണ്’

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെങ്കടലിന്റെ ചിത്രീകരണത്തിനിടെ ലീന മണിമേഖലയും സംഘവും

ഇന്ത്യന്‍ സിനിമ സ്വയം ഉണ്ടാക്കിയെടുത്ത ഈ ചട്ടക്കൂടുകള്‍ ഖണ്ഡിച്ച് സഞ്ചരിച്ച സംവിധായകര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഈ ചെറുപ്രായത്തിനുള്ളില്‍ തന്നെ അക്കൂട്ടത്തിലിടം തേടാന്‍ കഴിഞ്ഞുവെന്നത് ലീന മണിമേഖലയുടെ വിജയമാണ്. കൂടുതല്‍ അംഗീകരിക്കപ്പെട്ടത് മറുനാട്ടിലാണെങ്കിലും ജന്മനാട്ടിന് ഒരിക്കലും ലീനയെയും സിനിമാ ലോകത്തിന് അവര്‍ നല്‍കിയ സംഭാവനയെയും എഴുതി തള്ളാനാവില്ല.

ലീനയ്ക്ക് സിനിമയൊരു മാര്‍ക്കറ്റിംഗ് ഉപാധിയല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഈ രാഷ്ട്രീയത്തിന് താന്‍ നല്‍കേണ്ടിവരുന്ന വില എന്താകുമെന്നോര്‍ത്ത് ലീന ഭയക്കുന്നില്ല. അവര്‍ പറയുന്നു ” എനിക്കറിയാം വെറുക്കപ്പെട്ടവളാവേണ്ടതിന്റെ പ്രാധാന്യം.” ലങ്കയിലെ തമിഴ് പ്രശ്‌നത്തിന്റെ രാഷ്ട്രീയം പറയുന്ന ലീനയുടെ സെങ്കടല്‍ ഇത്തവണത്തെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധേയമായി.

“മതമ്മ”യില്‍ നിന്നും “സെങ്കടലി”ലേക്കുള്ള ദൂരം

2002: വാടകയ്‌ക്കെടുത്ത വണ്ടിയും ക്യാമറ സജ്ജീകരണങ്ങളും, ഒരു ലക്ഷം രൂപയുമായി ആറക്കോണത്തിനടുത്തുള്ള മാങ്കാട്ടുചേരി ഗ്രാമത്തില്‍ മണിമേഖല ഇറങ്ങി. പെണ്‍കുട്ടികളെ മാതമ്മ ദേവിക്ക് സമര്‍പ്പിക്കുന്ന ആചാരം ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു ആചാരമായിരുന്നു ഇത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ദേവദാസി സമ്പ്രദായം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ക്ഷേത്രത്തിന് നല്‍കുന്നു. ഇവരെ പിന്നീട് പുരോഹിതന്‍മാരും സമുദായവും ചൂഷണം ചെയ്യും. പത്തും, ഇരുപതും രൂപയ്ക്ക് ലൈംഗികചൂഷണത്തിന് വിധേയരാവേണ്ടിവരുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ മണിമേഖല പകര്‍ത്തി.

ഒരു സിനിമയാക്കുക എന്ന ഉദ്ദേശമൊന്നും മനസിലുണ്ടായിരുന്നില്ല. എന്നിട്ടും ഒരു ദിവസം ചിത്രീകരിക്കാന്‍ കഴിയുന്ന ദൃശ്യങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ചെന്നൈയില്‍ തിരിച്ചെത്തിയ, മണിമേഖല ഫ്രീലാന്‍സായി ജോലിചെയ്തു. ഇതിനിടയില്‍ തന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ക്ക് സിനിമാ രൂപം നല്‍കാനുള്ള ശ്രമവും നടന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാനും ശബ്ദമിശ്രണത്തിനും ചില സുഹൃത്തുക്കളുടെ സഹായം തേടി. അങ്ങനെ 16 മിനിറ്റ് ദൈര്‍ഘ്യം വരുന്ന അരുന്ധതിയാര്‍ കമ്മ്യൂണിറ്റിയെ ക്കുറിച്ച് “മാതമ്മ” എന്ന ഡോക്യുമെന്ററി പൂര്‍ത്തിയാക്കി. എല്ലാവരില്‍ നിന്നും അധിക്ഷേപം മാത്രം. സ്വന്തം കുടുംബത്തില്‍ നിന്നുപോലും കുത്തുവാക്കുകള്‍. പക്ഷെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധ ഈ ചിത്രത്തിനു ലഭിച്ചു. കുട്ടികളോടുള്ള മനുഷ്യത്വ രഹിതമായ സമീപനത്തിന് ഈ ചിത്രമൊരു തെളിവായെടുത്തു. ഇതിനുശേഷം പോലീസ് നടപടികളുമുണ്ടായി.

2004: തമിഴ്‌നാട്ടിലെ ദളിത് യുവതികള്‍ക്കുനേരെയുള്ള ക്രൂരതകള്‍ പ്രമേയമാക്കി ഒരു ചിത്രമെടുക്കാനായി മണിമേഖല സിരുതോണ്ടമാദേവി ഗ്രാമത്തിലെത്തി. “പറയ്” എന്ന 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം. ചിത്രം തയ്യാറായതിന് തൊട്ടുപിന്നാലെ രാഷ്ട്രീയക്കാരുടെ ഭീഷണിയും ഉന്നതകുല ജാതരുടെ ചീത്തവിളിയും. ഉന്നതകുല ജാതയായ ഇവള്‍ തങ്ങളെ കരിവാരിതേക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ദളിതരും ആക്രമണം തുടങ്ങി. എന്നാല്‍ ജില്ലാ കലക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ദളിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ 17 ഉയര്‍ന്ന ജാതിക്കാരെ അറസ്റ്റുചെയ്തു. അങ്ങനെ “പറയി”യും ലക്ഷ്യം കണ്ടു.

ഈ രണ്ടു ഡോക്ടുമെന്ററികളും നേടിയ വന്‍വിജയമാണ് ഒരു മുഴുനീള സിനിമയെടുക്കുക എന്ന മണിമേഖലയുടെ മോഹത്തിന് ഊര്‍ജ്ജം പകര്‍ന്നത്.

സെങ്കടല്‍

ശ്രീലങ്കയുടെ ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ പ്രദേശമായ ധനുഷ്‌കോടിയിലെ മത്സ്യത്തൊഴിലാളികളുടെ യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ് സെങ്കടല്‍. തമിഴ്‌നാട്ടില്‍ ഇതിനകം തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു മണിമേഖലയുടെ 102 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ.

ലങ്കയില്‍ എല്‍.ടി.ടി.ഐ പോരാട്ട കാലത്ത് മത്സ്യബന്ധത്തിനായി പുറംകടലിലേക്ക് പോകുന്ന തൊഴിലാളികള്‍ ലങ്കന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത് നിത്യസംഭവമായിരുന്നു. തീവ്രവാദികളെന്നോ അക്രമികളെന്നോ, ചാരന്‍മാരെന്നോ, കള്ളക്കടത്തുകാരെന്നോ പറഞ്ഞ് ഇവരുടെ കൈകാലുകള്‍ വെട്ടുകയോ, വെടിവെക്കുകയോ ചെയ്യും. നിലനില്‍പ്പിനുവേണ്ടി പോരാടുന്ന, ഇന്ത്യയിലെയും ലങ്കയിലെയും ഈ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയാണ് സെങ്കടലില്‍ ദൃശ്യവത്കരിച്ചിട്ടുള്ളത്.

അത്യന്തം വൈകാരികവും മനുഷ്യമനസുകളെ ഏറെ സ്വാധീനിക്കുകയും ചെയ്യുന്ന ചിത്രം. ധനുഷ്‌കോടിയിലെ മത്സ്യത്തൊഴിലാളികളുടെ നാവില്‍ നിന്നും കേട്ട കഥകള്‍കൊണ്ടാണ് മണിമേഖല കഥയും തിരക്കഥയും തയ്യാറാക്കിയത്. ഇവിടുത്തെ തൊഴിലാളികളും അഭയാര്‍ത്ഥികളും കഥാപാത്രങ്ങളായി ക്യാമറക്കുമുന്നിലെത്തി. സെന്‍സര്‍ബോര്‍ഡുമായി മാസങ്ങള്‍ യുദ്ധം ചെയ്ത ശേഷമാണ് ചിത്രം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിച്ചത്. ചിത്രത്തല്‍ ഇന്ത്യന്‍ സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ഇന്ത്യയും ലങ്കയും തമ്മിള്ള നല്ല ബന്ധത്തെ ഇത് ബാധിക്കുമെന്നായിരുന്നു ഇവരുടെ വാദം.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ടോക്കിയോയില്‍ നടന്ന ഏഷ്യന്‍ വുമണ്‍ ഫിലിം ഓഫ് 2011ല്‍ നെറ്റ് വര്‍ക്ക് ഓഫ് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍സ് അവാര്‍ഡ് നേടി. ഡര്‍ബന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സെങ്കടല്‍ കണ്ട യു.എസ് മനുഷ്യാവകാശ കമ്മീഷന്റെ ഹൈക്കമ്മീഷണര്‍ നവി പിള്ളൈ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ സേന നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ സാക്ഷിയാണ് സെങ്കടലെന്നാണ്.

കലാസൗന്ദര്യപരമായ നേട്ടമല്ല സെങ്കടല്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ മണിമേഖലയെ സംബന്ധിച്ച് സെങ്കടലിന്റെ വിഷയത്തിന് കലാസൗന്ദര്യത്തേക്കാള്‍ പ്രാധാന്യമുണ്ട്. “ഒരു സിനിമയുടെ കലാപരമായ വൈദഗ്ധ്യം സെങ്കടലിനുണ്ടാവില്ല. എന്നാല്‍ എന്റെ കലാപരമായ മോഹങ്ങള്‍ക്ക് വിരുദ്ധമായി വിഷയത്തില്‍ മാത്രം ശ്രദ്ധയൂന്നുക എന്നതായിരുന്നു ഞാന്‍ നേരിട്ട പരീക്ഷണം.” മണിമേഖല പറയുന്നു.

മധുരൈയിലെ മഹരാജപുരം എന്ന ഉള്‍ഗ്രാമത്തിലാണ് മണിമേഖല ജനിച്ചുവളര്‍ന്നത്. വിദ്യാഭ്യാസപരമായി ഒട്ടും പുരോഗതിയില്ലാത്ത, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മേധാവിത്വമുള്ള മേഖലയാണിത്. ഒരു കോളേജ് ലക്ചറായിരുന്നു മണിമേഖലയുടെ അച്ഛന്‍.

ഒരു സാധാരണ ഗ്രാമീണ പെണ്‍കുട്ടിയെന്ന നിലയില്‍ നിന്നും സ്‌ക്കൂളിലേയും കോളേജിലെയും ഏറ്റവും മിടുക്കിയായ കുട്ടിയെന്ന വളര്‍ച്ചയാണ് മണിമേഖലയുടെ ജീവിതത്തിലെ വഴിത്തിരിവായത്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ അവരെ അമ്മാവന് (അമ്മയുടെ സഹോദരന്‍) വിവാഹം കഴിച്ചുനല്‍കുക എന്ന ആചാരം നിലനില്‍ക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു മണിമേഖല. ഇതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു പഠിച്ച് യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡറായത്. പക്ഷെ ഇതിനൊന്നും വീട്ടുകാരുടെ മനസ് മാറ്റാന്‍ കഴിഞ്ഞില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധുങ്ങള്‍ മുന്നോട്ടുപോയി. അങ്ങനെ 18വയസില്‍ മധുരയിലെ എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്നകാലത്ത് ചെന്നൈയിലേക്ക് നാടുവിട്ടു. അവിടെ നിന്നും നേരെ പോയത് പ്രശസ്ത തമിഴ്മാഗസീനായ വികടന്റെ ഓഫീസിലേക്കാണ്. എന്തെങ്കിലും ജോലിതരുമോയെന്ന് ചോദിച്ചു.

എന്നാല്‍ മണിമേഖലുയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായാണ് അവര്‍ ചെയ്തത്. വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. എന്നാല്‍ അമ്മാവനെ വിവാഹം കഴിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മണിമേഖല മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ വിവാഹത്തിനൊപ്പം പഠനവും പാതി വഴിയിലായി. പിന്നീട് 20വയസില്‍ ചെന്നൈയില്‍ തിരിച്ചെത്തിയ മണിമേഖല ഭാരതിരാജയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. അക്കാലത്ത് ഇവര്‍ തമ്മിലുള്ള ബന്ധം മഞ്ഞപത്രങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തകള്‍ മണിമേഖലയുടെ കുടുംബത്തിലും ചലനങ്ങളുണ്ടാക്കി. അമ്മ നിരാഹാരസമരം നടത്തി. അവസാനം ഭാരതിരാജയുമായും സിനിമയുമായുമുള്ള ബന്ധം അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് എഞ്ചിനിയറായും മറ്റും ജോലിചെയ്‌തെങ്കിലും തന്റെ മേഖല സിനിമയാണെന്ന് കണ്ടെത്തി അവസാനം അവിടെ തന്നെ തിരിച്ചെത്തി.

സെങ്കടല്‍ എന്ന ചിത്രത്തിലൂടെ മണിമേഖല പറയുന്നത് മത്സ്യത്തൊഴിലാളികളുടെ കഥമാത്രമല്ല. ഇന്ത്യ സിനിമയില്‍ ഇനിയും ഒരുപാട് നല്ല സിനിമകള്‍ വരുമെന്നുകൂടിയാണ്. അവയ്ക്കായി പ്രേക്ഷകര്‍ക്ക് കാത്തിരിക്കാം.

കടപ്പാട്: ഡി.എന്‍.എ

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

Malayalam news,Kerala News in English

Latest Stories

We use cookies to give you the best possible experience. Learn more